ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് ഭവന പദ്ധതി അഴിമതിയിൽ മുഖ്യമന്ത്രിക്കുള്ള കമ്മിഷനെക്കുറിച്ച് അറിയാൻ മകൾ വീണാ വിജയനെ ചോദ്യം ചെയ്യണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണത്തിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാനസിക നില തെറ്റി എന്തും വിളിച്ചു പറയുന്ന പ്രത്യേക മാനസികാവസ്ഥയുള്ള ആളെ പ്രസിഡന്റ് ആക്കിവയ്ക്കാമോ എന്ന് ആ പാർട്ടിയാണു ചിന്തിക്കേണ്ടതെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു. 

പത്രസമ്മേളനത്തിൽ ബിജെപി നേതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ അൽപസമയം മിണ്ടാതിരുന്ന മുഖ്യമന്ത്രി ‘മറുപടി പറയാതിരുന്നാൽ അതൊരു വാർത്തയാകുമല്ലോ. അതിരിക്കട്ടെ’ എന്നാണ് ആദ്യം പ്രതികരിച്ചത്. പിന്നീട്, സുരേന്ദ്രന് മാനസിക നില തെറ്റിയെന്നു പറഞ്ഞ മുഖ്യമന്ത്രി, അയാൾക്ക് ഒരു ദിവസം രാത്രി എന്തെങ്കിലും തോന്നുന്നത് വിളിച്ചു പറയുന്ന പ്രത്യേക മാനസികാവസ്ഥയാണെന്നും അതിനു താൻ മറുപടി പറയേണ്ടതില്ലെന്നും സുരേന്ദ്രനല്ല, പിണറായി വിജയനെന്നും പറഞ്ഞു. സുരേന്ദ്രനോടു പറയേണ്ടതു പത്രസമ്മേളനത്തിൽ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ മാധ്യമപ്രവർത്തകർ മറ്റു ചോദ്യങ്ങളിലേക്കു കടന്നെങ്കിലും അതു വിട്ടോയെന്നും അതങ്ങനെ വിടാൻ പാടില്ലെന്നും പറ‍ഞ്ഞു മുഖ്യമന്ത്രി വിമർശനം രൂക്ഷമാക്കി.

‘ഒരു അടിസ്ഥാനവുമില്ലാതെയാണ് മാനസിക നില തെറ്റി എന്തും വിളിച്ചു പറയുന്നത്. സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും മര്യാദകളുമില്ലേ? എന്തടിസ്ഥാനം എന്നു പറയേണ്ടേ? എൽഡിഎഫ് സർക്കാരിന്റെ അഴിമതി തീണ്ടാത്ത പ്രതിഛായ തകർക്കാനാണ് ശ്രമം. പ്രചാരണങ്ങൾ ഏശാതായപ്പോൾ മുഖ്യമന്ത്രി കഴിവുകെട്ടവനാണെന്നും കുടുംബം അഴിമതിയുടെ പ്രതീകമാണെന്നും വരുത്താൻ ശ്രമം നടത്തുകയാണ്. അതുകൊണ്ട് ഞാനോ എന്റെ മകനോ മകളോ അഴിമതിക്കാരാവുമോ? 

ഞങ്ങളൊക്കെ വളർന്നു വന്ന ശീലം അഴിമതിക്കെതിരെയാണ്. പല ആരോപണങ്ങൾ വന്നപ്പോഴും തല ഉയർത്തി വർത്തമാനം പറയാനായതും അതുകൊണ്ടാണ്. ഇതുവരെ സർക്കാരിനെതിരെ ഏതെങ്കിലും അഴിമതി നിയമസഭയിലടക്കം ഉന്നയിക്കാനാകാത്ത പ്രതിപക്ഷം കഥകൾ മെനയുകയാണ്- മുഖ്യമന്ത്രി പറ‍ഞ്ഞു.

 

ജലീലിനു പിന്തുണ ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരം ശക്തമായിരിക്കെ, ജലീലിനുള്ള ഉറച്ച പിന്തുണ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതു വലിയ കാര്യമായി കാണേണ്ടെന്നും ജലീൽ തെറ്റുകാരനല്ലെന്നു സമൂഹത്തിനു വ്യക്തത വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജലീൽ വിദേശ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടതിലും മതഗ്രന്ഥം സ്വീകരിച്ചു വിതരണം ചെയ്തതിലും ചട്ടലംഘനം ഉണ്ടെന്നാണു കേന്ദ്ര നിഗമനം എന്നു ചൂണ്ടിക്കാട്ടിയപ്പോൾ ഒരു നിയമത്തിനും വിരുദ്ധമല്ലെന്നാണു തന്റെ ബോധ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‌‘ജലീലിനോട് നേരത്തേ വിരോധമുള്ള ചിലരുണ്ട്. അതിന്റെ പേരിൽ തേജോവധം പാടില്ല. മറ്റൊരു രാഷ്ട്രീയ കക്ഷിയിൽ നിന്ന് എൽഡിഎഫിനൊപ്പം വരാൻ തയാറായതിലുള്ള പക ഒരു കാലത്തും ചിലർക്കു വിട്ടുമാറില്ല. പ്രത്യേകിച്ചും അപ്പുറത്തു നേതൃത്വം വഹിക്കുന്നവർക്ക്. ബിജെപിക്കും മുസ്‌ലിം ലീഗിനും ഒരു രീതിയിൽ കാര്യങ്ങൾ നീക്കാൻ ജലീൽ എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രചാരണം സാധാരണ കാര്യമാണെങ്കിലും ഇത് അപവാദ പ്രചാരണമാണ്. ഖുർആനും  സക്കാത്തും ജലീൽ ചോദിച്ചു വാങ്ങിയതല്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ സാംസ്കാരിക രീതി അനുസരിച്ച് കോൺസുലേറ്റ് ജലീലിനു വിതരണം ചെയ്യാൻ നൽകിയതാണ്. സഹായം തേടിയപ്പോൾ ന്യൂനപക്ഷ ക്ഷേമ മന്ത്രി എന്ന നിലയിൽ ജലീൽ ചെയ്തു കൊടുത്തു. അതെങ്ങനെ തെറ്റാകും’- മുഖ്യമന്ത്രി പറ‍ഞ്ഞു.

നാട്ടിൽ തന്നെ ലഭിക്കുന്ന മത ഗ്രന്ഥം വിദേശത്തു നിന്നു വരുത്തിക്കൊടുത്തതു സംബന്ധിച്ചും ആരോപണമുണ്ടെന്നു ചൂണ്ടിക്കാട്ടിയപ്പോൾ നമ്മുടെ നാട്ടിൽ കിട്ടുന്ന സാധനം കൊടുത്തു കൂടെന്നുണ്ടോയെന്നായിരുന്നു പ്രതികരണം.

വിദ്യാർഥികൾക്കു വിതരണം ചെയ്യാനായി യുഎഇയിൽ നിന്നു 17 ടൺ ഈന്തപ്പഴം ഇറക്കുമതി ചെയ്തതിലും കള്ളക്കടത്തിനു സാധ്യതയില്ലേ എന്ന ചോദ്യത്തിന് അതു കൊണ്ടുവന്നവർ ഉത്തരം പറയണമെന്നു പ്രതികരിച്ച മുഖ്യമന്ത്രി അനാവശ്യ സംശയം കൊണ്ടുനടക്കരുത് എന്നും ഉപദേശിച്ചു.

English summary: Pinarayi Vijayan against K.Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com