ADVERTISEMENT

ചെന്നൈ∙ തിരുവനന്തപുരം  വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് എൻഐഎ. തിരുച്ചിറപ്പള്ളിയിൽ 3 ഏജന്റുമാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനു പിന്നാലെ ഇന്നലെ ചെന്നൈയിൽ വിവിധയിടങ്ങളിൽ പരിശോധന നടത്തി.

ഈയിടെ കേരളത്തിൽ നിന്നു ചെന്നൈയിലേക്കു സ്ഥലം മാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം തമിഴ്നാട്ടിൽ ചില ഏജന്റുമാർ വഴി വിറ്റതിന്റെ വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വർണ വിൽപന ഏജന്റുമാരായി പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു. മൊഴിയെടുക്കലും ചോദ്യം ചെയ്യലും ഇന്നും തുടരും.  

സ്വർണക്കടത്തിന്റെ മറ്റൊരു കേന്ദ്രമായ ചെന്നൈ വിമാനത്താവളത്തിലെ കടത്തു സംഘങ്ങൾക്കു തിരുവനന്തപുരം സംഭവവുമായി ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ചെന്നൈ വിമാനത്താവളം വഴി കഴിഞ്ഞ വർഷം 400 കിലോയ്ക്കടുത്ത് സ്വർണമാണു കടത്തിയത്.

എൻഐഎയുടെ  അഞ്ചംഗ സംഘമാണു ചെന്നൈയിൽ പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ സ്വപ്ന സുരേഷ് , സരിത്, സന്ദീപ് നായർ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് സ്വർണം തമിഴ്നാട്ടിൽ വിറ്റെന്ന വിവരം ലഭിച്ചു. തിരുച്ചിറപ്പള്ളിയിൽ ഒരു ജ്വല്ലറിയിലും പിന്നീടു ബെംഗളുരുവിലും പരിശോധന നടത്തിയ ശേഷമാണു ചെന്നൈയിലെത്തിയത്.

അതിനിടെ, സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി കെ.ടി.റമീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണവും പുരോഗമിക്കുകയാണ്. 

English summary: NIA officers probing Kerala gold smuggling case in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com