ADVERTISEMENT

തിരുവനന്തപുരം ∙ ലൈഫ് ഭവന പദ്ധതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ യു.വി. ജോസിന് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡിഷനൽ സെക്രട്ടറിയുടെ ചുമതല കൂടി നൽകി മന്ത്രിസഭാ തീരുമാനം. പിആർഡി ഡയറക്ടർ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റി.

സർക്കാരിനെതിരായ മാധ്യമ വാർത്തകളെ വ്യാജവാർത്തകളായി മുദ്രകുത്തുന്ന പിആർഡി നിലപാടിനെതിരെ വ്യാപക വിമർശനം ഉയർ‌ന്നിരുന്നു. യു.വി. ജോസ് അറിയാതെയായിരുന്നു ഇൗ നടപടി. തുടർന്ന് മാധ്യമ വാർത്തകൾ പരിശോധിക്കേണ്ടെന്നു ഫാക്ട് ചെക് വിഭാഗത്തിന് അദ്ദേഹം കഴിഞ്ഞ ദിവസം നിർദേശം നൽകി. ഇതിനു പിന്നാലെയാണു മാറ്റം. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോറിന് പിആർഡി ഡയറക്ടറുടെ അധിക ചുമതല നൽകി.

വനംവകുപ്പ്് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്് അഡിഷനൽ ചീഫ് സെക്രട്ടറിയായി മാറ്റി. പാർലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതലയും വഹിക്കും. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞു തിരികെയെത്തുന്ന രാജേഷ് കുമാർ സിൻഹയെ വനം പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും.

 ഇൻഡസ്ട്രീസ് (കാഷ്യൂ) സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹത്തിനാണ്. സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അതോറിറ്റി കമ്മിഷണറായി നിയമിച്ചു.

തുറമുഖ സെക്രട്ടറി സഞ്ജയ് എം.കൗളിനെ ആഭ്യന്തരവും വിജിലൻസും വകുപ്പ്് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ചുമതലകൾ തുടരും.  ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ്് സെക്രട്ടറിയായി മാറ്റി നിയമിച്ചു. പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പിന്റെ അധികച്ചുമതലയും നൽകി.

ലാൻഡ് റവന്യു കമ്മിഷണർ സി.എ. ലതയെ ഫിഷറീസ് വകുപ്പ്് ഡയറക്ടറാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി കെ. ബിജുവിനെ ലാൻഡ് റവന്യു കമ്മിഷണറാക്കി നിയമിച്ചു. റവന്യു വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ (ലാൻഡ് അക്വിസിഷൻ) അധിക ചുമതല തുടരും.  ഫിഷറീസ് ഡയറക്ടർ എം.ജി.രാജമാണിക്യത്തെ കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

English summary: IAS officers transfer in Kerala

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com