ADVERTISEMENT

പത്തനംതിട്ട ∙ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച കർഷകൻ പി.പി.മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിപ്പാടുകൾ കണ്ടെത്തി. മത്തായിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനു മുൻപ് സിബിഐ നടത്തിയ ദേഹ പരിശോധനയിലാണ് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളതിനേക്കാൾ മുറിവുകൾ കണ്ടെത്തിയത്. ആദ്യ ഇൻക്വസ്റ്റിൽ ഒഴിവാക്കപ്പെട്ട ചെറിയ മുറിവുകൾ സിബിഐ രേഖപ്പെടുത്തി. വീഴ്ചയിൽ സംഭവിക്കാത്ത തരം പാടുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് വിവരം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് എഴുതുന്നതിനു മുൻപ്, മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തിയ കിണറും പരിസരവും സിബിഐ സംഘവും ഡോക്ടർമാരുടെ സംഘവും പരിശോധിച്ചു. ഫൊറൻസിക് സർജന്മാരുടെ ആവശ്യത്തെ തുടർന്നാണ് അടിയന്തരമായി സിബിഐ സംഘം ചിറ്റാറിലെത്തിയത്. ശരീരത്തിലെ മുറിവുകൾ എങ്ങനെയെല്ലാം ഉണ്ടാകാമെന്നതു സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. മൃതദേഹം ആദ്യം കണ്ടവരിൽനിന്ന് വിവരം ശേഖരിച്ചു. തുടർന്ന് കുടപ്പനക്കുളത്തെ മത്തായിയുടെ വീട്ടിലും അന്വേഷണ സംഘം എത്തി. ഭാര്യ ഷീബയോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു.

mathayi
മത്തായി

ഇന്നലെ രാവിലെ 10നു റാന്നിയിലെ മോർച്ചറിയിൽനിന്ന് സിബിഐ ഡിവൈഎസ്പിമാരായ റൺബീർ സിങ് ശെഖാവത്തും ടി.പി.അനന്തകൃഷ്ണനും ചേർന്ന് മത്തായിയുടെ മൃതശരീരം ഏറ്റെടുത്തു. റൺബീർ സിങ് ശെഖാവത്താണ് അന്വേഷണ ഉദ്യോഗസ്ഥൻ. 12 മണിയോടെ ദേഹപരിശോധന തുടങ്ങി. 3ന് പോസ്റ്റ്മോർട്ടം തുടങ്ങി.

ആദ്യ റിപ്പോർട്ടിനെതിരെ ആക്ഷേപമുള്ളതിനാൽ കുടുതൽ സമയമെടുത്താണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. വൈകുന്നേരം 5.45ന് നടപടികൾ പൂർത്തിയാക്കി സംഘം ചിറ്റാറിലേക്ക് പുറപ്പെട്ടു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൊലീസ് പൂർണമായും ചിത്രീകരിച്ചു. തിരുവല്ല സബ് കലക്ടർ വിനയ് ഗോയൽ, അസിസ്റ്റന്റ് കലക്ടർ വി.ചെൽസാസിനി എന്നിവർ മുഴുവൻ സമയവും നടപടികളുടെ ഭാഗമായി. 

English summary: Farm owner Mathai's re-post mortem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com