ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ പോളിങ് ഒരു മണിക്കൂർ നീട്ടാനും കോവിഡ് പോസിറ്റീവ് ആകുന്നവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും കിടപ്പു രോഗികൾക്കും തപാൽ വോട്ട് സൗകര്യം ഒരുക്കാനുമുള്ള നിയമഭേദഗതി ഓർഡിനൻസുകൾക്കു മന്ത്രിസഭ ഗവർണറോടു ശുപാർശ ചെയ്തു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയുള്ള വോട്ടെടുപ്പ് വൈകിട്ട് 6 വരെ നീട്ടും. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ പഞ്ചായത്ത്‌രാജ്, മുനിസിപ്പൽ നിയമ ഭേദഗതികൾ നിലവിൽ വരും.

വോട്ടെടുപ്പിനോട് അടുത്തുള്ള ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നവർക്കു നേരിട്ടെത്തി വോട്ട് ചെയ്യാൻ എന്തൊക്കെ ക്രമീകരണങ്ങൾ ഒരുക്കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനാകും തീരുമാനിക്കുക. പ്രത്യേക പോളിങ് ബൂത്ത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. 

റിവേഴ്സ് ക്വാറന്റീനിൽ കഴിയേണ്ട 65 വയസ്സിനു മുകളിലുള്ളവരെ തപാൽ വോട്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും അത്തരം നിർദേശം വച്ചിട്ടില്ല. കേരളത്തിൽ ഇവരുടെ എണ്ണം കൂടുതലായതിനാൽ തപാൽ വോട്ട് പ്രായോഗികമല്ല. 

അതേസമയം, കോവിഡ് നിരീക്ഷണത്തിലുള്ളവർക്കു തപാൽ വോട്ടോ പ്രോക്സി വോട്ടോ പരിഗണിക്കാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരുന്നു.  ഏറ്റവുമടുത്ത ബന്ധുക്കളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണു പ്രോക്സി വോട്ടിങ്.

തിരഞ്ഞെടുപ്പ് കുറച്ചുനാൾ കൂടി നീട്ടിവയ്ക്കാനുള്ള സർവകക്ഷി യോഗത്തിലെ ധാരണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താകും കമ്മിഷൻ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുക. കമ്മിഷൻ നാളെ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്.

English summary: Postal vote for Covid patients 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com