sections
MORE

രാജ്യസഭ: സിപിഎം തീരുമാനം 7ന്; യുഡിഎഫ് ചർച്ച തുടങ്ങി

parliament
SHARE

തിരുവനന്തപുരം∙രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുളള അനൗപചാരിക ചർച്ചകൾ ഇരുമുന്നണികളിലും മുറുകി. ഏഴിനു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സീറ്റ് ഏതു കക്ഷിക്ക് എന്ന തീരുമാനമെടുക്കും. എൽഡിഎഫ് സ്ഥാനാർഥിക്കു വിജയം ഉറപ്പാണെങ്കിലും സർക്കാരുമായി വൻ രാഷ്ട്രീയപ്പോരിലേർപ്പെട്ടിരിക്കുന്ന സമയത്തു ഭരണപക്ഷ നോമിനിയെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ അനുവദിക്കേണ്ടെന്ന വികാരമാണു യുഡിഎഫ് നേതൃത്വത്തിലുള്ളത്. 

എം.പി.വീരേന്ദ്രകുമാർ അന്തരിച്ചതോടെ  ഒഴിവു വന്ന സീറ്റിൽ അദ്ദേഹത്തിന്റെ പാർട്ടി സംസ്ഥാന പ്രസിഡന്റും മകനുമായ എം.വി.ശ്രേയാംസ്കുമാറിനെ സ്ഥാനാർഥിയാക്കാനാണു ലോക്താന്ത്രിക് ജനതാദൾ(എൽജെഡി) ഉദ്ദേശിക്കുന്നത്.സീറ്റ് വീരേന്ദ്രകുമാറിനു കൊടുത്തതാണെന്നും അദ്ദേഹത്തിന്റെ കക്ഷിക്കല്ലെന്നും സിപിഎം നേതാക്കൾ പറയുന്നുണ്ട്.

അതേസമയം ഈ സീറ്റിന്റെ അവശേഷിക്കുന്ന കാലാവധി  രണ്ടുവർഷത്തിൽ താഴെ മാത്രമായതിനാൽ അവരുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന അഭിപ്രായവും പാർട്ടിക്കു മുന്നിലുണ്ട്. ഉപാധികളുടെ  അടിസ്ഥാനത്തിൽ സീറ്റ് അവർക്കു കൊടുക്കാനുള്ള സാധ്യതകളാണു ശക്തം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി 13 ആയതിനാൽ അതിനു മുൻപ് എൽഡിഎഫ് യോഗം നടക്കും.

എൽഡിഎഫിനു മത്സരം നൽകണമോ എന്നതിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതി‍ർന്ന കോൺഗ്രസ് നേതാക്കളുമായും യുഡിഎഫ് ഘടകകക്ഷികളുമായും സംസാരിച്ചുതുടങ്ങി. കേരള കോൺഗ്രസിലെ പിളർപ്പ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനില്ല. തിരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫ് വിട്ടുനിൽക്കുന്ന ജോസ് കെ. മാണി വിഭാഗം ഒരു രാഷ്ട്രീയ നിലപാട് എടുക്കാൻ നിർബന്ധിതമാകുമെന്ന വിലയിരുത്തലിലാണു യുഡിഎഫ്.

സഭയ്ക്കുള്ളിൽ പാർട്ടിയുടെ കക്ഷിനേതാവ് പി.ജെ.ജോസഫ് ആയതിനാൽ ആ വിഭാഗവും യുഡിഎഫ് പൊതുവായും നൽകുന്ന വിപ്പ് ജോസ് കെ. മാണി വിഭാഗത്തിലെ എംഎൽഎമാരായ എൻ.ജയരാജിനും റോഷി അഗസ്റ്റിനും ബാധകമായി വരും. പാർട്ടിയുടെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ താൽക്കാലികമായി മരവിപ്പിച്ചതിനാൽ വിപ്പും ബാധകമാകില്ലെന്ന എതിർവാദം ജോസ് പക്ഷം ഉന്നയിക്കുന്നുണ്ട്.

English summary: CPM state secretariat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA