ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സലിൽ എത്തിയ ഇൗത്തപ്പഴവും മതഗ്രന്ഥങ്ങളും യുഎഇ കോൺസുലേറ്റിനു പുറത്തു വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസെടുത്തു. എന്നാൽ ആരെയും പ്രതി ചേർത്തിട്ടില്ല. മന്ത്രി കെ.ടി. ജലീലിൽ നിന്നു മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുഎഇ കോൺസുലേറ്റിന്റെ പേരിൽ തീരുവയടയ്ക്കാതെ കൊണ്ടുവന്നവ കോൺസുലേറ്റിനു പുറത്തുള്ളവർക്കു കൊടുത്തതോടെ തീരുവ ഇളവിന് അർഹമല്ലാതായെന്ന നിലപാടു പ്രകാരമാണു കേസ്. ഈന്തപ്പഴം തിരുവനന്തപുരത്തെ സ്കൂളുകളിൽ വിതരണം ചെയ്തതായും 32 മതഗ്രന്ഥ പാക്കേജുകൾ സംസ്ഥാന സർക്കാർ സ്ഥാപനമായ സി ആപ്റ്റിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽ നിന്നു 30 കിലോഗ്രാം സ്വർണം പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളാണ് ഇൗ കേസുകളിലേക്കു നയിച്ചത്.

കോൺസുലേറ്റിലേക്കു വന്ന സാധനങ്ങൾ പുറത്തു പോയത് തീരുവ ഇളവ് നിബന്ധനകളുടെയും ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ടിന്റെയും ലംഘനമാണെന്നാണു കസ്റ്റംസിന്റെ നിലപാട്. യുഎഇ കോൺസുലേറ്റിലേക്ക് ഇറക്കുമതി ചെയ്ത മുഴുവൻ നയതന്ത്ര പാഴ്സലുകളെപ്പറ്റിയും കസ്റ്റംസ് അന്വേഷണം തുടങ്ങി.നയതന്ത്ര പാഴ്സലുകളിൽ, തീരുവയടയ്ക്കാതെ കൊണ്ടുവരുന്ന സാധനങ്ങൾ പൂർണമായും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനുള്ളതായിരിക്കണമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

‘കേസുകളിൽ ആർക്കൊക്കെ പങ്കുണ്ടെന്നു കണ്ടെത്തിയശേഷം അവരെ ഓരോരുത്തരായി ചോദ്യം ചെയ്യും. മൊഴികളുടെയും െതളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതി ചേർക്കുന്ന കാര്യം തീരുമാനിക്കും.’

 സുമിത്കുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ

English summary: Customs case on Quran distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com