ADVERTISEMENT

തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നു പണം പിടിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം (ഇവിഎം) വാങ്ങാനുള്ള ഫണ്ടിന്റെ പകുതിയായ 17.86 കോടി രൂപ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ‌ അവയുടെ നോൺ റോഡ് മെയിന്റനൻസ് ഫണ്ടിൽ നിന്നു നൽ‌കാനാണു നിർദേശം.

 ഗ്രാമപ്പഞ്ചായത്തുകൾക്ക് ഈയിനത്തിൽ അനുവദിച്ച തുകയുടെ പകുതിയിലേറെ (52.44%) ഇങ്ങനെ തിരിച്ചെടുക്കും. കോർപറേഷനുകൾ 8.77%, നഗരസഭകൾ 12.36%, ജില്ലാ പഞ്ചായത്തുകൾ 15.66%, ബ്ലോക്ക് പഞ്ചായത്തുകൾ 10.77% എന്നീ അനുപാതത്തിലാണു തുക നൽകേണ്ടത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി ഇവിഎം വാങ്ങാൻ 35.72 കോടി രൂപ അനുവദിക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മാർച്ചിലും ജൂണിലും സർക്കാരിനു കത്തെഴുതിയിരുന്നു. 

ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ ഈ വർഷത്തെ നോൺ റോഡ് മെയിന്റനൻസ് ഫണ്ടിൽ നിന്നു തുക പൂർണമായി അനുവദിക്കാനാണു സർക്കാർ ആദ്യം ആലോചിച്ചത്. 

ഇതു പദ്ധതി പ്രവർത്തനത്തെ ബാധിക്കുമെന്നു വിലയിരുത്തിയതോടെയാണു പകുതി തുക സർക്കാർ അനുവദിക്കാനും ബാക്കി നോൺ റോഡ് ഫണ്ടിൽ നിന്നു നൽകാനും തീരുമാനിച്ചത്. ഈയിടെ റോഡ് ഇതര ഫണ്ടിന്റെ രണ്ടാം ഗഡുവായി 294.38 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്നു. 

ഇതു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആശുപത്രികളുടെയും മറ്റും അറ്റകുറ്റപ്പണികൾക്കു വിനിയോഗിക്കാമെന്നു വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു ഇവിഎം വാങ്ങാൻ തുക പിടിക്കുന്നത്. 

2015ലെ തിരഞ്ഞെടുപ്പ് കാലത്തും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വാങ്ങാൻ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം ചെലവിട്ടിരുന്നു.

English summary: Kerala local body election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com