ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസിലെ പ്രതികൾ സെക്രട്ടേറിയറ്റിലെ ഏതൊക്കെ ഓഫിസുകളിൽ ആരെയൊക്കെ സന്ദർശിച്ചുവെന്നു കണ്ടെത്തുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മൂന്നാം വട്ടവും സെക്രട്ടേറിയറ്റിലെത്തി.

അവധി ദിവസം സിസിടിവി ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധന നടത്തി സെക്രട്ടേറിയറ്റിലെ 83 ക്യാമറകളും എവിടെയൊക്കെയാണു സ്ഥാപിച്ചിരിക്കുന്നതെന്നു മനസ്സിലാക്കി. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ ഓഫിസിലും എത്തി. ഏതൊക്കെ ക്യാമറകളിലെ ദൃശ്യങ്ങൾ വേണമെന്നു 2 ദിവസത്തിനുള്ളിൽ കത്തു നൽകുമെന്നു എൻഐഎ അധികൃതർ അറിയിച്ചു. 

രാവിലെ 10 മണിയോടെയാണു ‘സിഡാക്കി’ലെ സാങ്കേതിക വിദഗ്ധർക്കൊപ്പം എൻഐഎ പ്രതിനിധികൾ എത്തിയത്. പരിശോധന പൂർത്തിയാക്കി നാലോടെ മടങ്ങി. സെക്രട്ടേറിയറ്റിലെ സെർവർ റൂമും കൺട്രോൾ റൂമും ദൃശ്യങ്ങളും പരിശോധിച്ചു. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ സുരക്ഷിതമാണോ, അതിൽ ക്രമക്കേടിനു സാധ്യതയുണ്ടോ, ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാനുള്ള ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു. 

ദൃശ്യങ്ങൾ ലഭിക്കുന്നതോടെ സ്വർണക്കടത്തു പ്രതികൾ സെക്രട്ടേറിയറ്റിൽ എത്ര തവണ വന്നുവെന്നും ആരെയൊക്കെ കണ്ടുവെന്നും വ്യക്തമാകും. മുഴുവൻ ക്യാമറകളിലെയും ഒരു വർഷത്തെ ദൃശ്യം പകർത്തുന്നതു ബുദ്ധിമുട്ടാണെങ്കിലും എൻഐഎ ആവശ്യപ്പെടുന്ന ക്യാമറകളിലെ നിശ്ചിത ദിവസങ്ങളിലെ ദൃശ്യങ്ങൾ നൽകേണ്ടി വരും.

പൊതുഭരണ, ഐടി സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് വിഭാഗത്തിലെയും സെർവർ റൂമിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പൊതുഭരണ സെക്രട്ടറിക്കു നോട്ടിസ് നൽകിയ ശേഷമാണ് എൻഐഎ എത്തിയത്.

ദൃശ്യങ്ങൾ ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കത്തു നൽകാനും നയതന്ത്ര ബാഗേജുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുമായിരുന്നു മുൻപ് വന്നത്. 

English summary: NIA in Kerala secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com