sections
MORE

സ്പെഷൽ ബ്രാഞ്ച് എസ്ഐ വി.പി.അജിതന്റെ വേർപാടിൽ വിങ്ങി പൊലീസ് സേന

ajithan
അജിതൻ
SHARE

തൊടുപുഴ ∙ ‘സ്പെഷൽ ബ്രാഞ്ചിന്റെ ജില്ലാ കൺട്രോൾ റൂം ആ കൈകളിൽ ഭദ്രമായിരുന്നു’ കോവിഡ് പോസിറ്റീവായി മരിച്ച സ്പെഷൽ ബ്രാഞ്ച് എസ്ഐ വി.പി.അജിതനെക്കുറിച്ചു സഹപ്രവർത്തകരുടെ വാക്കുകളാണിത്. വെറും ചങ്ങാതി ആയിരുന്നില്ല, ചങ്കായിരുന്നു ജില്ലാ പൊലീസിലെ സഹപ്രവർത്തകർക്ക് അജിതൻ. രോഗം ബാധിച്ചെന്ന് അറിഞ്ഞപ്പോഴും തിരിച്ചുവരുമെന്ന് അവർ കരുതി. 

കേരള പൊലീസിൽ 1990 ബാച്ചുകാരനായി പൈനാവ് എആർ ക്യാംപിൽ എത്തിയതു മുതൽ പൂച്ചപ്രക്കാരൻ അജിതൻ ‘സർവോപരി ഇടുക്കിക്കാരൻ’ ആകുകയായിരുന്നു. പൈനാവ് എൻജിഒ ക്വാർട്ടേഴ്സിലായിരുന്നു താമസം. പൊലീസ് സേനയ്ക്കു പുറത്തും വലിയ സുഹൃദ്‌വലയമുണ്ടായിരുന്നു. ജില്ലാ ആസ്ഥാനത്തെ ഇടുക്കി, കഞ്ഞിക്കുഴി, മുരിക്കാശേരി സ്റ്റേഷനുകൾക്കു പുറമേ നർകോട്ടിക് സെൽ, ഡിസിആർബി, സ്പെഷൽ ബ്രാഞ്ച് എന്നിവിടങ്ങളിലും ജോലി ചെയ്തു. 2019 ജൂലൈ ഒന്നിനാണ് ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ കൺട്രോൾ റൂമിന്റെ ചുമതലയേറ്റെടുത്തത്. 

ഇടുക്കി ജില്ലയിലെ സംഭവങ്ങൾ, അപകടം, അക്രമം, പൊലീസിനെതിരെയുള്ള പരാതികൾ, മാധ്യമ വാർത്തകൾ എന്നിവ കണ്ടെത്തി സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യേണ്ട ചുമതലയായിരുന്നു അജിതന്. സമൂഹമാധ്യമങ്ങളുടെ നിരീക്ഷണവും നിർവഹിച്ചിരുന്നു. 

രണ്ടു വർഷം മുൻപ് പ്രളയകാലത്ത് ഇടുക്കി എസ്ഐ ആയിരുന്ന അജിതൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു രാവും പകലും മറന്ന് മുൻനിരയിൽ നിന്നു.  2021 മാർച്ചിൽ ആയിരുന്നു വിരമിക്കേണ്ടിയിരുന്നത്. അതിനു മുൻപ് അജിതനോടു വിടപറയേണ്ടി വന്ന സങ്കടത്തിലാണു സഹപ്രവർത്തകർ.

പൂച്ചപ്ര വരമ്പനാൽ പരമേശ്വരൻ – സരോജിനി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അജിതൻ. അനുജൻ വി.പി.മധു തൊടുപുഴ ട്രാഫിക് പൊലീസിൽ അസിസ്റ്റന്റ് എസ്‌ഐയാണ്. പൈനാവ് സ്വദേശിനിയാണ് ഭാര്യ രമണി.

കോവിഡ് പോസിറ്റീവായ ശേഷം ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു അജിതൻ. ഹൃദയസംബന്ധമായ അസുഖം മൂലം അജിതന്റെ സ്ഥിതി ഗുരുതരമായപ്പോൾ ബുധനാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇവിടെ  വെള്ളിയാഴ്ച രാത്രി 11.45ന് ആയിരുന്നു അന്ത്യം. 

ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി, തൊടുപുഴ ഡിവൈഎസ്പി കെ.കെ.സജീവ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോർജ്, കാഞ്ഞാർ എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, കുളമാവ് എസ്എച്ച്ഒ സുനിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സേനയുടെ അകമ്പടിയോടെയായിരുന്നു സംസ്കാരം. ജ്യേഷ്ഠപുത്രൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. 

English summary: Special branch SI dies of Covid

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA