റീസർവേയിലെ വിസ്തീർണ വർധന: പരാതി പരിഹരിക്കാൻ മാർഗനിർദേശം

Kasargod News
SHARE

തിരുവനന്തപുരം ∙ റീസർവേ രേഖകളിൽ ഭൂമിയുടെ വിസ്തീർണം വർധിക്കുന്ന സന്ദർഭങ്ങളിൽ പോക്കുവരവ് തടസ്സപ്പെടുന്നു എന്ന പരാതികൾ പരിഹരിക്കാൻ റവന്യു വകുപ്പിന്റെ മാർഗനിർദേശങ്ങളായി. ഇതു പ്രകാരം, 5 ശതമാനത്തിൽ കൂടാത്ത വിസ്തീർണ വ്യത്യാസ കേസുകളിൽ ഭൂരേഖ തഹസിൽദാർക്കും 5 ശതമാനത്തിൽ കൂടുന്ന കേസുകളിൽ  കലക്ടർക്കും തീർപ്പു കൽപിക്കാമെന്നു വ്യക്തമാക്കി ഉത്തരവിറക്കി.  റീസർവേയിലൂടെ സ്വകാര്യ ഭൂമി വർധിക്കുന്ന സന്ദർഭങ്ങളിൽ ഇതിനോടു ചേർന്നുള്ള പുറമ്പോക്കുകളുടെയും മറ്റു സർക്കാർ ഭൂമികളുടെയും വിസ്തീർണവും അളവുകളും കുറഞ്ഞിട്ടില്ലെന്നു പരിശോധിച്ച ശേഷമാകണം നടപടി. 

ഉദാഹരണത്തിന് ഒരു വ്യക്തിക്ക് കൈവശരേഖ പ്രകാരം 50 സെന്റ് ഭൂമി ഉണ്ടായിരിക്കുകയും റീസർവേയെത്തുടർന്ന് 2.5 സെന്റ് വരെ (5%) വിസ്തീർണം വർധിക്കുകയും ചെയ്തതായി കണ്ടാൽ അത്തരം പരാതികൾ പരിഹരിക്കുന്നതു ഭൂരേഖ തഹസിൽദാർ ആയിരിക്കും.  2.5 സെന്റിൽ കൂടുതൽ (5 ശതമാനത്തിലേറെ)  വ്യത്യാസം ഉണ്ടാകുന്ന കേസിൽ തീർപ്പ് കൽപിക്കേണ്ടത് കലക്ടറാണ്. 

സംസ്ഥാനത്തെ വിവിധ താലൂക്ക് ഓഫിസുകളിലെ അഡീഷനൽ തഹസിൽദാർമാർക്കു മുന്നിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന 6 ലക്ഷത്തിലേറെ പരാതികളിൽ വലിയൊരു ഭാഗം പരിഹരിക്കാൻ ഉത്തരവ് വഴിയൊരുക്കും.

റീസർവേ രേഖകളിലെ  വിസ്തീർണം അടിസ്ഥാനരേഖയായി മാത്രമേ ഭൂമി പോക്കുവരവ് ചെയ്യാവു എന്ന് റവന്യു ബോർഡ് (സർവേ) സെക്രട്ടറി 1991 സെപ്റ്റംബർ 18ന് സർക്കുലർ ഇറക്കിയിരുന്നു. പോക്കുവരവ് ചെയ്യുന്ന വിസ്തീർണം റീസർവേ  രേഖകളും അതിനോട് അനുബന്ധമായി തയാറാക്കിയിട്ടുള്ള സർവേ രേഖകളും പ്രകാരം നിർണയിക്കേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, റീസർവേയെത്തുടർന്ന് രേഖകൾ തയാറാക്കുമ്പോൾ ഒരാളുടെ കൈവശഭൂമിയിലെ വിസ്തീർണ വ്യത്യാസം അനുവദനീയമായ അളവിൽ കൂടുന്ന കേസുകളിൽ കേരള സർവേ അതിരടയാള ചട്ടങ്ങളിലെ ചില വകുപ്പുകൾ തെറ്റായി വ്യാഖ്യാനിച്ച് റവന്യു ഉദ്യോഗസ്ഥർ പോക്കുവരവ് തടസ്സപ്പെടുത്തുകയും പരാതികൾ വർധിക്കുകയും ചെയ്തിരുന്നു.

വിസ്തീർണത്തിൽ വ്യത്യാസം വരുന്നത് 

രാജഭരണ, ബ്രിട്ടിഷ്ഭരണ കാലഘട്ടങ്ങളിൽ കോൽ കണക്ക്, ചങ്ങല അളവ് എന്നിവ ഉപയോഗിച്ചാണ് ഭൂമി അളന്നു തിരിച്ചിരുന്നത്. ഇത്തരം അളവുകൾക്കു ന്യൂനതകളുണ്ടായിരുന്നു. റീസർവേ നടപ്പാകുകയും ആധുനിക യന്ത്രസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തതോടെ ഒരു വ്യക്തിയുടെ കൈവശമിരിക്കുന്ന ഭൂമിയിൽ കുറവോ കൂടുതലോ വരാമെന്ന സ്ഥിതിയായി.

ഇങ്ങനെ ഭൂമി അധികമായി കിട്ടിയവർക്ക് അധികഭൂമിക്കു കരം അടയ്ക്കാൻ മുൻകാലങ്ങളിൽ അനുവദിച്ചിരുന്നുവെങ്കിലും പിൽക്കാലത്ത് റവന്യു ഉദ്യോഗസ്ഥർ ഇതിനു തയാറായില്ല. അധികഭൂമി സർക്കാർ ഏറ്റെടുക്കണമെന്നോ ഇതിനു വില വാങ്ങണമെന്നോ ആയിരുന്നു സർവേ വകുപ്പിന്റെ അഭിപ്രായം. എന്നാൽ, സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതു നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും പഴയതും ആധുനികവുമായ അളവുകളിലെ കൃത്യതയുമായി ബന്ധപ്പെട്ടുള്ള വിസ്തീർണ വ്യത്യാസങ്ങളാണെന്നും ലാൻഡ് റവന്യു കമ്മിഷണറേറ്റ് വിലയിരുത്തി.

ഇത് അംഗീകരിച്ചാണ് സർവേ അതിരടയാള ചട്ടങ്ങൾ വ്യക്തമാക്കിയും 1991ലെ സർക്കുലറിന് വ്യക്തത വരുത്തിയും ഇപ്പോൾ റവന്യു വകുപ്പിന്റെ ഉത്തരവ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA