ADVERTISEMENT

∙ രാവിലെ 6.00. സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്നയും സന്ദീപുമായി എൻഐഎ സംഘം 2 വാഹനങ്ങളിൽ കൊച്ചിയിൽനിന്നു തിരുവനന്തപുരത്തേക്ക്.

∙ രണ്ടു പ്രതികളെയും വ്യത്യസ്ത സമയങ്ങളിലാണു എല്ലായിടത്തും തെളിവെടുപ്പിനായി എത്തിച്ചത്. 12.20 ന് സന്ദീപിനെ ആദ്യം എത്തിച്ചത് സെക്രട്ടേറിയറ്റിനു സമീപം ഹെദർ ഫ്ലാറ്റിൽ. പുറത്തിറക്കിയില്ല. ഉദ്യോഗസ്ഥർ മാത്രം ഫ്ലാറ്റിനുള്ളിലേക്ക്. പാർക്കിങ് ഏരിയയിൽ സന്ദീപിനോട് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾ. 8 മിനിറ്റ് ഇവിടെ ചെലവഴിച്ചു.

∙ ഹെദർ ഫ്ലാറ്റിൽനിന്നു വെള്ളയമ്പലം ആൽത്തറയിലെ സ്വപ്നയുടെ ഫ്ലാറ്റിലേയ്ക്കും തുടർന്ന് പിടിപി നഗറിൽ സ്വപ്ന താമസിച്ച വാടക വീട്ടിലേയ്ക്കും സന്ദീപിനെ എത്തിച്ചു. പുറത്തിറക്കിയില്ല. 10 മിനിറ്റിനു ശേഷം സംഘം മടങ്ങി. തുടർന്ന് കേശവദാസപുരത്തെത്തി. സമയം സ്വപ്നയുമായി എൻഐഎയുടെ മറ്റൊരു സംഘം വേറെ വാഹനത്തിൽ ഇവിടെ എത്തി. ഇവിടെ വച്ച് സംഘം രണ്ടു വഴികളിലേക്കു പോയി.

∙ സ്വപ്ന സുരേഷിനെ അമ്പലംമുക്കിലെ ഫ്ലാറ്റിൽ എത്തിച്ചു. ഒടുവിൽ താമസിച്ചത് ഇവിടെ. സ്വപ്നയെ വാഹനത്തിൽ നിന്ന് ഇറക്കി ഫ്ലാറ്റിനുള്ളിലേക്കു കൊണ്ടു പോയി. 25 മിനിറ്റ് ചെലവഴിച്ചു. ഒളിവിൽ പോകും മുൻപ് സ്വപ്നയും സന്ദീപും കൂടിക്കാഴ്ച നടത്തിയത് ഈ ഫ്ലാറ്റിലാണെന്നു കണ്ടെത്തിയിരുന്നു. തുടർന്നു സ്വപ്നയെ പേരൂർക്കട എസ്എപി ക്യാംപിനു അടുത്തുള്ള പൊലീസ് ക്ലബ്ബായ ‘അഗസ്ത്യ’യിൽ എത്തിച്ചു. 

∙ സ്വപ്നയുമായി അമ്പലംമുക്കിലെ ഫ്ലാറ്റിൽ തെളിവെടുപ്പു നടത്തുമ്പോൾ, മറ്റൊരു വാഹനത്തിൽ സന്ദീപിനെ അരുവിക്കര പത്താം മൈലിലെ കുടുംബ വീട്ടിൽ എത്തിച്ചു. സന്ദീപിനെ വാഹനത്തിൽ നിന്നു പുറത്തിറക്കി. സന്ദീപിന്റെ അമ്മയുമായി ഉദ്യോഗസ്ഥർ സംസാരിച്ചു. വീടിനുള്ളിൽ സന്ദീപിനെ ചോദ്യം ചെയ്തു. മറുപടി രേഖപ്പെടുത്തി. തുടർന്നു പൊലീസ് ക്ലബ്ബിൽ എത്തിച്ചു.

∙ സന്ദീപുമായി കുറവൻകോണത്തെ ‘സ്പെക്ട്രം’ സ്റ്റുഡിയോയിൽ. കോൺസുലേറ്റിന്റെ പേരിൽ വ്യാജ സീലും രേഖകളും തയാറാക്കിയത് ഇവിടെ വച്ചെന്നു സരിത് മൊഴി നൽകിയിരുന്നു. എൻഐഎ തെളിവെടുപ്പിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരും സ്റ്റുഡിയോയിലെത്തി. 10 മിനിറ്റിനു ശേഷം സംഘം തിരികെ പൊലീസ് ക്ലബിൽ.

∙ പൊലീസ് ക്ലബ്ബിൽ എൻഐഎ ഉദ്യോഗസ്ഥർ സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തു. വൈകിട്ട് 7.15 ന് എൻഐഎ സംഘം പ്രതികളുമായി കൊച്ചിയിലേക്കു പുറപ്പെട്ടു.

English Summary: Diplomatic Baggage Gold Smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com