ADVERTISEMENT

തിരുവനന്തപുരം ∙ യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിന്റെ നീക്കങ്ങളും ആത്മഹത്യാ ശ്രമവും എൻഐഎയും പരിശോധിക്കുന്നു. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും ജൂൺ, ജൂലൈ മാസങ്ങളിൽ നിരന്തരം ജയഘോഷ് വിളിച്ചതിന്റെ വിവരങ്ങളാണ് എൻഐഎ ശേഖരിച്ചത്. കേസിൽ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ തുടക്കം മുതൽ ജയഘോഷ് ഉണ്ടായിരുന്നുവെന്നാണ് സൂചന. 

ജയഘോഷിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ കസ്റ്റംസും പൊലീസും ശേഖരിക്കുന്നുണ്ട്. അതേസമയം, ജയഘോഷിനെ ഏറ്റവും അവസാനം വിളിച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ലെയ്സൺ ഓഫിസർ നാഗരാജിനെയും കേന്ദ്ര ഏജൻസികൾ നിരീക്ഷണത്തിലാക്കി. 

ഇൗ ഉദ്യോഗസ്ഥന്റെ ഫോൺ വിളികളും പരിശോധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്നാൽ, സിവിൽ പൊലീസ് ഓഫിസറായ നാഗരാജിനെ ലെയ്സൺ ഓഫിസറായി തീരുമാനിച്ചിട്ടില്ലെന്നും വലിയതുറ പൊലീസ് സ്റ്റേഷനിലാണ് നിയമിച്ചിട്ടുള്ളതെന്നുമാണു പൊലീസ് നൽകുന്ന വിവരം.

നേരത്തെ മന്ത്രി എ.കെ. ബാലൻ വിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാനോ നടപടിക്രമങ്ങൾ ചെയ്യുന്നതിനോ ആരുമുണ്ടായില്ലെന്ന പരാതി വന്നിരുന്നു. അന്ന് നടന്ന രഹസ്യാന്വേഷണത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും ഉന്നതരേക്കാൾ കൂടുതൽ മറ്റു പ്രമുഖരെയാണ് പൊലീസ് ഡ്യൂട്ടിയിലുള്ള ചിലർ പരിഗണിക്കുന്നതെന്നു കണ്ടെത്തി. തുടർന്നു നാഗരാജ് എന്ന സിവിൽ പൊലീസ് ഓഫിസറെ തിരിച്ചുവിളിച്ചു. പിന്നീട് ലെയ്സൺ ഓഫിസറായി ഇയാളെ നിയമിച്ചോയെന്നതിൽ പൊലീസിന് പോലും വ്യക്തതയില്ല. ഇക്കാര്യങ്ങളൊക്കെ എൻഐഎയുടെ അന്വേഷണത്തിൽ ഇടംപിടിക്കുകയാണ്. 

ഇതേസമയം, കൈഞരമ്പ് മുറിച്ച നിലയിൽ കണ്ട ജയഘോഷിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി. തനിക്ക് ഭീഷണിയുണ്ടെന്ന പരാതി പൊലീസിന് നൽകിയിട്ടില്ലാത്തതിനാൽ അക്കാര്യത്തിൽ അന്വേഷണം ഇല്ലെന്നു കഴക്കൂട്ടം അസി. കമ്മിഷണർ ആർ.അനിൽകുമാർ പറഞ്ഞു. 

English Summary: NIA monitoring Jayaghosh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com