ADVERTISEMENT

തിരുവനന്തപുരം∙ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡൽ എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെ സ്വർണക്കള്ളക്കടത്തിനു കൂട്ടുനിൽക്കുന്നത് ആണോയെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ലോകമെങ്ങും കോവിഡിനെതിരെ പോരാടുമ്പോൾ കേരള മുഖ്യമന്ത്രി സ്വർണക്കള്ളക്കടത്തിനു സഹായം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക’ എന്നാവശ്യപ്പെട്ട് ബിജെപി ആരംഭിക്കുന്ന ഉപവാസ സമര പരമ്പരയിൽ ആദ്യ ആളായ ഒ.രാജഗോപാൽ എംഎൽഎയുടെ സമരം വിഡിയോ കോ‍ൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാവ്‌ലിൻ കേസിനേക്കാൾ ഗുരുതരമാണു സ്വർണക്കള്ളക്കടത്ത് കേസ്.രാജ്യദ്രോഹ പ്രവർത്തനത്തിനാണു മുഖ്യമന്ത്രിയുടെ ഓഫിസ് സഹായം നൽകുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ടാണു കള്ളക്കടത്തുകാർക്കായി ഇടപെട്ടത്. മന്ത്രി കെ.ടി.ജലീൽ സംശയത്തിലാണ്.എല്ലാ ചട്ടങ്ങളും മറികടന്നാണു മന്ത്രി ഇവരോട് അടുപ്പത്തിലായത്. പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം.ഇതേക്കുറിച്ചു നിലപാട് വ്യക്തമാക്കണം.

പ്രതികൾക്ക് സിപിഎം നിയമസഹായം നൽകുകയാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ഇതിനുവേണ്ടി സിപിഎം ബന്ധമുള്ള അഭിഭാഷകർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നു.പ്രതികളുടെയും ശിവശങ്കറിന്റെയുമെല്ലാം വക്കാലത്ത് ഒരാൾ തന്നെയാണു ചെയ്യുന്നത്.

മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ കോടിയേരി ബാലകൃഷ്ണന് എന്തു ധാർമികതയാണുള്ളത്?കോടിയേരിയുടെ മകൻ അറബിക്കു കൊടുക്കാനുള്ള 13 കോടിയുടെ ഇടപാട് ഒത്തുതീർപ്പാക്കിയത് ആരാണ്?എങ്ങനെയാണ് മകന്റെ പേരിൽ മഹാരാഷ്ട്രയിലുള്ള ഡിഎൻഎ കേസ് ഒതുക്കിയത്?ഇരയായ സ്ത്രീ ആവശ്യപ്പെട്ട 5 കോടി രൂപ കൊടുത്തോ?സുരേന്ദ്രൻ ചോദിച്ചു.

ബിജെപി സംസ്ഥാന കാര്യാലയത്തിലെ വേദിയിൽ നിലവിളക്കു തെളിച്ചാണ് ഒ.രാജഗോപാൽ ഉപവാസം തുടങ്ങിയത്.നേതാക്കളായ പി.സുധീർ, സി.ശിവൻകുട്ടി, എസ്.സുരേഷ്, ജെ.ആർ.പത്മകുമാർ,വി.വി.രാജേഷ്, വി.ടി.രമ,ഡോ.പി.പി.വാവ,കരമന ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ സത്യഗ്രഹം ഇന്ന്

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് ഡൽഹിയിൽ നിരാഹാര സത്യഗ്രഹം നടത്തും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു രാവിലെ 10ന് മുരളീധന്റെ വസതിയിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.

English summary: Bhupendra Yadav on gold smuggling kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com