ADVERTISEMENT

തൃശൂർ ∙ കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവർത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് ആൻജിയോഗ്രാം പരിശോധനയ്ക്കു മുൻപു മലക്കം മറിഞ്ഞു. ആൻജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കൽ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു.

സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നോയെന്ന സംശയത്തിലാണു ജയിൽവകുപ്പ്. സ്വപ്നയെയും കെ.ടി. റമീസിനെയും ജയിലിലേക്കു തിരിച്ചയച്ചു. സ്വപ്നയെയും റമീസിനെയും എൻഐഎ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുന്നതിനിടെ തങ്ങളുടെ മൊഴിയിലെ വൈരുധ്യങ്ങൾ ഒഴ‍ിവാക്കാനും തുടർനട‌പടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശ‍ുപത്രിവാസം തരപ്പെടുത്തിയതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെ‍ഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി‍യിൽ ഇവർക്കു സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയിൽ സൂപ്രണ്ടുമാർ പൊലീസ‍ിനു കത്തു നൽകിയിരുന്നു. എന്നാൽ, സ്വപ്ന ആശുപത്രി സെല്ലിനുള്ളിൽനിന്നു ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായി.

സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ കണ്ടില്ല. ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ ഒരുങ്ങിയെങ്കിലും ഇവർ നെഞ്ചുവേദന ശക്തമാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആൻജിയോഗ്രാം നിർദേശിച്ചത്. റമീസിന് എൻഡോസ്കോപ്പി പരിശോധനയിൽ രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. മെഡിക്കൽ ബോർഡ് വീണ്ടും യോഗംചേർന്ന് ഇന്നലെ വൈകിട്ടോടെ ഇരുവരെയും ജയിലിലേക്കു തിരിച്ചയച്ചു. 

അനങ്ങാൻ വിടാതെ ജയിൽ

ജയിലിൽ നിന്ന് ആശുപത്രിയിലേക്കു ‘ചാടാൻ’ സ്വപ്നയ്ക്കും റമീസിനും പ്രേരണയായത് ജയിലിലെ കർശന നിയന്ത്രണങ്ങളെന്നു സൂചന. വനിതാ ജയിലിൽ സ്വപ്നയെ ഏകാന്തവാസത്തിനു തുല്യമായ സ്ഥിതിയിലാണു പാർപ്പിച്ചിട്ടുള്ളത്. ഇവരുടെ സെല്ലിന‍ു പുറത്തു സ്ഥാപിച്ച ബോർഡിൽ ഓരോ അരമണിക്കൂർ കൂടുമ്പോഴും രാത്രി പാറാവുകാരെത്തി ഒപ്പിടണമെന്നും സെല്ലിനകം നിരീക്ഷിക്കണമെന്നും ഉത്തരവുണ്ട്. പകൽ സമയത്തു മറ്റു തടവുകാരെ പുറത്തിറക്കുന്ന കൂട്ടത്തിലും സ്വപ്നയെ പുറത്തിറക്കില്ല. റമീസിനെ പാർപ്പിച്ചിട്ടുള്ള അതിസുരക്ഷാ ജയിലിലും സ്ഥിതി ഇതുതന്നെ. ഇരുവർക്കും ജയിൽവാസത്തിനിടെ ഒരുവട്ടം പോലും സന്ദർശകരെ അനുവദിച്ചിട്ടില്ല.

ബന്ധുക്കൾക്ക് അനുമതിയില്ല

സ്വപ്ന സുരേഷിനെയും കെ.ടി. റമീസിനെയും മെഡിക്കൽ കോളജിലെ സെല്ലിൽ സന്ദർശിക്കാൻ ബന്ധുക്കൾക്ക് അനുമതി നിഷേധിച്ചു. അന്വേഷണ ഏജൻസിയുടെയോ കോടതിയുടെയോ ജയിൽ അധികൃതരുടെയോ അനുമതിപത്രം ഹാജരാക്കാതെ എത്തിയതിന്റെ പേരിലാണിത്.

സ്വപ്നയ്ക്കൊപ്പം സെൽഫി, പൊലീസിന് താക്കീത്

തൃശൂർ ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിൽനിന്നു സ്വപ്ന സുരേഷിനൊപ്പം സെൽഫിയെടുത്ത വനിതാ പൊലീസുകാർക്കു താക്കീത്. സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 6 വനിതാ പൊലീസുകാരെയാണ് കമ്മിഷണർ ആർ. ആദിത്യ വിളിച്ചുവരുത്തി താക്കീത് ചെയ്തത്.

കൗതുകത്തിന്റെ പേരിൽ സെൽഫി എടുത്തതാണെന്നായിരുന്നു പൊലീസ‍ുകാരുടെ വിശദീകരണം.  അതേസമയം, ആശുപത്രി ജീവനക്കാരിൽ ഒരാളുടെ ഫോണിൽനിന്നു സ്വപ്ന പുറത്തേക്കു വിളിച്ചെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

English summary: Swapna Suresh: Medical Checkup

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com