sections
MORE

ജനശതാബ്ദി യാത്രക്കാരന് കോവിഡ്, ആശുപത്രിയിലാക്കി

train-new-0
SHARE

കൊച്ചി ∙ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ യാത്ര ചെയ്ത കന്യാകുമാരി സ്വദേശിക്കു കോവിഡ് പോസിറ്റീവായതിനെ തുടർന്നു എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോടു നിന്നു യാത്ര പുറപ്പെട്ട ഇയാളെ എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിലേക്കു മാറ്റി.

കോഴിക്കോട് കുന്ദമംഗലത്ത് കരാർ ജോലി ചെയ്യുന്ന ഇയാൾക്ക് 3 ദിവസം മുൻപു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാൽ, ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നറിഞ്ഞതോടെ പരിശോധനാ ഫലത്തിനു കാത്തു നിൽക്കാതെ ഇദ്ദേഹം ഇന്നലെ രാവിലെ നാട്ടിലേക്കു തിരിച്ചു.

പരിശോധനാ ഫലം ലഭിച്ചയുടൻ കോഴിക്കോടു നിന്ന് ആരോഗ്യ പ്രവർത്തകർ ഇദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അപ്പോഴേക്കും യാത്ര പുറപ്പെട്ടിരുന്നു. തുടർന്ന് തൃശൂരിലെയും എറണാകുളത്തെയും ആരോഗ്യ പ്രവർത്തകർക്കു വിവരം കൈമാറി. 

ട്രെയിനിന്റെ കംപാർട്ട്മെന്റുകളും നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇദ്ദേഹം ഇരുന്ന സ്ഥലങ്ങളും പിന്നീട് അണുവിമുക്തമാക്കി. ഇയാൾ യാത്ര ചെയ്തിരുന്ന കംപാർട്ട്മെന്റിൽ 3 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. നേരിട്ടുള്ള സമ്പർക്കമുണ്ടായിട്ടില്ലെന്നതിനാൽ ഇവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം മറ്റൊരു കംപാർട്ട്മെന്റിലേക്കു മാറ്റി യാത്ര തുടരാൻ അനുവദിച്ചു. ഇയാൾ യാത്ര ചെയ്ത കംപാർട്ട്മെന്റ് എറണാകുളത്തു മാറ്റിയിട്ടാണു ട്രെയിൻ യാത്ര തുടർന്നത്.

വയോജന കേന്ദ്രത്തിൽ  35 പേർക്ക്‌ കോവിഡ്‌ 

തിരുവനന്തപുരം ∙ പൂവാറിനു സമീപം കൊച്ചുതുറയിൽ പ്രവർത്തിക്കുന്ന വയോജന കേന്ദ്രത്തിൽ 35 പേർക്കു കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 6 പേർ കന്യാസ്‌ത്രീകളാണ്‌. കഴിഞ്ഞ ദിവസം ഈ സ്ഥാപനത്തിലെ ഒരു അന്തേവാസി മരിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണു വൈറസ്‌ ബാധ സ്ഥിരീകരിച്ചത്‌.

ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. പൂവാർ എരിക്കലുവിളയിൽ മേരിയാണ്‌ (72) മരിച്ചത്‌. മിനിയാന്നു ഉച്ചയോടെയായിരുന്നു മരണം. ആന്റിജെൻ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ കോവിഡ്‌ പ്രോട്ടോക്കോളിനു വിധേയമായി സംസ്‌ക്കാരം നടത്തി. 

കടകംപള്ളിയുടെ മകന് കോവിഡ്

തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇളയ മകന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക വസതിയിലെ സ്റ്റാഫ് അംഗത്തിനു കോവിഡ് ബാധിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയും കുടുംബവും  സ്വയം നിരീക്ഷണത്തിലായിരുന്നു. മന്ത്രിയുടെയും ഭാര്യ,മരുമകൾ എന്നിവരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

കോവിഡിനെതിരെ വേണ്ടത് കരുതലും ജാഗ്രതയും: അത്യാവശ്യത്തിനു മാത്രം വീടിനു പുറത്തിറങ്ങാം. പൊതുവിടങ്ങളിൽ രണ്ടു മീറ്ററെങ്കിലും അകലം പാലിക്കാം, മാസ്കും കൈ കഴുകലും ശീലമാക്കാം, മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ആരോഗ്യസംബന്ധമായ സഹായങ്ങൾക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ദിശ ടോൾ ഫ്രീ നമ്പർ 1056 ൽ ബന്ധപ്പെടാം.

English summary: Covid patient travelled in Jan Shatabdi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA