ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധി മൂലം പുതിയ റാങ്ക് പട്ടികകൾ തയാറാക്കുന്ന നടപടി മന്ദഗതിയിലായെങ്കിലും നിലവിലുള്ള പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ നടപടി എടുക്കുന്നില്ല. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമായി ഈ മാസം അൻപതിലേറെ റാങ്ക് പട്ടികകളുടെ കാലാവധിയാണ് അവസാനിക്കുന്നത്. കഴിഞ്ഞ മാസവും ഏതാണ്ട് ഇത്രയും പട്ടികകൾ കാലഹരണപ്പെട്ടിരുന്നു.

പുതിയ റാങ്ക് പട്ടിക വരുന്നതിനു മുൻപേ പഴയ പട്ടിക റദ്ദാകുന്നതോടെ പല തസ്തികകളിലും റാങ്ക് പട്ടികയില്ലാത്ത സാഹചര്യമാകും. ഇതു വ്യാപകമായി താൽക്കാലിക, പിൻവാതിൽ നിയമനങ്ങൾക്കു വഴിയൊരുക്കും. കോവിഡ് നേരിടാൻ സജീവമായി രംഗത്തിറങ്ങേണ്ട ആരോഗ്യ വകുപ്പിലെ ധാരാളം പട്ടികകൾ ഉൾപ്പെടെ ഈ മാസം റദ്ദാകുന്നുണ്ട്.

റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയാൽ അതിൽ നിന്നു നിയമനം നടത്തേണ്ടി വരും. അവ ഇല്ലാതാകേണ്ടതു പിൻവാതിൽ നിയമനം നടത്തേണ്ടവരുടെ ആവശ്യമാണ്. ഇതിനു സർക്കാർ കൂട്ടു നിൽക്കരുതെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ചെവിക്കൊള്ളുന്നില്ല. കോവിഡിനെ തുടർന്ന് ഒരു തവണ മാത്രമാണു റാങ്ക് പട്ടികകളുടെ കാലാവധി മൂന്നു മാസം വരെ നീട്ടാൻ സർക്കാർ തയാറായത്. നൂറോളം റാങ്ക് പട്ടികകൾ കഴിഞ്ഞ ജൂൺ 19 വരെ നീട്ടിയെങ്കിലും കാലഹരണപ്പെട്ടു.

ഉദ്യോഗാർഥികൾ കുറവുള്ള പരീക്ഷ ഓൺലൈനായി

തിരുവനന്തപുരം∙ കോവിഡ് മൂലം മാറ്റിയ പരീക്ഷകളിൽ കുറച്ച് ഉദ്യോഗാർഥികൾ മാത്രം എഴുതുന്നവ ഓൺലൈനായി സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയുടെ ഫലം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട പരീക്ഷ വൈകാതെ ഉണ്ടാകും.

ആരോഗ്യവകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സോഷ്യൽ സയൻസ്–തമിഴ് മീഡിയം) തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (ജനറൽ കാറ്റഗറി) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാത്‌ലാബ് ടെക്നിഷ്യൻ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, ജലസേചന വകുപ്പിൽ ഡ്രജർ ക്ലീനർ തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ അറ്റൻഡർ (പ്ലേറ്റ് ഗ്രെയിനിങ്–പട്ടികജാതി) തസ്തികയിലേക്ക് അഭിമുഖം നടത്തും.

English summary: PSC rank lists expires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com