ADVERTISEMENT

തിരുവനന്തപുരം ∙ 2 പൊലീസുകാർക്കു കോവിഡ് ബാധിച്ചതിനെ തുടർന്ന് പൊലീസ് ആസ്ഥാനം 2 ദിവസത്തേക്ക് അടച്ചു. പൊലീസ് ആസ്ഥാനത്തെത്തുന്നവരെ തെർമൽ സ്കാനിങ്ങിനു വിധേയരാക്കിയിരുന്നതും സാനിറ്റൈസ് ചെയ്തിരുന്നതും ഇവർ ഉൾപ്പെട്ട സംഘമായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നവരെ നിരീക്ഷണത്തിലാക്കി. നാളെ വീണ്ടും തുറക്കുന്നതുവരെ കൺട്രോൾ റൂം ഉൾപ്പെടെ അത്യാവശ്യ സേവനങ്ങൾ മാത്രം പൊലീസ് ആസ്ഥാനത്തു തുടരും.

പൊലീസിൽ 50 വയസ്സ് കഴിഞ്ഞവർക്കും രോഗ പശ്ചാത്തലമുള്ള മറ്റുള്ളവർക്കും കോവിഡ് ഡ്യൂട്ടി നൽകരുതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ കർശന നിർദേശം നൽകി. മുൻപും ഉന്നത തല നിർദേശമുണ്ടായിരുന്നെങ്കിലും ആൾക്ഷാമം ചൂണ്ടിക്കാട്ടി സ്പെഷൽ സെല്ലില്ലുള്ളവരെ വരെ ഡ്യൂട്ടിക്കു നിയോഗിച്ചു. 

ഇതിനകം 82 പൊലീസുകാർക്കു കോവിഡ് ബാധിച്ചു. രണ്ടായിരത്തിലേറെപ്പേർ നിരീക്ഷണത്തിലായി. ഈ സാഹചര്യം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയിലാണു സർക്കാർ. വ്യാപനം ഇത്രത്തോളമാകുംമുൻപു തന്നെ സ്റ്റേഷനുകൾ അടച്ചിടുകയും ഉദ്യോഗസ്ഥർ ക്വാറന്റീനിലാകുകയും ചെയ്യുന്ന സാഹചര്യം ചിലയിടങ്ങളിലുണ്ടായിട്ടുണ്ട്. പൊലീസുകാരും കുടുംബാംഗങ്ങളും യാത്രകൾ ഒഴിവാക്കി ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കണമെന്നു നിർദേശമുണ്ട്. രോഗം ബാധിച്ചാൽ മേലുദ്യോഗസ്ഥർ മികച്ച ചികിത്സ ഉറപ്പാക്കണം.

ചികിത്സയിലായിരുന്ന എസ്ഐ മരിച്ചു

തൊടുപുഴ ∙ കോവിഡ് ചികിത്സയിലായിരുന്ന ഇടുക്കി സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ വി.പി. അജിതൻ (55) മരിച്ചു. കേരളത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്ന ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ്.

കഞ്ഞിക്കുഴി സ്റ്റേഷനിലായിരുന്നു ജോലി. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന അജിതൻ വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണു മരിച്ചത്. 

ചെറുതോണിയിൽ ബ്യൂട്ടി പാർലർ നടത്തുന്ന ഭാര്യയിൽ നിന്നാണു കോവിഡ് പകർന്നതെന്നു കരുതുന്നു. മകൾക്കും വൈറസ് ബാധിച്ചിരുന്നു. ഭാര്യയും മകളും കോവിഡ് മുക്തരായി. വെള്ളിയാമറ്റം പൂച്ചപ്ര വരമ്പനാൽ പരമേശ്വരൻ – സരോജിനി ദമ്പതികളുടെ മകനാണ് അജിതൻ. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഭാര്യ: രമണി. മക്കൾ: അക്ഷയ (ബിരുദ വിദ്യാർഥി), അഭിൻ (പ്ലസ് ടു).

English summary: Covid: Police officer dies in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com