ADVERTISEMENT

കോഴിക്കോട്∙ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി അപേക്ഷിക്കുമ്പോൾ എൻസിസി, സ്കൗട്ട്, നീന്തൽ തുടങ്ങിയ  സർട്ടിഫിക്കറ്റുകളുടെ നമ്പർ ഉൾപ്പെടുത്തണമെന്ന നിർദേശം സർക്കാർ പിൻവലിച്ചു. അധ്യാപക സംഘടനകളുടെ പരാതിയെ തുടർന്നാണു നടപടി. സർട്ടിഫിക്കറ്റുകളുടെ പേരുകൾ മാത്രം അപേക്ഷയിൽ നൽകിയാൽ മതിയെന്നു ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ പറഞ്ഞു.

ഏകജാലക അപേക്ഷാ സമർപ്പണം തുടങ്ങി ആദ്യ ദിവസം തന്നെ രണ്ടര ലക്ഷത്തോളം വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയിൽ സർട്ടിഫിക്കറ്റുകളുടെ നമ്പർ രേഖപ്പെടുത്തണമെന്ന നിർദേശം അതിനു ശേഷമാണു വന്നത്. നേരത്തേ അപേക്ഷിച്ചവർക്ക് ഇനി ട്രയൽ അലോട്മെന്റിനു ശേഷമേ സർട്ടിഫിക്കറ്റ് നമ്പറുകൾ ഉൾപ്പെടുത്താൻ കഴിയൂ എന്നതു വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.  തീരുമാനത്തിനെതിരെ വിവിധ  അധ്യാപക സംഘടനകൾ നിവേദനം നൽകുകയും ചെയ്തു. 

കോവിഡ് കാലമായതിനാൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്നതിലെ ബുദ്ധിമുട്ടു കണക്കിലെടുത്താണു സർട്ടിഫിക്കറ്റ് നമ്പർ മാത്രം ചേർക്കാൻ നിർദേശം നൽകിയതെന്നായിരുന്നു ഹയർ സെക്കൻ‍ഡറി വകുപ്പിന്റെ വിശദീകരണം. എന്നാൽ സ്കൗട്ട് അടക്കമുള്ള സർട്ടിഫിക്കറ്റുകളിൽ നമ്പറുകൾ രേഖപ്പെടുത്താറില്ലെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി. തുടർന്നു സർട്ടിഫിക്കറ്റുകളുടെ പേരു ചേർക്കാൻ ഏകജാലകസംവിധാനത്തിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഏകജാലക പ്രവേശനച്ചുമതല വഹിക്കുന്ന ഹയർ സെക്കൻഡറി ഐടി കോഓർഡിനേറ്റർമാരുടെ യോഗങ്ങൾ നടക്കാത്തതു പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതായി പരാതിയുണ്ട്. 

‘കോവിഡ് കാലമായതിനാൽ പ്ലസ് വൺ അപേക്ഷ സമർപ്പിക്കാൻ 14 വരെ സമയം നൽകിയത്. എന്നിട്ടും കുട്ടികൾ അപേക്ഷിക്കാൻ തിരക്കു കൂട്ടുകയാണ്. ഇതു നെറ്റ്‌വർക്ക് പ്രശ്നമുണ്ടാക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പ്രവേശനം തുടങ്ങി രണ്ടു ദിവസം പിന്നിടുമ്പോൾ ഇനി അപേക്ഷിക്കാൻ ബാക്കിയുള്ളത് രണ്ടു ലക്ഷം വിദ്യാർഥികൾ മാത്രമാണ്.’

 ഡോ. പി.പി. പ്രകാശൻ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ

English summary: Plus One admission 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com