ADVERTISEMENT

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്ധം ചികയാൻ പോയ സിപിഎമ്മിനെ തിരിഞ്ഞുകൊത്തി സ്വന്തം പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ പൂർവകാല ബന്ധം. പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള (എസ്ആർപി) രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് ആർഎസ്എസിലാണെന്ന ‘ജന്മഭൂമി’യുടെയും ‘വീക്ഷണ’ത്തിന്റെയും ആരോപണം അദ്ദേഹം സമ്മതിച്ചതു സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ആർഎസ്എസിനു പ്രിയപ്പെട്ട നേതാവാണു ചെന്നിത്തലയെന്ന് 24 –ാം തീയതിയിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. അക്കാര്യം ആവർത്തിച്ച് ഇന്നലെ ‘ദേശാഭിമാനി’യിൽ അദ്ദേഹം ലേഖനമെഴുതി.

srp-cpm

‘ഹൈസ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയുടെ നടത്തിപ്പു ചുമതലയുള്ള ശിക്ഷക് ആയിരുന്ന എസ്ആർപി, സംഘത്തിന്റെ പ്രവർത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്’ എന്നായിരുന്നു ‘ജന്മഭൂമി’ ലേഖനത്തിലെ വെളിപ്പെടുത്തൽ.

പിബി അംഗത്തിന്റെ ആർഎസ്എസ് ബന്ധം മറച്ചുവച്ചാണ്, ചെന്നിത്തലയുടെ പിതാവ് രാമകൃഷ്ണൻ നായർ ആർഎസ്എസ് അനുഭാവി ആയിരുന്നുവെന്ന ആരോപണവുമായി ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചതെന്ന കുറ്റപ്പെടുത്തലുമായി ‘വീക്ഷണ’വും രംഗത്തെത്തി.

3 പാർട്ടി മുഖപത്രങ്ങളും രാഷ്ട്രീയ വാക്പോരിന്റെ ഭാഗമാകുന്നതിനിടയിലാണു തനിക്കെതിരായ ആക്ഷേപം എസ്ആർപി ശരിവച്ചത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമാക്കി കോൺഗ്രസും സിപിഎമ്മും പരസ്പരം ആർഎസ്എസ് ബന്ധം ആരോപിക്കുന്നതിനിടെ പുറത്തുവന്ന പിബി അംഗത്തിന്റെ പൂർവകാല ബന്ധം വരുംകാല സംവാദങ്ങളിൽ വേട്ടയാടുമോ എന്ന ശങ്കയിലാണ് പാർട്ടി.

ഇതേസമയം, കോടിയേരിയുടെ പുതിയ ആരോപണങ്ങളോടും വിവാദത്തോടും പ്രതികരിക്കാതെ ‘നേരത്തെ നൽകിയ മറുപടിയേ ആവർത്തിക്കാനുള്ളൂ’വെന്നു ചെന്നിത്തല വ്യക്തമാക്കി.

‘‘ആർഎസ്എസുകാരെക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് അണിയുന്നതു രമേശ് ചെന്നിത്തലയാണ്. കോൺഗ്രസിനുള്ളിലെ ആർഎസ്എസ് സർസംഘചാലകായി ചെന്നിത്തല മാറി. ഹരിപ്പാട് മണ്ഡലത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് 2019 ൽ ബിജെപിക്കു കിട്ടിയതു വിരൽ ചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പാണ് അദ്ദേഹം എന്നാണ്’’

  കോടിയേരി ബാലകൃഷ്ണൻ

‘‘15 വയസ്സ് വരെ ആർഎസ്എസിലുണ്ടായിരുന്നു. സങ്കുചിത ദേശീയതയെക്കാൾ സാർവദേശീയതയാണു നല്ലതെന്നു തീരുമാനിച്ച് 16–ാം വയസ്സിൽ ഭൗതികവാദിയായി. 18–ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പല ആശയങ്ങളുള്ളവർ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാകുന്നത് ആ പാർട്ടിയുടെ കരുത്തിന്റെ തെളിവാണ്’’

 എസ്. രാമചന്ദ്രൻപിള്ള

‘‘40 വർഷമായി പൊതുരംഗത്തുള്ള എന്റെ ഡിഎൻഎ ആർക്കും ബോധ്യപ്പെടുത്തേണ്ട ഒന്നല്ലെന്നു കോടിയേരി ഇനിയെങ്കിലും മനസ്സിലാക്കണം’’.

  രമേശ് ചെന്നിത്തല

English summary: S.Ramachandran Pillai RSS relation 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com