ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസും ട്രഷറി വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയിൽ ബിജുലാലിന്റെ 2 ബാങ്ക് അക്കൗണ്ടുകളിലായി 19 ലക്ഷം രൂപ കണ്ടെത്തി. ബാങ്കുകൾക്കു കത്തു നൽകി ഇൗ പണം ട്രഷറി ഡയറക്ടർ മരവിപ്പിച്ചു. കലക്ടറുടെ അക്കൗണ്ടിലെ 2 കോടി രൂപ ആദ്യം സ്വന്തം ട്രഷറി അക്കൗണ്ടിലേക്കാണ് ബിജുലാൽ മാറ്റിയത്. അതിൽനിന്നു 62 ലക്ഷം രൂപ ഭാര്യയുടെ ട്രഷറി അക്കൗണ്ടിലേക്കു മാറ്റി. അവിടെനിന്നാണു ബാങ്ക് അക്കൗണ്ടുകളിലേക്കു പണം കൈമാറിയത്.

ബിജുലാലിന്റെ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചതു വഴി അതിലുണ്ടായിരുന്ന 1.38 കോടി രൂപ സർക്കാരിനു വീണ്ടെടുക്കാൻ കഴിഞ്ഞു. എന്നാൽ ഭാര്യയുടെ അക്കൗണ്ടിലേക്കു മാറ്റിയ പണം ഉടൻ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയതിനാൽ ട്രഷറി ഉദ്യോഗസ്ഥർക്ക് ഉടൻ ഇടപെടാൻ കഴിഞ്ഞില്ല. നഷ്ടപ്പെട്ട 62 ലക്ഷം രൂപയിൽ 19 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിൽ തന്നെ ഉള്ളതിനാൽ ഇതും സർക്കാരിനു പിന്നീടു തിരികെ ഇൗടാക്കാനാകും. ഇതിൽ ഒരു ബാങ്ക് അക്കൗണ്ട് കോഴിക്കോട് താമരശ്ശേരിയിലാണ്.

തട്ടിപ്പു കണ്ടെത്തിയിട്ടും ബിജുലാലിനെക്കൊണ്ടു പണം തിരിച്ചടപ്പിച്ച് ഒതുക്കിത്തീർക്കാനായിരുന്നു ആദ്യ ശ്രമം. സ്ഥിരമായി ഓൺലൈൻ റമ്മി (ചീട്ടുകളി) കളിച്ചതു കാരണം ബിജുലാലിനു ലക്ഷങ്ങൾ നഷ്ടപ്പെട്ടു. വീണ്ടും റമ്മി കളിച്ചു നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനായിരുന്നു അടുത്ത ശ്രമം. 

വെട്ടിപ്പിൽ ഒരു പങ്കുമില്ലെന്ന് ബിജുലാലിന്റെ ഭാര്യ

തിരുവനന്തപുരം ∙ ട്രഷറി പണം തട്ടിപ്പിൽ തനിക്ക് ഒരു പങ്കുമില്ലെന്നും അറിയാത്ത കുറ്റം ആരോപിച്ചു തന്നെ പ്രതിയാക്കുകയാണു പൊലീസ് ചെയ്തതെന്നും ഒന്നാം പ്രതി ബിജുലാലിന്റെ ഭാര്യ സിമി ബി. അംബി. ശബ്ദ സന്ദേശമായി പ്രതികരണം അറിയിക്കുകയായിരുന്നു.

‘ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണു ഞാൻ. എത്ര രൂപ എന്റെ ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നോ അതിൽനിന്ന് എത്ര രൂപ മാറ്റിയെന്നോ എനിക്കറിയില്ല. ഭർത്താവ് ഇതേക്കുറിച്ച് ഒരു കാര്യവും എന്നോടു പറഞ്ഞിട്ടില്ല. ഓൺലൈനിൽ റമ്മി കളിച്ചു പണം നഷ്ടപ്പെട്ടെന്നു കേട്ടപ്പോൾ ഞാൻ ബഹളം വച്ചു. അതോടെ അദ്ദേഹം ഒന്നും പറയാതെ, ഫോൺ പോലും എടുക്കാതെ വീട്ടിൽനിന്നു പോയി. ഞാൻ ഈ കേസിൽ ഒരു തെറ്റും ചെയ്തിട്ടില്ല.’–  സിമി പറയുന്നു.

English summary: Treasury fraud Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com