ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം സ്വർണക്കടത്തു കേസിലെ പ്രതികൾ യുഎഇ കോൺസുലേറ്റിനെതിരെ മൊഴി നൽകുന്നത് ആസൂത്രിതമെന്നു സംശയം. പ്രതികളായ സ്വപ്ന സുരേഷും സന്ദീപ്നായരും സരിത്തും മുൻപ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി. 

കഴിഞ്ഞ ദിവസം കേസിലെ മുഖ്യപ്രതിയായ കെ.ടി. റമീസും കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയതോടെയാണ് അന്വേഷണ സംഘം ഈ നിഗമനത്തിലേക്കു നീങ്ങുന്നത്.

പല കേസുകളിലും അന്വേഷണം വഴി തെറ്റിക്കാൻ പ്രതികൾ മൊഴി നൽകാറുണ്ട്. ഇതിന്റെ നിജസ്ഥിതി പരിശോധിക്കാൻ ആരോപണ വിധേയരായ വ്യക്തികളിൽ നിന്ന് വിശദമായി മൊഴിയെടുക്കാറാണു പതിവ്. എന്നാൽ ഈ കേസിൽ യുഎഇയുടെ നയതന്ത്ര പ്രതിനിധികൾക്കെതിരെയാണ് ആരോപണം.  ഇവരെ നേരിട്ടു ചോദ്യം ചെയ്യാൻ ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കു കഴിയില്ല.

ആരോപണ വിധേയരായ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ വിശദീകരണമില്ലാതെ കുറ്റപത്രം സമർപ്പിച്ചാൽ വിചാരണയിൽ അതു പ്രതിഭാഗത്തിനു ഗുണമാകും. കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതിക്കായി യുഎഇ ഭരണകൂടത്തെ സമീപിച്ചാൽ അന്വേഷണം നീണ്ടുപോകാനും സാധ്യതയുണ്ട്. യുഎപിഎ കേസിൽ 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾ ജാമ്യം നേടും.

ഭീകരബന്ധം ആരോപിക്കപ്പെടുന്ന കേസിൽ സ്വന്തം നയതന്ത്ര പ്രതിനിധികളെ ഇന്ത്യൻ ഏജൻസികൾ ചോദ്യം ചെയ്യുന്നത് യുഎഇ അംഗീകരിക്കാനിടയില്ല. അവരെ സമ്മർദത്തിലാക്കാൻ ഇന്ത്യക്കും കഴിയില്ല. ഈ സാഹചര്യം മുന്നിൽ കണ്ടുള്ള തന്ത്രമാണു പ്രതികൾ പയറ്റുന്നതെന്നാണു വിലയിരുത്തൽ.

യുഎഇയുടെ മുദ്രകളും കോൺസുലേറ്റിന്റെ രേഖകളും പ്രതികൾ വ്യാജമായി നിർമിച്ചതായുള്ള കസ്റ്റംസിന്റെ കണ്ടെത്തലാണ് പ്രോസിക്യൂഷൻ നടപടികളിൽ എൻഐഎക്കു പിടിവള്ളിയാകുന്ന ഏകഘടകം.

English summary: Gold smuggling case Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com