സമ്പർക്കം 60%: സർക്കാർ കണക്കുകൂട്ടിയത് 30%

covid recovery
SHARE

തിരുവനന്തപുരം ∙ സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ തോത് സർക്കാരിന്റെ കണക്കുകൂട്ടലുകൾ മറികടക്കുന്നു. ഇവരുടെ തോത് മൊത്തം കേസുകളുടെ 30 ശതമാനത്തിൽ താഴെ നിർത്തുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴത് 60 ശതമാനമായി.

കേരളത്തിനു പുറത്തു നിന്നു വരുന്നവരുടെ കുടുംബാംഗങ്ങളായിരിക്കും സമ്പർക്ക ബാധിതരിൽ ഏറെയുമെന്ന കണക്കുകൂട്ടലും തെറ്റി. മേയ് 4നു ശേഷം പുറത്തുനിന്നു വന്നവരിൽ 9272 പേർ പോസിറ്റീവ് ആയെങ്കിൽ സമ്പർക്ക കേസുകൾ 13,842 ആണ്. പുറത്തു നിന്നു വരുന്നവരുമായുള്ള ഗാർഹിക സമ്പർക്കം മൂലമല്ല പോസിറ്റീവ് കേസുകൾ വർധിക്കുന്നതെന്നു വിദഗ്ധസമിതി ചെയർമാൻ ഡോ. ബി. ഇക്ബാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ അറിയിച്ചു. 

വീടിനു പുറത്തു നിന്നാണു വൈറസ് ബാധ. ചില ജില്ലകളിൽ സമ്പർക്ക കേസുകളുടെ തോതു വളരെയേറെയാണ്. തിരുവനന്തപുരം ജില്ലയിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, കടകമ്പോളങ്ങളിൽ ജോലി ചെയ്യുന്നവരെ പരിശോധനയ്ക്കു വിധേയമാക്കണം.

കടകളിൽ ഒരേസമയം കൂടുതൽ ആളുകൾ എത്തുന്നതു തടയാൻ ഫോൺ ബുക്കിങ് പ്രോത്സാഹിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ആവശ്യമുള്ള സാധനങ്ങൾ കടയിലേക്കു ഫോണിൽ വിളിച്ചുപറയുകയും അവ പാക്കറ്റിലാക്കി വച്ചശേഷം കടയിൽനിന്ന് ഫോണിൽ അറിയിക്കുകയും ചെയ്യുകയെന്ന നിർദേശമാണു ചർച്ചയിൽ വന്നത്.

പുതുതായി 1162

തിരുവനന്തപുരം ∙ വ്യാഴാഴ്ച ഉൾപ്പെടുത്താനാകാതെ പോയ കണക്കും ചേർത്ത് സംസ്ഥാനത്ത് 1310 പേർ കൂടി കോവിഡ് പോസിറ്റീവ്. ഉറവിടം അറിയാത്ത 36 പേരടക്കം 1162 പേരാണു സമ്പർക്കബാധിതർ. മൊത്തം കേസുകളിൽ 88 %. വയനാട്ടിൽ സ്ഥിരീകരിച്ച 124 കേസുകളും സമ്പർക്കത്തിലൂടെയുള്ളതാണ്. തിരുവനന്തപുരത്ത് 320 പേരിൽ 311 സമ്പർക്ക ബാധിതർ. 

സംസ്ഥാനത്താകെ, വിദേശത്തുനിന്നു വന്ന 48 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 54 പേരും 20 ആരോഗ്യ പ്രവർത്തകരും പോസിറ്റീവായി. 864 പേർ കോവിഡ് മുക്തരായി. 3 മരണങ്ങളും സർക്കാർ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 73 ആയി.

ഇന്നലെ 885 പേരാണു കോവിഡ് പോസിറ്റീവ് ആയത്. വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് ആയ 425 പേരെ സാങ്കേതിക തകരാർ മൂലം വ്യാഴാഴ്ച കണക്കിൽ ഉൾപ്പെടുത്താനായിരുന്നില്ല. 

എല്ലാ കോവിഡ് ആശുപത്രിയിലും 3 വിഐപി മുറി

തിരുവനന്തപുരം ∙ വിഐപികൾക്കും പ്രധാന വ്യക്തികൾക്കും ഓരോ കോവിഡ് ആശുപത്രിയിലും 3 മുറികൾ ഒഴിച്ചിടണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവ്. ആരോഗ്യവകുപ്പിൽ നിന്നുളള നിർദേശത്തെ തുടർന്നാണ് ഉത്തരവ്. അതിനിടെ, കോവിഡ് ചികിത്സയുടെ കാര്യത്തിൽ സ്വകാര്യ ആശുപത്രികൾക്കു സ്വന്തം നിലയിൽ തീരുമാനമെടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

English summary: Covid cases Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA