പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: ഡിജിപിയുടെ ഉത്തരവിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി

HIGHLIGHTS
  • പരാതികളെല്ലാം കോന്നി സ്റ്റേഷനിലേക്കു മാറ്റണമെന്ന നിർദേശത്തോട് എതിർപ്പ്
popular-finance
റോയ് ഡാനിയൽ, പ്രഭ തോമസ്, അറസ്റ്റിലായ റിനു മറിയം തോമസ്, റീബ മറിയം തോമസ്‌
SHARE

പത്തനംതിട്ട ∙ പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ പരാതി വരുന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും കേസെടുക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി. എല്ലാ സ്റ്റേഷനിലെയും കേസുകൾ കോന്നി പൊലീസ് സ്റ്റേഷനിലേക്കു മാറ്റണമെന്ന ഡിജിപിയുടെ ഉത്തരവിനെതിരാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. സംസ്ഥാനം പാസാക്കിയ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പോപ്പുലർ കേസിൽ ചുമത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. കേസിന്റെ തുടർ നടപടികളിൽ സിപിഎം നിലപാട് നിർണായകമാകും. സംരക്ഷണ നിയമം ചുമത്തുന്ന കാര്യത്തിൽ അന്വേഷണ സംഘം ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് പാർട്ടി ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എല്ലാ കേസുകളും കോന്നിയിലേക്ക് മാറ്റി ഒറ്റ എഫ്ഐആറിനു കീഴിലാക്കുന്നത് പോപ്പുലറിനെ സഹായിക്കാനാണെന്ന വ്യാപക ആക്ഷപത്തിനിടെയാണ് ഡിജിപിയുടെ ഉത്തരവ് തിരുത്തണമെന്ന ആവശ്യം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയോട് ഉന്നയിക്കുന്നത്. പോപ്പുലറിന്റെ ശാഖകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ നിക്ഷേപകർക്ക് അവസരം നൽകണം. ഓരോ പരാതിയിലും കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറാവണം. ഉടമകളുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാതിരിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നിക്ഷേപ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പോപ്പുലർ കേസ് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കണമെന്നും എല്ലാ കേസുകളും തീർപ്പാക്കാൻ സർക്കാർ തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിക്ഷേപകരിൽ സർവീസ് പെൻഷൻകാരും പ്രവാസികളും വ്യാപാരികളും കർഷകരും തൊഴിലാളികളുമുണ്ട്. സാധാരണക്കാരുടെ ആയുസ്സിന്റെ സമ്പാദ്യമാണ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. ജനങ്ങളുടെ പണം തട്ടിയെടുത്ത് വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുകയാണ് ഉടമകൾ ചെയ്തത്. 2000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഉടമകൾ രാജ്യം വിടും മുൻപ് അറസ്റ്റ് ചെയ്യാൻ സാധിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കുകയാണെന്നും ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു.

സംസ്ഥാന നിക്ഷേപ സംരക്ഷണ നിയമം പ്രയോഗിച്ചേക്കും

പത്തനംതിട്ട∙ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് പൂർണ സംരക്ഷണം നൽകുന്ന സംസ്ഥാന നിക്ഷേപ സംരക്ഷണ നിയമം പോപ്പുലർ കേസിൽ പ്രയോഗിക്കാൻ ഒരുങ്ങുന്നു. 2015ൽ നിലവിൽ വന്നെങ്കിലും സംസ്ഥാനത്തു സാമ്പത്തിക തട്ടിപ്പ് കേസുകളിൽ അധികം ഉപയോഗിക്കാത്ത നിയമം പോപ്പുലർ കേസിൽ ഉപയോഗിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി കൂടി ആവശ്യപ്പെട്ടതോടെ നിയമവും വകുപ്പുകളും സജീവ ചർച്ചയായി. ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താൽപര്യ സംരക്ഷണ ബിൽ 2012ൽ ആണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. സഹാറ നിക്ഷേപ തട്ടിപ്പ് കേസിനു പിന്നാലെ കേന്ദ്ര സർക്കാർ നിർദേശത്തിന്റെ ചുവടു പിടിച്ചാണ് സംസ്ഥാനം നിയമം നിർമിച്ചത്.രാഷ്ട്രപതി ഒപ്പുവച്ച നിയമം 2015ൽ പ്രാബല്യത്തിൽ വന്നു. 

നിക്ഷേപ താൽപര്യ സംരക്ഷണ നിയമത്തിലെ പ്രധാന വകുപ്പുകൾ ഇവയാണ്: 

∙ നിക്ഷേപ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ ജപ്തി നടപടികളും അതിൽ ലഭിക്കുന്ന പണത്തിന്റെ നിയന്ത്രണത്തിനുമായി സർക്കാരിന് പ്രത്യേക അധികാരങ്ങളോടു കൂടി ഉദ്യോഗസ്ഥനെ നിയമിക്കാം. 

∙ ഏതെങ്കിലും ധനകാര്യ സ്ഥാപനം നിക്ഷേപം തിരികെ നൽകുന്നതിലോ പലിശ നൽകുന്നതിലോ വീഴ്ച വരുത്തിയാൽ ഉടമ, സ്ഥാപനത്തിന്റെ നടത്തിപ്പുകാർ എന്നിവർ കുറഞ്ഞത് 10 വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധേയരാണ്. 

∙ നിക്ഷേപമോ പലിശയോ തിരികെ നൽകാത്ത സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ സർക്കാരിന് ജപ്തി ചെയ്ത് അതിൽ നിന്നു ലഭിക്കുന്ന പണം നിക്ഷേപകർക്കു നൽകാം. 

∙ നിക്ഷേപങ്ങൾ തിരികെ നൽകാൻ ഈ പണം തികയുന്നില്ലെങ്കിലോ, ജപ്തി ചെയ്യാൻ ഉടമകളുടെ പക്കൽ വസ്തുക്കൾ ഇല്ലെങ്കിലോ സ്ഥാപനത്തിന്റെ പ്രമോട്ടർമാർ, പങ്കാളികൾ, ഡയറക്ടർമാർ, മാനേജർമാർ, ഡയറക്ടർ ബോർഡ് അംഗം എന്നിവരുടെ വസ്തുക്കൾ സർക്കാരിനു ജപ്തി ചെയ്ത് പ്രത്യേകം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനു കൈമാറാം. 

∙ നിയമത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥനു സ്വീകരിക്കാം. 

∙ ജപ്തിയിലൂടെ ലഭിക്കുന്ന പണം കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ പ്രത്യേക അക്കൗണ്ട് തുറക്കണം. 

∙ നിക്ഷേപ തട്ടിപ്പ് വിചാരണ ചെയ്യാൻ ജില്ലാ സെഷൻസ് കോടതിയുടെ പദവിയിൽ ഒന്നോ അതിലധികമോ പ്രത്യേക കോടതികൾ സ്ഥാപിക്കാം. 

∙ മറ്റേതെങ്കിലും കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസുണ്ടെങ്കിൽ പ്രത്യേക കോടതിയിലേക്ക് മാറ്റണം. പൂർണ അധികാരം പ്രത്യേക കോടതിക്ക് മാത്രമായിരിക്കും. 

∙ കേസ് നടത്തുന്നതിന് ഒന്നോ അതിലധികമോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയോഗിക്കാം. 

∙ കീഴ്‍ക്കോടതിയിൽ നിന്ന് കൈമാറാതെ തന്നെ കേസുകൾ നേരിട്ട് പ്രത്യേക കോടതിക്ക് കൈകാര്യം ചെയ്യാം. 

∙ നിക്ഷേപകർക്ക് നൽകേണ്ട തുക പൂർണമായും പലിശ സഹിതമോ, അല്ലാതെയോ നൽകാൻ ഉടമ തയാറാവുകയാണെങ്കിൽ പ്രത്യേക ഉദ്യോഗസ്ഥന് കേസ് രാജിയാക്കാം. വിചാരണ തുടങ്ങിയ ശേഷമാണിതെങ്കിൽ, കോടതിയുടെ അനുമതിയോടെ കേസ് രാജിയാക്കാം. 

∙ ധനകാര്യ സ്ഥാപനത്തിന്റെ ഉടമകളുമായി ബന്ധപ്പെട്ട വസ്തുവകകൾ കൈമാറ്റം ചെയ്യപ്പെട്ടാൽ നോട്ടിസ് മുഖേന കോടതിക്ക് ആ വസ്തുവകകൾ ജപ്തി ചെയ്യാം. ജപ്തി ചെയ്യാതിരിക്കണമെങ്കിൽ വസ്തു വാങ്ങിയ ആൾ അതിന്റെ കാരണം കോടതിയിൽ ബോധിപ്പിക്കേണ്ടി വരും.

English Summary: CPM demands revoking of DGP's circular on case filing in Popular Finance case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA