ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടാക്കാൻ നിർദേശിച്ചതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയേഴ്സ് റാഷിദ് ഖമീസ് അലിയാണെന്നു സ്വപ്ന സുരേഷിന്റെ മൊഴി. പലർക്കും തന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു. രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്തും.

ശിവശങ്കറുമായി തനിക്കും കുടുംബത്തിനും അടുത്തകാലം വരെ നല്ല അടുപ്പമുണ്ടായിരുന്നു. എന്നാൽ ഇളയ സഹോദരന്റെ വിവാഹ പാർട്ടിക്കിടയിലുണ്ടായ ഒരു സംഭവം ബന്ധത്തിൽ വിള്ളലുണ്ടാക്കി. എന്നാൽ ഔദ്യോഗിക അടുപ്പം പിന്നീടും നിലനിർത്തി. സ്വർണക്കടത്തിൽ ശിവശങ്കറിനു ബന്ധമുണ്ടോയെന്ന ചോദ്യത്തിന് ‘ഇല്ല’എന്നായിരുന്നു സ്വപ്നയുടെ മറുപടി. കോൺസുലേറ്റിന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ ശിവശങ്കർ അടക്കമുള്ളവരുമായുള്ള അടുപ്പം ഉപകാരപ്പെട്ടിട്ടുണ്ട്.

അറബിക്കും ഇംഗ്ലിഷും അടക്കം 6 ഭാഷകൾ അറിയാവുന്നതിനാലാണ് കോൺസുലേറ്റിൽ ജോലി ലഭിച്ചത്. പിതാവ് ജോലി ചെയ്തിരുന്നത് അബുദാബിയിലെ രാജകുടുംബത്തിന്റെ വസതിയിലായതിനാൽ ജനിച്ചതും 18 വയസ്സുവരെ വളർന്നതും അവിടെയാണെന്നും സ്വപ്ന മൊഴി നൽകി.

എന്നാൽ സ്വർണക്കടത്ത് ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന്റെയും അറിവോടെയാണെന്നും തെളിവുകൾ നൽകാമെന്നും കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് മൊഴി നൽകി. യുഎഇ കോൺസുലേറ്റിലെ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്നാണു സരിത്തിന്റെ നിലപാട്.

എൻഐഎ, കസ്റ്റംസ് സംഘങ്ങൾ മുൻകൂട്ടി തയാറാക്കിയ 60 ചോദ്യങ്ങൾക്കാണു പ്രതികളിൽ നിന്ന് ഉത്തരം തേടുന്നത്. സന്ദീപിന്റെ മുഴുവൻ മൊഴികളും യുഎഇ ഷാർഷ് ദ് അഫയറിന് എതിരാണ്. എന്നാൽ തെളിവു കൈവശമില്ല. അതു മുഴുവൻ സ്വപ്നയുടെയും സരിത്തിന്റെയും പക്കലുണ്ടെന്നാണു സന്ദീപ് പറയുന്നത്.

ശിവശങ്കറിനെതിരെ മൊഴി: തെളിവില്ല, അന്വേഷിക്കും

കൊച്ചി ∙ നയതന്ത്ര പാഴ്സലിൽ ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പുറത്തു കടത്താൻ സ്വപ്നയെ എം. ശിവശങ്കറും സഹായിച്ചിട്ടുണ്ടെന്ന ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ സത്യാവസ്ഥ എൻഐഎ പരിശോധിക്കും. ആരോപണമുന്നയിച്ചെങ്കിലും തെളിവു കൈമാറാൻ സരിത്തിനു കഴിഞ്ഞിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ശിവശങ്കറിനെ കേസിൽ പ്രതിചേർക്കാനുള്ള തെളിവില്ലെന്നാണു കസ്റ്റംസിന്റെയും നിലപാട്.

English Summary: Diplomatic Baggage Gold Smuggling case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com