ADVERTISEMENT

പത്തനംതിട്ട / സീതത്തോട് ∙ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി.മത്തായി (പൊന്നുമോൻ– 41) കൊല്ലപ്പെട്ട സംഭവത്തിൽ 7 വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് വടശേരിക്കര റേഞ്ച് ഓഫിസർ, ചിറ്റാർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ എന്നിവരടക്കമുള്ളവർക്ക് എതിരെയുള്ള നടപടി. 

അതേസമയം, കുറ്റക്കാരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ പി.പി.മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം കടുത്ത നിലപാടെടുത്തതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മുങ്ങി മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും ദുരൂഹത മാറ്റണമെന്നും മത്തായിയുടെ ഭാര്യ ഷീബ പറഞ്ഞു. 

വടശേരിക്കര റേഞ്ച് ഓഫിസർ ബി.വേണുകുമാറിനെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് കോളജിലേക്കും, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ആർ.രാജേഷ്കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിേലേക്കുമാണ് മാറ്റിയത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ.പ്രദീപ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എൻ.സന്തോഷ്, ടി.അനിൽകുമാർ,വി.എം.ലക്ഷ്മി എന്നിവർക്ക് കരികുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കും ട്രൈബൽ വാച്ചർ ഇ.ബി.പ്രദീപ് കുമാറിന് രാജാമ്പാറ സ്റ്റേഷനിലേക്കുമാണ് സ്ഥലംമാറ്റം. നിലവിൽ ഇവർ നിർബന്ധിത അവധിയിലാണ്.

‘പൊന്നുവിന്റെ ജീവൻ നഷ്ടപ്പെടുത്തിയ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്തു നിയമത്തിനു മുന്നിൽ കൊണ്ടുവരാതെ മൃതദേഹം മറവു ചെയ്യില്ല. പ്രതികൾ പുറത്തു വിലസി നടക്കുമ്പോൾ പൊന്നുവിനെ മണ്ണിൽ അടക്കിയാൽ അത് ആത്മാവിനോടുള്ള നീതികേടാകും. വനപാലകരാണ് മരണത്തിനു കാരണം. ഞാനും 2 കുഞ്ഞുങ്ങളും ഉൾപ്പെടെ 9 അംഗ കുടുംബമാണ് അനാഥമായത്.’

  ഷീബ 

mathayi
മത്തായി

കസ്റ്റഡിയിലെടുത്തത് നടപടികൾ പാലിക്കാതെ: കുടുംബം

പത്തനംതിട്ട ∙ നിയമപരമായ നടപടികൾ പാലിക്കാതെയാണ് പി.പി.മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും വനപാലകരുടെ നടപടികൾ മുഴുവൻ ദുരൂഹത നിറഞ്ഞതാണെന്നും  മത്തായിയുടെ ഭാര്യ ഷീബയ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത അഭിഭാഷകൻ ജോണി കെ.ജോർജ് അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4ന് വനപാലകർ കസ്റ്റഡിയിലെടുത്തയാൾ രാത്രി എട്ടോടെ മുങ്ങിമരിച്ചെന്ന സംഭവം കസ്റ്റഡി മരണത്തിന്റെ പരിധിയിലാണ്.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വനം വകുപ്പ് പാലിച്ചിട്ടില്ലെന്ന് മത്തായിയുടെ അഭിഭാഷകൻ പറഞ്ഞു. ഭാര്യയുടെയും മാതാവിന്റെയും കൺമുന്നിൽ നിന്നാണ് ഏഴംഗ വനപാലകസംഘം മത്തായിയെ വനാതിർത്തിയിലെ ക്യാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. ഇതു നിയമപരമായ നടപടികൾ പാലിക്കാതെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

സംഭവത്തിൽ ഡിവൈഎസ്പി ആർ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണ സംഘം വനം ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിത്തുടങ്ങി.  ആരോപണ വിധേയരായ ഉദ്യോഗസ്ഥർ നിർബന്ധിത അവധിയിൽ ആയതിനാൽ കോവിഡ് മാനദണ്ഡ പ്രകാരം അവരുടെ വീടുകളിൽ പോയാണ് മൊഴിയെടുക്കുന്നത്.  സർക്കാർ നിയോഗിച്ച കൊല്ലം സിസിഎഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷൻ സംഘം ആരോപണ വിധേയരായ ഏതാനും ഉദ്യോഗസ്ഥരിൽനിന്ന് മൊഴി എടുത്തിരുന്നു. 

വനം വകുപ്പിനെ വിമർശിച്ച് കെ.യു.ജനീഷ്കുമാർ 

വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ ചിറ്റാർ സ്വദേശി പി.പി.മത്തായി കൊല്ലപ്പെട്ട സംഭവത്തിൽ വകുപ്പിനെതിരെ ആഞ്ഞടിച്ച് കോന്നി എംഎൽഎ കെ.യു.ജനീഷ്കുമാർ. ചിറ്റാർ കസ്റ്റഡി മരണം വനം വകുപ്പിനും സർക്കാരിനും നാണക്കേടുണ്ടാക്കിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ജനീഷ്കുമാർ വനം മന്ത്രി കെ. രാജുവിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.  സുരക്ഷ ഉറപ്പാക്കിയില്ലെന്നു മാത്രമല്ല കിണറ്റിൽ വീണ ആളെ രക്ഷിക്കാനുള്ള ശ്രമവും ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

English summary: Farm owner's death Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com