ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സലുകളിൽ സ്വർണം കടത്തിയത് 21 തവണയാണെന്നു കസ്റ്റംസ് കണ്ടെത്തി. സന്ദീപ്, സ്വപ്ന എന്നീ പ്രതികളെ ചോദ്യം ചെയ്തോടെയാണ് ഇക്കാര്യത്തിൽ വ്യക്തതയായത്. 

2019 ജൂണിൽ സംഘം ആദ്യം അയച്ച ‘ടെസ്റ്റ് ഡോസി’ൽ, സ്വർണമില്ലാത്ത 2 പാർസലുകളാണുണ്ടായിരുന്നത്. ഇതടക്കം 23 പാഴ്സലുകളാണ് നയതന്ത്ര ചാനൽ വഴി തിരുവനന്തപുരത്തെത്തിയത്.  ടെസ്റ്റ് ഡോസിനു ശേഷം, സ്വർണത്തിന്റെ വിലയിലുണ്ടായ വർധന കാരണം പണമിറക്കാൻ ആളുണ്ടായില്ല. സന്ദീപും റമീസും ഹവാല ഇടപാടുകാരടക്കമുള്ളവരെ സമീപിച്ചു. 

നവംബർ, ഡിസംബറിലാണു സ്വർണക്കടത്ത് ഊർജിതമായത്. 3.5 കിലോഗ്രാം കടത്തിയാണു തുടക്കമെന്നാണു പ്രതികളിൽ ചിലരുടെ മൊഴി. എന്നാൽ, 5 – 10 കിലോഗ്രാം വീതം സ്വർണമുള്ള 18 പാഴ്സലുകൾ കടത്തിയെന്നാണു കസ്റ്റംസ് കരുതുന്നത്. 

കോവിഡ് ഭീതിയെ തുടർന്ന് ഇടയ്ക്ക് സ്വർണക്കടത്ത് നിലച്ചു. പിന്നീട് ഇക്കൊല്ലം ജൂണിലാണു പുനരാരംഭിച്ചത്. ഹവാല സംഘങ്ങൾ കൂട്ടത്തോടെ നിക്ഷേപമിറക്കിയതും ഇതോടെയാണ്. ജൂൺ 24ന് 16.5 കിലോഗ്രാമും 28ന് 25 കിലോഗ്രാമും സ്വർണം കടത്തി. 30ന് എത്തിയ 30 കിലോഗ്രാം ആണു പിടികൂടിയത്. 

എന്നാൽ, സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് ഓരോ പ്രതിയും ഓരോന്നു പറയുന്നതിനാൽ, ഇനിയും വ്യക്തത വരാനുണ്ടെന്നാണു കസ്റ്റംസ് കരുതുന്നത്. യഥാർഥ കണക്ക് പ്രതികൾ മറച്ചുവയ്ക്കുന്നതായാണു സംശയം. 

വിമാനത്താവളത്തിലും വിവരശേഖരണം

നെടുമ്പാശേരി ∙ സ്വർണ കള്ളക്കടത്തിനെപ്പറ്റി അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി സംഘം ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഐജി നിതീഷ്കുമാർ, ഡിഐജി കെ.ബി. വന്ദന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്. 

കസ്റ്റംസ്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമ്പ്രദായം, സിസിടിവിയുടെ പ്രവർത്തനം, നിരീക്ഷണ രീതി തുടങ്ങിയവ സംഘം ചോദിച്ചു മനസ്സിലാക്കി. കാർഗോ വിഭാഗവും സംഘം സന്ദർശിച്ചു. തിരുവനന്തപുരം കേസിൽ അറസ്റ്റിലായ കെ.ടി. റമീസ് നെടുമ്പാശേരി വഴിയും നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. ഇയാളോടൊപ്പം യാത്ര ചെയ്തവരുടെ വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. 

English summary: Gold smuggling case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com