ന്യൂഡൽഹി / പത്തനംതിട്ട ∙ പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസിൽ അന്വേഷണം നടക്കുന്നതിനിടെ സ്ഥാപന ഉടമ റോയി ഡാനിയലിന്റെ 2 മക്കൾ രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഡൽഹി വിമാനത്താവളത്തിൽ പിടിയിലായി. സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റിനു മറിയം തോമസ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗംറീബ മറിയം തോമസ് എന്നിവരാണ് കസ്റ്റഡിയിലായത്. ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ ദുബായിലേക്കും അവിടെനിന്ന് ഓസ്ട്രേലിയയിലേക്കും കടക്കാനായിരുന്നു പദ്ധതി.
പൊലീസ് പുറത്തിറക്കിയ തിരച്ചിൽ നോട്ടിസിന്റെ അടിസ്ഥാനത്തിൽ റിനുവിനെയും റിയയെയും വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ ശേഷം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണെ വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം ഇരുവരെയും തടഞ്ഞു വയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
പത്തനംതിട്ടയിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം വിമാന മാർഗം ഡൽഹിക്ക് പുറപ്പെട്ടു. ഇവർ എത്തിയ ശേഷം റിനുവിനെയും റിയയെയും അറസ്റ്റ് ചെയ്ത് ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും.
പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, മാനേജിങ് പാർട്നർ തോമസ് ഡാനിയൽ, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് എന്നീ പേരിൽ കഴിഞ്ഞ ദിവസം പത്തനംതിട്ട സബ് കോടതിയിൽ പാപ്പർ ഹർജി നൽകുകയും ചെയ്തിട്ടുണ്ട്.
English summary: Popular finance: 2 arrest