ADVERTISEMENT

തിരുവല്ല ∙ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന യുവാവ് അപകടത്തിൽപെട്ട് റോഡിൽ രക്തം വാർന്നു കിടന്നിട്ടും ആരും രക്ഷിക്കാനെത്തിയില്ല. സഹായിക്കാൻ ശ്രമിച്ച വനിതാ ഡോക്ടർമാർ സഹായത്തിന് അഭ്യർഥിച്ചെങ്കിലും മുപ്പതോളം വരുന്ന വഴിയാത്രക്കാർ കാഴ്ചക്കാരായി.

ചിലർ ഇതു മൊബൈലിൽ പകർത്തി. എടത്വ തലവടി സൗത്ത് എക്കപ്പുറത്ത് തുണ്ടിയിൽപറമ്പിൽ ഏബ്രഹാം മാത്യുവിന്റെ മകൻ ജിബു ഏബ്രഹാമിനാണ് (23) ദാരുണാന്ത്യം. ബൈക്കിൽ കൂടെയുണ്ടായിരുന്ന തലവടി മണപ്പുറത്ത് കുഞ്ഞുമോന്റെ മകൻ ജെഫിനെ (22) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ പൊലീസെത്തി അതുവഴി വന്ന വാഹനം നിർത്തി ജിബുവിനെ പരുമലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 10 മിനിറ്റോളം വിലപ്പെട്ട സമയമാണ് റോഡിൽ പാഴായത്.

ഇന്നലെ രാവിലെ 10.15ന് തിരുവല്ല - മാവേലിക്കര റോഡിൽ കടപ്ര ഇന്ദ്രപ്രസ്ഥ ഹോട്ടലിനു മുൻപിലായിരുന്നു അപകടം. ജിബുവും ജെഫിനും തിരുവല്ലയ്ക്കു പോകുകയായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട്  മഴ പെയ്തുകിടന്ന റോഡിൽ തെന്നി മറിഞ്ഞ് കാറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

ജെഫിൻ റോഡിലേക്കു തെറിച്ചു വീണു. നിരണം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ബിംബി ഹരിദാസായിരുന്നു വാഹനമോടിച്ചത്. ഇവർക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കാർ മാറ്റി നിർത്തി പുറത്തിറങ്ങിയ ഡോക്ടർ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ സഹായം അഭ്യർഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. ഈ സമയം അതുവഴി കാറിലെത്തിയ ആലപ്പുഴ ബുധനൂർ കടമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ജെനി അഗസ്റ്റിനും പുറത്തിറങ്ങി സഹായം തേടി.

ഇവർ ചേർന്നു ജിബുവിനെ പൊക്കി മാറ്റാൻ നോക്കിയെങ്കിലും സാധിച്ചില്ല. റോഡിൽ കിടന്ന ജിബുവിനെ അതുവഴി വന്ന മാധ്യമപ്രവർത്തകനായ സതീഷ്കുമാർ പെരിങ്ങരയുടെ നേതൃത്വത്തിൽ റോഡരികിലേക്കു മാറ്റി. പരുക്കേറ്റ ജെഫിനെ ഇതിനകം ഓട്ടോയിൽ ആശുപത്രിയിലേക്കു കൊണ്ടുപോയിരുന്നു. കുവൈത്തിൽ ജോലിചെയ്യുകയായിരുന്നു ജിബു. കോവിഡ് കാരണം തിരികെ പോകാൻ കഴിഞ്ഞില്ല. ഷേർലിയാണ് മാതാവ്. സഹോദരൻ ഷിജു. സംസ്കാരം പിന്നീട്. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com