ADVERTISEMENT

തിരുവനന്തപുരം ∙ ഒരു വർഷത്തേക്കു സർക്കാർ കെട്ടിടങ്ങൾ മോടിപിടിപ്പിക്കുന്നതിനും ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതിനും വിലക്കേർപ്പെടുത്തി സർക്കാർ. ചെലവു ചുരുക്കുന്നതിനായി നിയോഗിച്ച 3 സമിതികളുടെ റിപ്പോർട്ടുകളിലെ മുഖ്യ നിർദേശങ്ങളാണു മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

ഔദ്യോഗിക ചർച്ചകൾ, യോഗങ്ങൾ, പരിശീലനങ്ങൾ, ശിൽപശാലകൾ, സംവാദങ്ങൾ തുടങ്ങിയ പരിപാടികളെല്ലാം പരമാവധി ഓൺലൈനായി നടത്തണം. കേന്ദ്രാവിഷ്കൃത പദ്ധതികളുൾപ്പെടെ പല പദ്ധതികളും പ്രവർത്തനം അവസാനിപ്പിച്ചിട്ടും ജീവനക്കാർ തുടരുന്നുണ്ട്. ഇതിന്റെ കണക്കെടുത്ത് അധിക ജീവനക്കാരെ മാറ്റി നിയമിക്കും. ഇ-ഓഫിസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന വിഭാഗങ്ങളിൽ നിന്നു ടൈപ്പിസ്റ്റുമാരെ മാറ്റി നിയമിക്കും.

∙ പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും അധികമുള്ള ക്ലറിക്കൽ ജീവനക്കാരെ മറ്റു വകുപ്പുകളിൽ നിയമിക്കും.

∙ ക്ഷേമനിധികൾ, കമ്മിഷനുകൾ, അതോറിറ്റികൾ, സൊസൈറ്റികൾ തുടങ്ങി ഒരേ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒറ്റ ഭരണ സംവിധാനമാക്കും.

∙ സ്റ്റാറ്റ്യൂട്ടറി അല്ലാത്ത ജുഡീഷ്യൽ കമ്മിഷനുകളുടെ പ്രവർത്തനത്തിന് ഏകോപിത ഓഫിസ് സംവിധാനം മാത്രമാക്കും.

∙ സർക്കാർ വാഹനങ്ങളുടെ വിവരം ധനവകുപ്പിന്റെ വെബ്സൈറ്റിലെ ‘വീൽസ്’ എന്ന വെഹിക്കിൾ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തണം. ഇതിന്റെ അടിസ്ഥാനത്തിലേ ഇനി മുതൽ സർക്കാർ വാഹനങ്ങളുടെ വാങ്ങൽ, പരിപാലനം, വിൽപന, ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കൽ എന്നിവ പാടുള്ളൂ

∙ ഔദ്യോഗിക യാത്രാച്ചെലവുകളുടെ വിവരങ്ങൾ സമർപ്പിക്കുന്നതിനും പരിശോധിച്ചു പണം നൽകുന്നതിനും ഏകീകൃത ഓൺലൈൻ സംവിധാനം നടപ്പാക്കും.

∙ ഓഫിസുകളിലും സ്ഥാപനങ്ങളിലും സൂക്ഷിക്കേണ്ടതില്ലാത്ത സാധനങ്ങൾ വരുന്ന 3 മാസത്തിനുള്ളിൽ ഓൺലൈനിലൂടെ ലേലം ചെയ്യണം.

∙ ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും കെട്ടിട സൗകര്യങ്ങളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന സ്ഥലം എത്രയുണ്ടെന്നു കണ്ടെത്തി വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നവയെ അവിടേക്കു മാറ്റണം.

∙ സർക്കാർ ഭൂമിയുടെ പാട്ടത്തുക അടിയന്തരമായി പിരിച്ചെടുക്കാൻ മിഷൻ മോഡിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഭൂമിയുടെ കമ്പോള വില അനുസരിച്ചു പാട്ടത്തുക കണക്കാക്കും. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കും.

∙ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവൃത്തിയുടെയും സപ്ലയറുടെയും ബില്ലുകൾ നവംബർ 1 മുതൽ ബിൽ ഡിസ്കൗണ്ടിങ് സംവിധാനത്തിലേക്കു മാറ്റും.

English summary: Kerala Govt expense control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com