സാലറി കട്ട് 6 മാസം കൂടി

salary
representative image
SHARE

തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരിൽ നിന്നും അധ്യാപകരിൽ നിന്നുമുള്ള സാലറി കട്ട് 6 മാസം കൂടി തുടരാൻ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യം അറിയിക്കാൻ ധനമന്ത്രി തോമസ് ഐസക് വിളിച്ച ഓൺലൈൻ യോഗത്തിൽ പ്രതിപക്ഷ സംഘടനകൾ ശക്തമായ എതിർപ്പ് അറിയിച്ചു.

ഇതോടെ യോഗം അവസാനിപ്പിച്ച മന്ത്രി നിർദേശങ്ങൾ ഇന്ന് എഴുതിനൽകാൻ ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ നിന്നു ജിഎസ്ടി നഷ്ടപരിഹാരം കിട്ടുന്നതിലെ അനിശ്ചിതത്വവും സാമൂഹിക സുരക്ഷാ പെൻഷൻ, ഓണക്കിറ്റ് വിതരണം എന്നിവയ്ക്കുള്ള ചെലവുമാണു സാലറി കട്ട് തുടരാൻ കാരണമെന്നു മന്ത്രി പറഞ്ഞു.

ഇതുവരെ 6 ദിവസത്തെ വീതം ശമ്പളം 5 മാസമായിട്ടാണ് ഇൗടാക്കിയത്. എന്നാൽ, 6 മാസം കൂടി സാലറി കട്ട് തുടരുമ്പോൾ ഓരോ മാസവും എത്ര ദിവസത്തെ ശമ്പളം ഇൗടാക്കുമെന്ന് അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ ജീവനക്കാർക്ക് ആശയക്കുഴപ്പമുണ്ട്. 

ഇതുവരെ പിടിച്ച ഒരു മാസത്തെ ശമ്പളവും ഇനി 6 മാസം കൊണ്ട് ഇൗടാക്കുന്ന തുകയും 2021 ഏപ്രിൽ ഒന്നിനു പിഎഫിൽ ലയിപ്പിക്കും. അതുവരെ 9 % വാർഷിക പലിശ നൽകും. ലയിപ്പിച്ചശേഷം പിഎഫ് നിരക്കിലാകും പലിശ. പെൻഷൻകാരും ജീവനക്കാരും ഉൾപ്പെടെ പിഎഫ് ഇല്ലാത്തവരിൽ നിന്നു പിടിച്ച തുക ജൂണിനു ശേഷം തുല്യ തവണകളായി അക്കൗണ്ടിൽ തിരികെ നൽകും. ഇപ്പോൾ വിലക്കിയിട്ടുള്ള ലീവ് സറണ്ടർ ആനുകൂല്യം പിഎഫിൽ ലയിപ്പിക്കണമെന്ന വ്യവസ്ഥയിൽ ഇൗ മാസം മുതൽ അനുവദിക്കും. ഇത് 2021 ജൂൺ 1 മുതലേ പിഎഫിൽ നിന്നു പിൻവലിക്കാനാവൂ. അടുത്ത സാമ്പത്തിക വർഷം ലീവ് സറണ്ടർ ജൂൺ 1 മുതൽ മാത്രം.

സാലറി കട്ടിലൂടെ പിടിക്കുന്ന തുക പിഎഫിൽ ലയിപ്പിക്കുംവരെ 9 % പലിശ നൽകേണ്ട ബാധ്യതയാണ് ഈ സർക്കാരിനുള്ളത്. പിഎഫ് ഇല്ലാത്തവർക്ക് അടുത്ത ജൂൺ മുതൽ തുക തിരിച്ചുനൽകേണ്ടതു പുതിയ സർക്കാരാണ്. 5000 കോടിയോളം രൂപയാകും ഇതിനായി വേണ്ടിവരിക. 

ശൂന്യവേതനാവധി 5 വർഷം മാത്രം

ജീവനക്കാർക്ക് 20 വർഷം ശൂന്യവേതനാവധി അനുവദിച്ചിരുന്നത് 5 വർഷമായി ചുരുക്കും. അതിനുശേഷം ഹാജരായില്ലെങ്കിൽ രാജിവച്ചതായി കണക്കാക്കും. ഇപ്പോൾ അവധി നീട്ടി വാങ്ങിയവർക്ക് ഇതു ബാധകമല്ല.

90 ദിവസം അവധിയെടുത്താൽ ആ സ്ഥാനത്തു മറ്റൊരാൾക്കു സ്ഥാനക്കയറ്റം നൽകി ഒഴിവു റിപ്പോർട്ട് ചെയ്യുന്നതു നിർത്തും. പകരം സഹപ്രവർത്തകർക്ക് അധികച്ചുമതല നൽകും.

സ്കൂൾ, കോളജ് അധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണം

∙ സ്കൂളിൽ ഒരു കുട്ടി അധികമായാൽ തസ്തിക സൃഷ്ടിക്കാൻ കഴിയുന്ന വ്യവസ്ഥ നീക്കും. തസ്തിക സൃഷ്ടിക്കാനുള്ള അന്തിമാധികാരം സർക്കാരിനായിരിക്കും. പുതിയ എയ്ഡഡ് അധ്യാപക തസ്തികകളിൽ പ്രൊട്ടക്റ്റഡ് അധ്യാപകർക്കാകും മുൻഗണന. ഒരു മാസത്തിനകം ചട്ട ഭേദഗതി.

∙ ആഴ്ചയിൽ 16 മണിക്കൂർ അധ്യാപന സമയം ഉണ്ടെങ്കിലേ കഴിഞ്ഞ ജൂൺ 1 മുതലുള്ള കോളജ് അധ്യാപക തസ്തികകൾ അംഗീകരിക്കൂ. ഇതിനും ചട്ടം ഭേദഗതി ചെയ്യും. കഴിഞ്ഞ മേയ് 31 വരെ സർക്കാർ പ്രതിനിധി കൂടി പങ്കെടുത്ത സിലക്‌ഷൻ കമ്മിറ്റി അംഗീകരിച്ച നിയമനങ്ങളും പിഎസ്‌സി നിയമന ശുപാർശ നൽകിയ തസ്തികകളും അംഗീകരിക്കും.

English summary: Salary cut Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA