ADVERTISEMENT

തൊടുപുഴ ∙ സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റിന്റെ ‘ചിരി’യിലേക്കു കരഞ്ഞുകൊണ്ടാണ് ഒൻപതാംക്ലാസുകാരി ഗായത്രി വിളിച്ചത്. തന്റെ ജീവനായ മണിക്കുട്ടി എന്ന ആടിനെ ആരോ മോഷ്ടിച്ചു എന്നും എത്രയും വേഗം കള്ളനെ പിടിച്ച് മണിക്കുട്ടിയെ തിരികെത്തരണമെന്നുമായിരുന്നു ആവശ്യം.  

റോഡരികിൽ കെട്ടിയിരുന്ന മണിക്കുട്ടി എന്ന ആടിനെ ആരോ മോഷ്ടിച്ചു കൊണ്ടുപോയപ്പോൾ തുടങ്ങിയ കരച്ചിൽ ‘കള്ളനെ പിടിക്കും’ എന്ന പൊലീസുകാരുടെ ഉറപ്പിലാണു നിർത്തിയത്.  

മണിക്കുട്ടിയെ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയിലായിരുന്നു കഴിഞ്ഞ 23 ദിവസവും. ഒടുവിൽ, മണിക്കുട്ടിക്കു പകരമാവില്ലെങ്കിലും ഇന്നലെ ഒരു ആട്ടിൻകുട്ടിയെ കിട്ടി ഗായത്രിക്ക്. തൊടുപുഴയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സ്നേഹസമ്മാനം.

അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്കാണു പൊലീസ് ഉദ്യോഗസ്ഥർ ആടിനെ വാങ്ങി നൽകിയത്. പുല്ലു തിന്നാനായി റോഡരികിൽ കെട്ടിയിട്ടിരുന്ന മണിക്കുട്ടി എന്ന ആടിനെ 23 ദിവസം മുൻപാണ് ആരോ മോഷ്ടിച്ചത്. 2 ദിവസം പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും ആടിനെ കണ്ടെത്താനായില്ല. അങ്ങനെയാണു സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റിന്റെ ‘ചിരി’ പദ്ധതിയിലേക്കു ഗായത്രി വിളിച്ചു വിവരം പറഞ്ഞത്. 

ഈ പരാതി അന്വേഷിക്കാൻ തൊടുപുഴ എസ്ഐ ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. എല്ലായിടവും അന്വേഷിച്ചെങ്കിലും മണിക്കുട്ടിയെ കണ്ടെത്താനായില്ല. തുടർന്നാണു മറ്റൊരു ആടിനെ ഗായത്രിക്കു വാങ്ങിനൽകാൻ സിഐ സുധീർ മനോഹറും എസ്ഐ ബൈജു പി.ബാബുവും ചേർന്നു തീരുമാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ അനീഷ്, സുനിൽ, സന്ദീപ് ദത്തൻ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത് തുടങ്ങിയവരും പങ്കാളികളായി. 

കരിങ്കുന്നത്തു നിന്ന് 4 മാസം പ്രായമായ ആട്ടിൻകുട്ടിയെ വാങ്ങി ഇന്നലെ ഗായത്രിക്കു വീട്ടിലെത്തിച്ചു നൽകി. മണിക്കുട്ടി എന്നു തന്നെയാണു ഗായത്രി പുതിയ കൂട്ടുകാരിയെയും വിളിക്കുന്നത്. ഇരുവരും നല്ല കൂട്ട് ആയിക്കഴിഞ്ഞു. യഥാർഥ മണിക്കുട്ടിയുടെ കള്ളനെ ഉടൻ പിടിക്കുമെന്നു തൊടുപുഴ പൊലീസ് ഉറപ്പിച്ചുപറയുന്നു.

English summary: Kerala Police donate goat for student in Thodupuzha

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com