sections
MORE

കാർ കുറുകെയിട്ട് മെറിനെ നെവിൻ തടഞ്ഞു; കാറിൽ നിന്ന് വലിച്ചിറക്കി തല്ലി: എല്ലാം ആസൂത്രിതം

merin-joy
മെറിൻ ജോയ്. ചിത്രം: ഫെയ്സ്ബുക്
SHARE

കോട്ടയം ∙ യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാ‍‍‍ഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ ജോയി (27) യുടെ കൊലപാതകത്തിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ. ബ്രൊവാഡ് ആശുപത്രിയുടെ അധികൃതർ കോറൽ സ്പ്രിങ്സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളിൽ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിൻ പുറത്തിറങ്ങുന്നതിനായി ഭർത്താവ് നെവിൻ മുക്കാൽ മണിക്കൂർ കാത്തുനിൽക്കുന്നത് വ്യക്തമാണ്.

കൊലപാതകം നടന്ന ചൊവ്വാഴ്ച രാവിലെ 6.45ന് (അമേരിക്കൻ സമയം) നെവിൻ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ എത്തിയതായി കാണാം. 7.30ന് മെറിൻ കാറിൽ പുറത്തേക്ക് വരുന്നു. മെറിന്റെ കാറിനു മുന്നിൽ സ്വന്തം കാർ കുറുകെയിട്ട് നെവിൻ തടഞ്ഞു. തുടർന്ന് മെറിനെ കാറിൽ നിന്ന് വലിച്ചിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മെറിനെ തല്ലുന്നതും പാർക്കിങ് സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതും കാണാം. തുടർന്ന് ദേഹത്തു കയറിയിരുന്ന് നിരവധി തവണ കുത്തുകയായിരുന്നു. ആശുപത്രിയിലെ ഒരു ജീവനക്കാരൻ ആക്രമണം കണ്ട് ഓടിയെത്തിയെങ്കിലും കത്തികാട്ടി നെവിൻ ഇയാളെ ഭീഷണിപ്പെടുത്തി. പാർക്കിങ്ങിലെ കാറുകളുടെ പിന്നിലേക്ക് ഓടി മാറിയ ജീവനക്കാരൻ നെവിൻ വന്ന കാറിന്റെ ചിത്രം പകർത്തി. ഇതും പിന്നീട് പൊലീസിനു കൈമാറിയിരുന്നു.

ഇൗ ചിത്രത്തിൽ നിന്നാണ് ആദ്യം കാറും പിന്നെ ഓടിച്ച നെവിനെയും പൊലീസ് തിരിച്ചറിഞ്ഞത്. മെറിന്റെ ദേഹത്തു കൂടി നെവിൻ കാർ ഓടിച്ച് കയറ്റിയിറക്കിയതായും ദൃശ്യങ്ങളിലുണ്ട്.

ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് തന്നെ കുത്തിയതും വണ്ടി കയറ്റിയതും ഫിലിപ് മാത്യു (നെവിൻ) ആണെന്നു മെറിൻ വ്യക്തമായി പൊലീസിനോടു പറഞ്ഞിരുന്നു. ഇതാണ് മരണമൊഴി. ഇത് ആംബുലൻസിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദേഹത്തെ ക്യാമറയിൽ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് സമർപ്പിച്ച റിപ്പോർ‍ട്ടിൽ പറയുന്നു. 2018ലും 2019 ജൂലൈ 19നും മെറിൻ നെവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കോറൽ സ്പ്രിങ്സ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മെറിന്റെ മൃതദേഹം ന്യൂയോർക്കിലേക്ക്; അടുത്തയാഴ്ച നാട്ടിൽ കൊണ്ടുവരും

മോനിപ്പള്ളി ∙ മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.

യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാ‍‍‍ഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ –34) അറസ്റ്റിലാണ്.

അന്ത്യോപചാര ചടങ്ങുകൾക്കു ശേഷം തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോർക്കിൽ എത്തിക്കും. ഇവിടെ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും. ന്യൂയോർക്കിൽ എത്തിച്ചാൽ രണ്ടു ദിവസത്തെ താമസമുണ്ടാകുമെന്ന് ട്രാവൽ ഏജൻസി അറിയിച്ചതായി മെറിന്റെ ബന്ധുക്കൾ പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളിൽ സംസാരിച്ചു. മൃതദേഹം മയാമിയിൽ നിന്ന് ന്യൂയോർക്കിൽ എത്തിച്ച ശേഷം ആദ്യ വിമാനത്തിൽത്തന്നെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുരളീധരൻ വീട്ടുകാർക്ക് ഉറപ്പു നൽകി.

മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി–മേഴ്സി ദമ്പതികളുടെ മകളാണു മെറിൻ ജോയി.

സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഇന്ന് മെറിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഓൺലൈൻ വഴി പ്രാർഥനായോഗം ചേരുന്നുണ്ട്.

English summary: Malayali nurse Merin murder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA