ഉൾപ്പാ‍ർട്ടി വിചാരണയ്ക്ക് സിപിഎമ്മും സിപിഐയും

CPM-CPI-flags
SHARE

തിരുവനന്തപുരം∙ സ്വർണക്കടത്തും അനുബന്ധ വിവാദങ്ങളും കേന്ദ്ര അന്വേഷണങ്ങളും എൽഡിഎഫിനെയും സർക്കാരിനെയും വരിഞ്ഞു മുറുക്കുന്ന പശ്ചാത്തലത്തിൽ നേതൃ യോഗങ്ങളിലേക്ക് സിപിഎമ്മും സിപിഐയും. ‌

സിപിഐ നിർവാഹക സമിതി യോഗം 23, 24 തീയതികളിൽ ചേരും. കേരള കോൺഗ്രസി(എം)ന്റെ എൽഡിഎഫ് പ്രവേശത്തെക്കുറിച്ചുള്ള പാർട്ടി നിലപാടാണു യോഗത്തെ ശ്രദ്ധേയമാക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് 25 നും സംസ്ഥാന കമ്മിറ്റി 26 നും നടക്കും.

ഇതാദ്യമായി എകെജി ഹാൾ സംസ്ഥാന കമ്മിറ്റിക്കു വേദിയാകും. ഓൺലൈനായി ചേർന്ന കഴിഞ്ഞ രണ്ടു യോഗങ്ങൾക്കു പകരം നേരിട്ടുള്ള യോഗമാണ്. പുതിയ കേന്ദ്ര മാർഗരേഖ 21 ന് പ്രാബല്യത്തിൽ വരുന്നതോടെ 100 പേർ വരെയുളള യോഗങ്ങളാകാം. സംസ്ഥാന കമ്മിറ്റിയിൽ അതിൽ താഴെ അംഗങ്ങളേയുളളൂ. 1300 പേർക്കിരിക്കാവുന്ന എകെജി ഹാളിൽ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിക്കും.

സ്വർണക്കടത്തിനെ തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ആക്ഷേപങ്ങളുടെ കേന്ദ്ര ബിന്ദുവായതു മുതൽ മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതു വരെയുള്ള കാര്യങ്ങളിൽ സർക്കാരിനു പൂർണ പിന്തുണയാണു സംസ്ഥാന സെക്രട്ടേറിയറ്റ് നൽകി വരുന്നത്. എന്നാൽ നിരന്തര ആരോപണങ്ങൾ താഴേത്തട്ടിൽ ആശങ്കയ്ക്കും അമർഷത്തിനും കാരണമായിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിൽ അതു പ്രതിഫലിക്കുമോയെന്നത് ഉറ്റുനോക്കപ്പെടും..

ഇതിനിടെ, തന്റെ മകനെതിരായ ആരോപണത്തിനു പിന്നിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷുമാണെന്ന പരാതിയുമായി പാർട്ടിയെ സമീപിക്കാൻ പോകുന്നുവെന്ന വാർത്ത മന്ത്രി ഇ.പി.ജയരാജൻ നിഷേധിച്ചു. താനും കോടിയേരിയും തമ്മിൽ വ്യക്തിപരവും സംഘടനാപരവുമായ പ്രശ്നങ്ങൾ ഉടലെടുത്തുവെന്ന വാർത്തയിൽ കഴമ്പില്ലെന്നും പാർട്ടിക്കു മുന്നിൽ അങ്ങനെ വിഷയമില്ലെന്നും ജയരാജൻ വ്യക്തമാക്കി. വാർത്ത ജയരാജൻ തന്നെ നിഷേധിച്ചു കഴിഞ്ഞുവെന്നു കോടിയേരിയും പ്രതികരിച്ചു. 

അതേസമയം തനിക്കെതിരെ പാർട്ടിക്കുള്ളിൽ ചില നീക്കമുണ്ടെന്ന പ്രതിഷേധത്തിലാണു ജയരാജനെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. രാജിയിൽ കലാശിച്ച ബന്ധുനിയമന വിവാദം മുതൽ ഈ നീക്കമുണ്ടെന്നാണു പരാതി.

പാസ്പോർട്ട് നഷ്ടപ്പെട്ടപ്പോൾ അന്നു കോ‍ൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷിന്റെ സഹായം തേടിയെന്നല്ലാതെ അവരുമായി പിന്നീടു മകനു ബന്ധമില്ലെന്നാണു മുഖ്യമന്ത്രിയെയും പാർട്ടിയെയും ജയരാജൻ അറിയിച്ചത്. ലൈഫ്മിഷൻ ഇടപാടിൽ ഒരു ബന്ധവുമില്ലെന്നും വിശദീകരിച്ചു. അതേസമയം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതടക്കം സാഹചര്യങ്ങളെ പാർട്ടി ആശങ്കയോടെയാണു കാണുന്നത്. ബിനീഷിന്റെ കാര്യത്തിൽ കോടിയേരി പാർട്ടി പദവിയാണു വഹിക്കുന്നത്. ജയരാജൻ അതല്ല, മന്ത്രിയാണ്.

വിവാദങ്ങൾ സർക്കാരിനും മുന്നണിക്കുമുണ്ടാക്കുന്ന ചീത്തപ്പേരിൽ സിപിഐ അസ്വസ്ഥമാണ്. എന്നാൽ പരസ്യമായി എതി‍ർത്താൽ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനെ കൈവിട്ടു പ്രതിപക്ഷത്തിന് ആയുധമായെന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് ആശങ്ക. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, എൽഡിഎഫ് വിട്ടൊരു രാഷ്ട്രീയക്കളിക്കു തുനിയാൻ സിപിഐയില്ല. എന്നാൽ ഉൾപ്പാർട്ടി ചർച്ചകളിൽ ഈ മിതത്വം ഉണ്ടാകണമെന്നില്ല.

English summary: CPM, CPI meeting 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA