ആരോഗ്യവകുപ്പ് നിർദേശിക്കുന്നത് പരിശോധനയ്ക്കുശേഷം ക്വാറന്റീൻ

covid-vaccine-representational-image
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട് ∙ സംസ്ഥാന ആരോഗ്യവകുപ്പ് ഓഗസ്റ്റ് 15നു പുറത്തിറക്കിയ ‘കോവിഡ് ടെസ്റ്റിങ് ഗൈഡ്‌ലൈൻസ്’ പ്രകാരം ഹൈ റിസ്ക് കോണ്ടാക്ട് ആയ ഒരാൾ സ്രവപരിശോധന നടത്തേണ്ടതുണ്ട്. 14 ദിവസത്തിനിടെ സമൂഹവ്യാപനം സംശയിക്കപ്പെടുന്ന പ്രദേശത്തുനിന്നു യാത്ര ചെയ്ത വ്യക്തി ഹൈ റിസ്ക് കോണ്ടാക്ട് ആണ്.

മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിൽ നിന്നാണ് കണ്ണൂരിലെത്തിയത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രി പരിസരം സന്ദർശിച്ചവരും ഹൈ റിസ്ക് കോണ്ടാക്ട് ആണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ജില്ലാ ആശുപത്രിയിൽ നിന്നാണ് മന്ത്രിയും ഭാര്യയും  സ്രവ പരിശോധന നടത്തിയത്. ഇതുപ്രകാരവും ഇന്ദിര ഹൈ റിസ്ക് കോണ്ടാക്ട് ആണ്.

സ്രവ പരിശോധനയ്ക്ക് എത്തുന്നവരോട് ആശുപത്രികളിൽനിന്നും ലബോറട്ടറികളിൽനിന്നും നിർദേശിക്കുന്നത് ഫലം വരുന്നതു വരെ ക്വാറന്റീനിൽ പോകണമെന്നാണ്. ഇതു പ്രോട്ടോകോളിന്റെ ഭാഗമാണെന്നും കോവിഡ് ലക്ഷണങ്ങൾ ഇല്ലെങ്കിലും ഇതു നിർബന്ധമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. 10നു സ്രവം പരിശോധനയ്ക്കു നൽകി അതേ ദിവസം തന്നെയാണ് ഇന്ദിര  ബാങ്കിൽ പോയത്. തനിക്കു ക്വാറന്റീൻ ഇല്ലായിരുന്നെന്ന് അവർ പറയുന്നുണ്ടെങ്കിലും ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നില്ല.

സെക്കൻഡറി കോണ്ടാക്ട് മാത്രമായ തനിക്ക് ക്വാറന്റീൻ ആവശ്യമില്ലായിരുന്നുവെന്നും ഇന്ദിര വിശദീകരണ വിഡിയോയിൽ പറയുന്നു. എന്നാൽ സെക്കൻഡറി കോണ്ടാക്ട് എന്നതിനെക്കാൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ദിരയെ ഹൈ റിസ്ക് കോണ്ടാക്ട് ആയാണു പരിഗണിക്കേണ്ടതെന്നു മാർഗനിർദേശത്തിൽ വ്യക്തം.

ഓഗസ്റ്റ് 22ലെ ‘കോണ്ടാക്ട് ട്രേസിങ് ആൻഡ് ക്വാറന്റീൻ ഗൈഡ്‍ലൈൻസ്’ പ്രകാരമാണെങ്കിൽ ഇന്ദിര രോഗലക്ഷണങ്ങളില്ലാത്ത സെക്കൻഡറി കോണ്ടാക്ട് ആണ്. ഇത്തരക്കാരും സമൂഹവുമായുള്ള സമ്പർക്കം (സോഷ്യൽ കോണ്ടാക്ട്) ഒഴിവാക്കണമെന്നാണു നിർദേശം. വീടിനു പുറത്തുള്ള സന്ദർശനങ്ങളെയാണ് സോഷ്യൽ  കോണ്ടാക്ട് എന്നതു കൊണ്ട് പ്രോട്ടോക്കോളിൽ ഉദ്ദേശിക്കുന്നത്.

ഓഗസ്റ്റ് 14നു പുറത്തിറക്കിയ വിഐപി പ്രോട്ടോക്കോളിൽ, മന്ത്രിമാരുടെ കുടുംബാംഗങ്ങളും ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിരുന്നു. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കണമെന്നും ഈ പ്രോട്ടോക്കോളിൽ നിർദേശമുണ്ട്. 

English summary: Covid testing guidline Kerala 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA