ADVERTISEMENT

തിരുവനന്തപുരം∙ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത അധ:പതനത്തിലേക്കാണ് കേരളത്തിലെ ഇടതു മുന്നണി സർക്കാർ കൂപ്പുകുത്തിയിരിക്കുന്നതെന്ന് എഐസിസി ജനറൽസെക്രട്ടറി മുകുൾ വാസ്നിക്. 

സ്വർണക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കുക, സർക്കാരിലെ അഴിമതിയെക്കുറിച്ചു സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു യുഡിഎഫ് ജനപ്രതിനിധികളും പ്രധാന നേതാക്കളും നടത്തിയ ‘സ്പീക് അപ് കേരള’ സമരത്തിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ഓഫിസുകളിലും വീടുകളിലുമായി രാവിലെ മുതൽ ഉച്ചവരെ നടന്ന സത്യഗ്രഹം യുഡിഎഫിനു പുതിയ അനുഭവമായി.

അഴിമതിയും സ്വജനപക്ഷപാതവും രാജ്യദ്രോഹവും പോലുള്ള  കുറ്റകൃത്യങ്ങൾക്കു പിന്തുണ നൽകുന്നതു വഴി സർക്കാരിന്റെ മുഖം വികൃതമായെന്നു വാസ്നിക് പറഞ്ഞു.

∙രമേശ് ചെന്നിത്തല: മുഖ്യമന്ത്രി പിണറായി വിജയന് ധാർമികമായി അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടു.  

അഴിമതിയുടെയും കൊള്ളയുടെയും പ്രതിരൂപമായി സർക്കാർ മാറി. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടു പ്രിൻസിപ്പൽ സെക്രട്ടറി വഴി നടപ്പാക്കിയ സ്പ്രിൻക്ലർ പോലുള്ള കരാറുകളും വഴിവിട്ട പിൻവാതിൽ നിയമനങ്ങളും അന്വേഷിക്കണം. ഈ സർക്കാരിന്റെ കാലത്ത് ട്രഷറിയിൽ പോലും പണം സുരക്ഷിതമല്ല. 

∙മുല്ലപ്പള്ളി രാമചന്ദ്രൻ: പിണറായി സർക്കാർ സംസ്ഥാനത്തിനു ബാധ്യതയായി. സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് ഇത്. തട്ടിപ്പുകാരും കള്ളക്കടത്തു സംഘങ്ങളുമായി ഉന്നത സിപിഎം നേതാക്കളുടെ ബന്ധം തെളിയിക്കുന്ന വാർത്തകളാണ് അനുദിനം പുറത്തു വരുന്നത്. 

∙ഉമ്മൻചാണ്ടി:  സർക്കാർ അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. ആരോപണങ്ങൾക്കു മറുപടി പറയാൻ കഴിയാതെ നിൽക്കക്കള്ളിയില്ലാതായതോടെയാണു കോടിയേരി ബാലകൃഷ്ണൻ പ്രതിപക്ഷ നേതാവിനെതിരെ നട്ടാൽ കുരുക്കാത്ത ആരോപണം ഉന്നയിച്ചത്. അതു തന്റെ കാര്യമാണെന്നു സ്വന്തം പൊളിറ്റ്ബ്യൂറോ അംഗം തുറന്നു പറഞ്ഞതോടെ ജനങ്ങൾക്കു സത്യം ബോധ്യമായി.   

∙കെ.സി.വേണുഗോൽ: സിപിഎമ്മിന്റെയും സർക്കാരിന്റെയും മുഖം  ദിവസവും കൂടുതൽ‍  വികൃതമാവുന്നു. മുഖ്യമന്ത്രിയും  അദ്ദേഹത്തിന്റെ ഓഫിസും തന്നെയാണ്  എല്ലാ പ്രശ്നങ്ങൾക്കും കാരണം.

∙പി.കെ.കുഞ്ഞാലിക്കുട്ടി: ഇത്രയധികം പിൻവാതിൽ നിയമനം നടന്ന കാലഘട്ടം  ഉണ്ടായിട്ടില്ല. ഉന്നത സ്ഥാനങ്ങളിലേക്കു വരെ തട്ടിപ്പുകാരെ നിയമിച്ചു. ഇതുപോലെ  പരാജയപ്പെട്ട  സർക്കാർ കേരളത്തിലുണ്ടോ?അഞ്ചുവർഷത്തെ ബാലൻസ് ഷീറ്റ് എടുത്തു നോക്കുമ്പോൾ അഭിമാനത്തോടെ പറയാൻ ഒരു കാര്യം ഈ സർക്കാരിനുണ്ടോ? 

ഘടകകക്ഷി നേതാക്കളായ എം.കെ. മുനീർ, കെ.പി.എ.മജീദ്, പി.ജെ.ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോൺ, ജി.ദേവരാജൻ, ജോൺ ജോൺ തുടങ്ങിയവർ വസതികളിൽ സത്യഗ്രഹം അനുഷ്ഠിച്ചു. നേതാക്കളെല്ലാം സമൂഹ മാധ്യമ പ്രൊഫൈലിലൂടെ പ്രതിഷേധം വ്യക്തമാക്കി.

English summary: UDF protest: Speak Up Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com