കലക്ടറുടെ അക്കൗണ്ടിലെ 2 കോടി തട്ടിയെടുത്തു

bijulal
ബിജുലാൽ
SHARE

തിരുവനന്തപുരം ∙ ആദിവാസി ക്ഷേമത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും കലക്ടറുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുകയിൽ നിന്നു 2 കോടി രൂപ ട്രഷറി ജീവനക്കാരൻ തട്ടിയെടുത്തു. വഞ്ചിയൂർ സബ്ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റും ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയുമായ എം.ആർ.ബിജുലാലിനെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കലക്ടറുടെ സ്പെഷൽ സേവിങ്സ് അക്കൗണ്ടിൽ നിന്നു തുക ഇയാളുടെ ട്രഷറി സേവിങ്സ് അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു. ഇതിൽ നിന്ന് 61.23 ലക്ഷം രൂപ സ്വകാര്യ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. ഹയർ സെക്കൻഡറി അധ്യാപികയായ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്കും തുക മാറ്റി. ഇരുവരുടെയും ട്രഷറി അക്കൗണ്ടുകൾ മരവിപ്പിച്ചു.

സബ് ട്രഷറി ഓഫിസറായിരുന്ന വി.ഭാസ്കരന്റെ പാസ്‌വേഡ് ഉപയോഗിച്ചാണു പണം തട്ടിയെടുത്തത്. ഭാസ്കരൻ മേയ് 21നാണു വിരമിച്ചതെങ്കിലും അതിനു 2 മാസം മുൻപ് അവധിയിൽ പ്രവേശിച്ചിരുന്നു. ട്രഷറിയിൽ ചെക്കുകൾ കൈകാര്യം ചെയ്തിരുന്ന ബിജുലാൽ പലപ്പോഴും ഭാസ്കരന്റെ മുറിയിൽ പോകുമായിരുന്നു. അദ്ദേഹം പാസ്‌വേഡ് ഉപയോഗിക്കുന്നതു നോക്കി നിന്ന ബിജുലാൽ അതു പല ദിവസങ്ങളിലായി പഠിച്ചെടുത്തു. ഭാസ്കരൻ അവധിയിൽ പോയപ്പോൾ ജൂനിയർ സൂപ്രണ്ടിനായിരുന്നു ട്രഷറി ഓഫിസറുടെ ചുമതല.ഭാസ്കരന്റെ വിരമിക്കൽ തീയതിക്കു ശേഷമാണു തട്ടിപ്പു തുടങ്ങിയത്.

   ട്രഷറി ഓഫിസറുടെ പാസ്‌വേഡ് ഉപയോഗിച്ചാൽ കലക്ടറുടെ അക്കൗണ്ടിന്റെ വിശദാംശങ്ങളും ചെക്ക് നമ്പറുകളും കാണാം. തുക തന്റെ ട്രഷറി അക്കൗണ്ടിലേക്കു മാറ്റുന്ന ഇയാൾ ഉടൻ തന്നെ അതിന്റെ വിശദാംശങ്ങൾ കംപ്യൂട്ടറിൽ നിന്നു മായ്ക്കുമായിരുന്നു. 

സോഫ്റ്റ്‌വെയറിലെ പിഴവുകളും തട്ടിപ്പിനു സഹായകരമായി. മാസം ശരാശരി 15 കോടി രൂപയുടെ ഇടപാടുകൾ നടക്കുന്ന ട്രഷറിയിൽ കഴിഞ്ഞദിവസം ഐടി കോ–ഓർഡിനേറ്റർ രാജ്മോഹൻ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 2 കോടിയുടെ കുറവു കണ്ടെത്തി.ഇതോടെയാണ് വൻ തട്ടിപ്പു പുറത്തായത് . എൻജിഒ യൂണിയന്റെ നേതാവാണ് ബിജുലാൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA