ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിന് അംഗീകാരം

sree-narayana-guru
SHARE

തിരുവനന്തപുരം∙ബിരുദ,ബിരുദാനന്തര ബിരുദ കോഴ്സുകളുടെ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് റജിസ്ട്രേഷനും പൂർണമായും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്കു കീഴിലാക്കുന്ന വ്യവസ്ഥ അടങ്ങുന്ന ഓർഡിനൻസിനു മന്ത്രിസഭയുടെ അംഗീകാരം.

ഓർഡിനൻസിൽ ഗവർണർ ഒപ്പു വച്ചു വിജ്ഞാപനം ഇറക്കുന്നതോടെ യുജിസിയുടെ അനുമതി ലഭിച്ചാൽ പോലും കേരളത്തിലെ മറ്റു സർവകലാശാലകൾക്കു വിദൂര വിദ്യാഭ്യാസമോ പ്രൈവറ്റ് റജിസ്ട്രേഷനോ നടത്താനാവില്ല. എൻജിനീയറിങ് കോളജുകളുടെയും മെഡിക്കൽ കോളജുകളുടെയും അഫിലിയേഷൻ സാങ്കേതിക,ആരോഗ്യ സർവകലാശാലകളിലേക്കു മാറ്റിയ മാതൃകയിലാണ് ഈ വ്യവസ്ഥ.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലൂടെ വിദ്യാർഥികൾക്കു ലോകത്ത് എവിടെ നിന്നും ഓൺലൈനായി പഠിച്ചു ബിരുദം നേടാം. വിദേശ സർവകലാശാലകളുടെ മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി ഓപ്പൺ സർവകലാശാലയിൽ സൈബർ കൗൺസിലും ഉണ്ടാകും. സൈബർ വിദഗ്ധർ അടങ്ങുന്ന ഈ കൗൺസിലായിരിക്കും സർവകലാശാലയിലെ കംപ്യൂട്ടർവൽക്കരണം ഉൾപ്പെടെ എല്ലാ സൈബർ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുക.

നിലവിലുള്ള 17 ബിരുദ കോഴ്സുകൾക്കു പുറമേ പുതിയ സർവകലാശാലയിൽ പരിസ്ഥിതി പഠനവും ( എൻവയൺമെന്റൽ സ്റ്റഡീസ്), നിയമ പഠനവും (എൽഎൽബി) കൂടി ഉൾപ്പെടുത്തി.പിന്നീട് ഇവയുടെ പിജി കോഴ്സുകളും തുടങ്ങും. സർവകലാശാലയ്ക്കു നാലു മേഖലാ കേന്ദ്രങ്ങൾ ഉണ്ടാകും.അവ എവിടെയൊക്കെയെന്നു വ്യക്തമാക്കിയിട്ടില്ല.സർവകലാശാലയുടെ പ്രവർത്തനം ഒക്ടോബർ രണ്ടിന് ആരംഭിക്കുമെന്നതിനാൽ അതിനു മുൻപായി വൈസ് ചാൻസലർ, പ്രോവൈസ്ചാൻസലർ, റജിസ്ട്രാർ,കൺട്രോളർ,ഫിനാൻസ് ഓഫിസർ തുടങ്ങിയ പ്രധാന തസ്തികകളിലേക്കു നിയമനം നടത്തും.

കേരള,എംജി,കാലിക്കറ്റ്,കണ്ണൂർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വകുപ്പുകൾ പുതിയ സർവകലാശാലയ്ക്കു കീഴിലാകും.സയൻസ് വിഷയങ്ങളിലുള്ള കോഴ്സുകൾ നടത്തുന്നതിനു സർക്കാർ കോളജുകളുടെ ലാബ് സൗകര്യം പ്രയോജനപ്പെടുത്തും.എയ്ഡഡ് കോളജുകളുമായും ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കും.

ഡിഗ്രി,പിജി കോഴ്സുകൾക്കു പുറമേ ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്സുകളും നൈപുണ്യ വികസന കോഴ്സുകളും ഉണ്ടാകും.ചൈനീസ്,ജർമൻ,അറബിക് തുടങ്ങിയ വിദേശ ഭാഷകളുടെ പരിശീലനവും നടത്തും. വിദ്യാഭ്യാസം മുടങ്ങിയവർ,വിവിധ ജോലികൾ ചെയ്യുന്നവർ തുടങ്ങിയവർക്ക് ഓപ്പൺ സർവകലാശാലയിൽ ചേർന്നു പഠിക്കാം.

മറ്റു സർവകലാശാലകളിലെ പോലെ സെനറ്റ്, സിൻഡിക്കറ്റ്, അക്കാദമിക് കൗൺസിൽ,ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയവ ഉണ്ടാകും.സർവകലാശാലയ്ക്ക് 10 ഏക്കർ സ്ഥലം കണ്ടെത്താൻ റവന്യു വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. അതുവരെ കൊല്ലം ആശ്രാമത്തായിരിക്കും ആസ്ഥാനം. സ്ഥിരം മന്ദിരം നിർമിക്കുന്നതു വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കും.

English summary: Sree Narayana Guru open university ordinance approved

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA