ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ മാർച്ചിൽ യുഎഇ കോൺസുലേറ്റ് 8,000 മതഗ്രന്ഥങ്ങൾ എത്തിച്ച വിവരം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസിനെ അറിയിച്ചിരുന്നില്ലെന്നു സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജൻസികൾ കണ്ടെത്തി.

ചട്ടങ്ങൾ മറികടന്ന് എത്തിച്ച മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് എവിടെയൊക്കെയെന്നും അന്വേഷണം തുടങ്ങി. 32 എണ്ണം വീതമുള്ള 250 ബോക്സുകളാണ് എത്തിയത്. ഇതിൽ 1,024 മതഗ്രന്ഥങ്ങളാണു മന്ത്രി കെ.ടി.ജലീലിനു കൈമാറിയത്. ബാക്കി 6,976 എണ്ണം (218 ബോക്സ്) എവിടെ എന്നാണ് അന്വേഷിക്കുന്നത്.

നയതന്ത്ര ചാനൽ വഴി എത്തുന്ന ബാഗേജുകളെക്കുറിച്ചു സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണു ചട്ടം. പലപ്പോഴും ഇതു തത്സമയം ചെയ്യാറില്ലെങ്കിലും പിന്നീടു രേഖാമൂലം അറിയിക്കാറുണ്ട്. എന്നാൽ, മാർച്ച് 4 ന് എത്തിയ പാക്കറ്റുകളെക്കുറിച്ച് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസിനു വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ദുബായിൽനിന്നു കോൺസൽ ജനറലിന്റെ പേരിൽ നയതന്ത്ര ബാഗേജ് വഴിയാണു മതഗ്രന്ഥങ്ങൾ എത്തിയത്. കസ്റ്റംസ് ക്ലിയറൻസിനു ശേഷം ഇവ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിലാണു കൊണ്ടുപോയത്. അതിൽ 32 ബോക്സുകൾ 3 മാസത്തിനു ശേഷം ജലീലിനു കൈമാറി. കോൺസുലേറ്റിൽ ഏതാനും പാക്കറ്റുകൾ ബാക്കിയുണ്ടെന്നു വിവരമുണ്ടെങ്കിലും പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്ക് അനുമതി ലഭിച്ചിട്ടില്ല.

സി–ആപ്റ്റിലെത്തിച്ച 32 പാക്കറ്റുകളിൽ ഒരെണ്ണം പൊട്ടിച്ച് 26 മതഗ്രന്ഥങ്ങൾ അവിടത്തെ ജീവനക്കാർക്കു നൽകിയെന്നും ബാക്കി മലപ്പുറത്തേക്ക് സി–ആപ്റ്റിന്റെ വാഹനത്തിൽ കൊണ്ടുപോയെന്നുമാണു മന്ത്രി ജലീൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ അറിയിച്ചത്. നേരത്തേ സി–ആപ്റ്റ് ജീവനക്കാരിൽ നിന്ന് ഇഡി മൊഴിയെടുത്തിരുന്നു. മലപ്പുറത്തേക്കു കൊണ്ടുപോയവ വിതരണം ചെയ്തിട്ടില്ലെന്നും 2 സ്ഥാപനങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണെന്നും ജലീൽ ഇഡിയെ അറിയിച്ചിട്ടുണ്ട്.

ഒരു മതഗ്രന്ഥത്തിന്റെ തൂക്കം 567 ഗ്രാം ആണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. 4478 കിലോഗ്രാമാണു ഡിപ്ലോമാറ്റിക് ബഗേജ് രസീത് പ്രകാരം പാഴ്സലുകളുടെ ഭാരം. ഇതിൽ 250 പാക്കറ്റുകളുണ്ടായിരുന്നു.

അന്വേഷണം ജലീലിനെതിരായ 2 പരാതികളിന്മേൽ

തിരുവനന്തപുരം∙ മന്ത്രി കെ.ടി. ജലീലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ‍ഡി) നടത്തുന്നതു കേരളത്തിൽ നിന്നുള്ള 2 പരാതികളിന്മേലുള്ള അന്വേഷണം. 

ജലീലിനു സ്വർണക്കടത്തിൽ പങ്കുണ്ടെന്നും ബെനാമി സ്വത്തുണ്ടെന്നും കാണിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്നു യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരും നൽകിയ പരാതികളാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇഡിക്കു കൈമാറിയത്. 

ജലീലിനെതിരെ 9 പരാതികളാണു ലഭിച്ചത്. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി ഉൾപ്പെടെയുള്ളവർ മന്ത്രിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പരാതി നൽകിയിരുന്നു.

ജലീലിനു യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണക്കടത്തിൽ പങ്കുണ്ടെന്നും പ്രളയത്തിനു ശേഷം സന്നദ്ധ സംഘടനകൾക്കായി ഗൾഫിൽനിന്നു പണം പിരിക്കാൻ നേതൃത്വം നൽകിയെന്നുമാണു കെ. സുരേന്ദ്രൻ നൽകിയ പരാതി.

യുഎഇ കോൺസൽ ജനറലിൽ നിന്നു വിദേശസഹായ നിയന്ത്രണ നിയമം ലംഘിച്ച്‌ 5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സ്വീകരിച്ചത് 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് ശിക്ഷാർഹമാണ്– സിദ്ദിഖ് പരാതിയിൽ പറയുന്നു.

English summary: K.T.Jaleel; Quran parcel case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com