ADVERTISEMENT

തൃശൂർ ∙ നാലുവയസ്സുകാരൻ ശ്രീഹരിയുടെ കൈപിടിച്ച് 80 കഴിഞ്ഞ അപ്പൂപ്പൻ അങ്കണവാടിയിലെത്തിയപ്പോൾ കണ്ടത് ഒരു വീടിനുള്ളിൽ ചെറിയൊരു മുറിയിൽ കഴിയുന്ന കുട്ടികളെ. കിന്റർഗാർട്ടനുകളും ഹൈടെക് പ്ലേ സ്കൂളുകളുമുള്ള നാട്ടിൽ അങ്കണവാടി ഇങ്ങനെ മതിയോ?

അപ്പൂപ്പൻ നേരെ ബാങ്കിൽ പോയി ലോണെടുത്തു. ബാക്കി കയ്യിലുള്ളതും പെറുക്കിക്കൂട്ടി 3 സെന്റ് സ്ഥലം വാങ്ങി കോർപറേഷനു കൊടുത്തു. ദാ, പിടിച്ചോ സ്ഥലം, പണിതോളൂ ഒരു അങ്കണവാടി! ഒന്നും രണ്ടുമല്ല, 15 ലക്ഷം രൂപ വില വരുന്ന സ്ഥലം.

അപ്പൂപ്പൻ നമ്പനത്ത് രാഹുലനാണു നാട്ടിലെ കുട്ടികൾ ഒരു കാലത്തും മറക്കരുതാത്ത ഈ സമ്മാനം നൽകിയത്. ആലുംവെട്ടുവഴി കൈരളി നഗറിലെ അങ്കണവാടിയാണ് ചെറിയ മുറിയിൽ പ്രവർത്തിച്ചിരുന്നത്. കെട്ടിടം പണിയാൻ കോർപറേഷൻ പ്ലാൻ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചു. ഭൂമി ഇല്ലെന്നതായിരുന്നു തടസ്സം. സ്ഥലം കോർപറേഷനു റജിസ്റ്റർ ചെയ്തു നൽകി ആധാരം കൗൺസിലർ സുബി ബാബുവിനു രാഹുലൻ കൈമാറി.

മുൻപ് തൃശൂർ–വാളയാർ റൂട്ടിൽ ബസും ലോറിയും ഓടിച്ചിരുന്നയാളാണ് രാഹുലൻ.  സ്വന്തമായും വാഹനങ്ങളുണ്ടായിരുന്നു. ഇപ്പോൾ പേരക്കുട്ടികളോടൊപ്പം അടിച്ചുപൊളിച്ചു ജീവിതം. അപ്പോൾ അവർക്കും എന്തെങ്കിലും കൊടുക്കേണ്ടേ? രാഹുലൻ ചോദിക്കുന്നു.

രാഹുലൻ അപ്പൂപ്പന് ഒരു സ്വകാര്യ സന്തോഷം കൂടിയുണ്ട്. സ്വന്തം വീടിനു തൊട്ടടുത്താണ് അങ്കണവാടിക്കു വാങ്ങി നൽകിയ സ്ഥലം. സ്വന്തം അങ്കണത്തിൽ നിന്നാൽ പേരക്കുട്ടി ഓടിക്കളിക്കുന്നതു കാണാലോ?!

English summary: Grandfather buy land for Anganwadi in Thrissur

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com