ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിൽ ജാഗ്രതക്കുറവുണ്ടായതിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെ മേൽ ചാരി സർക്കാർ. ഇന്നലെ രാവിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ, രോഗികൾ കൂടിയതു നമ്മുടെയെല്ലാം അലംഭാവം മൂലമാണെന്നും ഇതു കുറ്റബോധത്തോടെ ഉത്തരവാദപ്പെട്ടവർ ഓർക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് പത്രസമ്മേളനത്തിൽ ആരോപണ മുന പ്രതിപക്ഷത്തിനു നേരെ തിരിച്ചു.

പ്രതിഷേധ കൂട്ടായ്മകളിലൂടെ തെറ്റായ സന്ദേശം നൽകിയതാണു കോവിഡ് പ്രതിരോധം തകർത്തതെന്നായിരുന്നു പ്രതിപക്ഷമെന്ന് എടുത്തുപറയാതെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. അധികൃതരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഭാഗത്തു വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി രാവിലെ പറഞ്ഞത്:

‘‘കോവിഡിനെ പ്രതിരോധിക്കുന്നതിൽ അടുത്ത കാലത്തായി അലംഭാവമുണ്ടായി. അതാണു രോഗം വ്യാപിക്കാൻ ഇടയാക്കിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധത്തിനു മറ്റു വകുപ്പുകളും ജനങ്ങളുമെല്ലാം സഹായം നൽകി. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെയെല്ലാം ഭാഗത്ത് അലംഭാവം ഉണ്ടായി. ക്വാറന്റീൻ, അകലം പാലിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പല സ്ഥലങ്ങളിലും ഉണ്ടാകുന്നു. ഇക്കാര്യത്തിൽ കർക്കശ നിലപാടു സ്വീകരിക്കേണ്ടി വരും.

കോവിഡ് വന്ന ശേഷമുള്ള ചികിത്സ മാത്രമല്ല, വരാതിരിക്കാനുള്ള മുൻകരുതലും പ്രധാനമാണ്. ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയ കാരണങ്ങളിലേക്കു പോകുന്നില്ല. അതു പറഞ്ഞു വിഷമം ഉണ്ടാക്കേണ്ട ഘട്ടമല്ല ഇത്. പക്ഷേ, അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്നു നമ്മൾ കുറ്റബോധത്തോടെ ഓർക്കണം. ഉത്തരവാദികളായവർ അങ്ങനെ ഓർക്കുന്നതു നല്ലതാണ്’’

വൈകിട്ട് വിശദീകരിച്ചത്:

‘‘കോവിഡിനെതിരായ ജാഗ്രത കുറഞ്ഞതിനു പ്രധാന കാരണം ഇത്തരം ജാഗ്രത ആവശ്യമില്ല എന്ന സന്ദേശം പരന്നതാണ്. ചിലർ മാർഗ നിർദേശങ്ങൾ ലംഘിച്ചു കൂട്ടായ്മകൾ സംഘടിപ്പിച്ചു. ആളുകൾ കൂട്ടം കൂടുന്നതും തമ്മിൽ ഉരസുന്നതുമെല്ലാം ജനം കാണുകയായിരുന്നു. ജാഗ്രതയ്ക്കു വിപരീതമായ ഈ കാര്യങ്ങൾ തെറ്റായ സന്ദേശം നൽകി.

ശാരീരിക അകലവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും പറയുന്ന തോതിൽ പാലിക്കേണ്ടതില്ല എന്ന ധാരണയുണ്ടായി. ഇതിന്റെ ഫലമായി ജാഗ്രതക്കുറവ് മൊത്തത്തിലുണ്ടായി. അത് ഒഴിവാക്കണം എന്നാണു മുൻപ് പറഞ്ഞു കൊണ്ടിരുന്നത്. അപ്പോൾ വേറെ പണിയൊന്നുമില്ലാതെ പ്രഭാഷണം നടത്തുകയാണെന്നും പിആർ ഏജൻസിയുടെ ജോലിയുടെ ഭാഗമാണ് എന്നൊക്കെയാണു പ്രചരിപ്പിക്കാൻ നോക്കിയത്. ഇനി അതൊന്നും കുത്തിപ്പൊക്കുകയല്ല വേണ്ടത്.

കോവിഡിനെ ഇന്നത്തെ അവസ്ഥയിൽ പിടിച്ചുകെട്ടാൻ പഴയ ജാഗ്രത വീണ്ടെടുക്കണം. മറ്റു തരത്തിൽ അതിനെ കാണാതെ പ്രതിരോധത്തിൽ എല്ലാവരും ഒരുമയോടെ അണിനിരക്കണം’’

English summary: Negligence led to spread of COVID Kerala CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com