ADVERTISEMENT

തിരുവനന്തപുരം ∙ വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ ഒൗദ്യോഗിക അക്കൗണ്ടിൽ നിന്നു 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും ഓൺലൈൻ വഴി കൈമാറി തട്ടിപ്പു നടത്തിയ കേസിൽ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽനിന്നു പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് ഉത്തരവിറക്കും. 

ക്രമക്കേടു കണ്ടെത്തിയ ട്രഷറി ഓഫിസർ ബാബു പ്രസാദ് ഒഴികെ വഞ്ചിയൂർ സബ് ട്രഷറിയിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണത്തിനു തടസ്സമാകാതിരിക്കാനായി സ്ഥലം മാറ്റുകയും ചെയ്തു.

ജൂലൈ 27 ന് നടന്ന തട്ടിപ്പ് അന്നു തന്നെ കണക്കെടുപ്പിലൂടെ കണ്ടെത്താമായിരുന്നു എന്നിരിക്കെ ഇതിൽ വീഴ്ച വരുത്തിയ വഞ്ചിയൂർ സബ് ട്രഷറിയിലെയും ജില്ലാ ട്രഷറിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു ട്രഷറി ഡയറക്ടർ ശുപാർശ ചെയ്തു. വിരമിച്ചപ്പോൾ ട്രഷറി ഓഫിസറുടെ പാസ്‌വേഡ് ഒഴിവാക്കാത്തതിനും തട്ടിപ്പു കണ്ടെത്തിയ ഉടൻ ബിജുലാലിന്റെ അക്കൗണ്ട് മരവിപ്പിക്കാത്തതിനും ജില്ലാ ഐടി സെൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി നിർദേശിച്ചിട്ടുണ്ട്. വിരമിച്ച ഓഫിസറുടെ പാസ്‍വേഡ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടർ സബ് ട്രഷറിയിൽ നിന്നു പൊലീസ് പിടിച്ചെടുത്തു. പാസ്‌വേഡ് ഉപയോഗിച്ചതെങ്ങനെയെന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണു പൊലീസ് ശ്രമം. വകുപ്പുതല അന്വേഷണത്തിനായി ധനവകുപ്പിലെ 3 പേരെയും നാഷനൽ ഇൻഫർമാറ്റിക് സെന്ററിലെ ഒരാളെയും ചേർത്തു പ്രത്യേക സംഘം രൂപീകരിച്ചു.

ഇവർ 5 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ട്രഷറി സോഫ്റ്റ്‌വെയർ വീണ്ടും സുരക്ഷാ ഓഡിറ്റിനു വിധേയമാക്കാനും തീരുമാനിച്ചു. ബിജുലാൽ മുൻപു ജോലി ചെയ്തിരുന്ന ട്രഷറി ശാഖകളിലെ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക പരിശോധനയിൽ കൂടുതൽ തട്ടിപ്പുകളൊന്നും കണ്ടെത്താനായില്ല. എന്നാൽ, അവകാശികളെത്താതെ വിവിധ ട്രഷറി ശാഖകളിൽ കിടക്കുന്ന ആയിരക്കണക്കിനു കോടി രൂപയുടെ നിക്ഷേപം തട്ടിയെടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇത്തരം അക്കൗണ്ടുകളെല്ലാം താൽക്കാലികമായി മരവിപ്പിക്കാൻ ട്രഷറി ഡയറക്ടർ ശാഖകൾക്കു നിർദേശം നൽകി.

തട്ടിപ്പു പുറത്തായതോടെ ശനിയാഴ്ച വൈകിട്ടു വീട്ടിൽ ഫോൺ ഉപേക്ഷിച്ചു സ്ഥലംവിട്ട ബിജുലാൽ, പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ ജാമ്യാപേക്ഷ നൽകി. ഭാര്യ സിമി ബി. അംബിയെയും പ്രതിയാക്കിയിട്ടുണ്ടെങ്കിലും നിരപരാധിയാണെന്ന് ഉറപ്പുള്ളതിനാൽ ജാമ്യാപേക്ഷ നൽകുന്നില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ബിജുലാലിന്റെ സാമ്പത്തിക ഇടപാടുകളുമായി തനിക്കു ബന്ധമില്ലെന്നും അക്കൗണ്ടിൽ പണം എത്തിയത് അറിഞ്ഞിട്ടില്ലെന്നും സിമി പ്രതികരിച്ചു.

thomas

കോടികൾ ഒഴുകിപ്പോയത് 

∙എം.ആർ. ബിജുലാൽ ജൂലൈ 27 ന് സ്വന്തം യൂസർ നെയിമും പാസ്‌വേഡും ഉപയോഗിച്ച്, കലക്ടറുടെ ആദിവാസി ക്ഷേമ ഫണ്ടിൽ ബാക്കിയുണ്ടായിരുന്ന 2 കോടി രൂപ സ്വന്തം  ട്രഷറി അക്കൗണ്ടിലേക്ക് ഓൺലൈനായി കൈമാറി. ആ ട്രഷറി അക്കൗണ്ടിൽനിന്ന് 62 ലക്ഷം രൂപ ഭാര്യ സിമിയുടെ ട്രഷറി അക്കൗണ്ടിലേക്കു മാറ്റി. ബാക്കി 1.38 കോടി രൂപ ബിജുവിന്റെ ട്രഷറി അക്കൗണ്ടിൽ ഇപ്പോഴുമുണ്ട്. 

∙മേലുദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഇത്തരം ഇടപാടുകൾ പൂർത്തിയാകൂ. 

മേയ് 31 ന് വിരമിച്ച ട്രഷറി ഓഫിസറുടെ പാസ്‌വേഡ് ഇതിനായി ഉപയോഗിച്ചു. പണം കൈമാറ്റം ബിജുലാൽ തന്നെ ‘അംഗീകരിച്ചു’. കംപ്യൂട്ടറിൽ സേവ് ആയി കിടന്ന പാസ്‌വേഡ് ഉയോഗിച്ചായിരുന്നു ഇതെന്നാണു കരുതുന്നത്. 

∙പണം കൈമാറിക്കഴിഞ്ഞ ഉടൻ ഇൗ ഇടപാടു റദ്ദാക്കി. സെക്കൻഡുകൾക്കകം ഇതു ചെയ്താൽ ഇടപാടു റദ്ദാകുമെങ്കിലും പണം തിരികെ കലക്ടറുടെ അക്കൗണ്ടിലേക്കു വരില്ല. ഇടപാടു റദ്ദായതിനാൽ കലക്ട‍റുടെ അക്കൗണ്ടിൽ പണമുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാനുമാകും. ട്രഷറി ഓൺലൈൻ ബാങ്കിങ് സോഫ്റ്റ്‌വെയറിലെ ഇൗ തകരാറാണു ബിജുലാൽ തട്ടിപ്പിന് ഉപയോഗിച്ചത്. 

∙ഭാര്യയുടെ ട്രഷറി അക്കൗണ്ടിലെത്തിയ  62 ലക്ഷം രൂപ ബിജുലാൽ തന്റെയും ഭാര്യയുടെയും ബന്ധുവിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈനായി മാറ്റി. 

∙അന്നു ട്രഷറി ഇടപാടുകൾ ക്ലോസ് ചെയ്യുമ്പോൾ 2 കോടിയുടെ ഇൗ തിരിമറി കണ്ടെത്താനായില്ല. 2 നാൾ കഴിഞ്ഞാണു വിശദമായ പരിശോധനയിൽ തട്ടിപ്പു കണ്ടെത്തിയത്. 

∙ശനിയാഴ്ച ചാനലുകളിൽ വാർത്ത പ്രത്യക്ഷപ്പെട്ടതോടെ ബിജുലാൽ വീട്ടിൽ ഫോൺ ഉപേക്ഷിച്ചു കടന്നു. 

പിരിച്ചുവിടൽ എളുപ്പമല്ല

തിരുവനന്തപുരം ∙ ക്രമക്കേടു കാട്ടുന്ന ഉദ്യോഗസ്ഥരെ സർക്കാർ ജോലിക്കു പറ്റാത്തയാൾ എന്ന പൊതു കാരണം കാട്ടി അപ്പോൾ തന്നെ പിരിച്ചുവിടാൻ ഭരണഘടനയിൽ വകുപ്പുണ്ടെങ്കിലും അതു നടപ്പാക്കിയെടുക്കുക എളുപ്പമല്ല.

സെക്രട്ടേറിയറ്റിൽ അ‍ഡീഷനൽ സെക്രട്ടറിയായിരുന്ന സി.ജെ. ജോസഫിനെ സമരത്തിൽ പങ്കെടുത്തതിനു കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1985 ൽ നിർബന്ധിത പെൻഷൻ നൽകി പിരിച്ചുവിട്ടിരുന്നു. പിന്നീടു കോടതി വിധി വാങ്ങി 1987 ൽ അദ്ദേഹം തിരികെ വന്നു. അതുവരെ സിപിഎം ശമ്പളം നൽകി.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ക്രമക്കേടു കണ്ടെത്തിയാൽ സസ്പെൻഡ് ചെയ്യാമെങ്കിലും പിരിച്ചുവിടുന്നതിനു നീണ്ട നടപടിക്രമമുണ്ട്. വകുപ്പുതല അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിക്കുകയും കുറ്റാരോപണ മെമ്മോ നൽകുകയും വേണം. ഇതു പൂർ‌ത്തിയാകാൻ ഒരു വർഷമെങ്കിലുമെടുക്കും. എന്നാൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഉടൻ പിരിച്ചുവിടാം.

English summary: Treasury fraud: Govt. to dismiss officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com