ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട മൊഴി മന്ത്രി കെ.ടി.ജലീലിന് നിർണായകം. സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവയിൽ നിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുക.

ജൂലൈ 10നു ബെംഗളൂരുവിൽ അറസ്റ്റിലായശേഷം തുടർച്ചയായി 12 ദിവസം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും കെ.ടി.ജലീലിനെതിരായ മൊഴികളോ തെളിവുകളോ ലഭിച്ചിരുന്നില്ല. എന്നാൽ സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവയുടെ സൈബർ ഫൊറൻസിക് പരിശോധനാ ഫലം വന്നതോടെയാണു സ്വപ്ന പലതവണ ജലീലുമായി ആശയവിനിമയം നടത്തിയതായി എൻഐഎ കണ്ടെത്തിയത്.

ഇതോടെയാണു സ്വപ്നയടക്കമുള്ള പ്രതികളെക്കുറിച്ചു കെ.ടി.ജലീലിന് അറിയാവുന്ന മുഴുവൻ വിവരങ്ങളും മൊഴിയായി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്. യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടു പരിചയപ്പെടുത്തിയതുകൊണ്ടു മാത്രമാണു സ്വപ്നയുമായി ബന്ധം നിലനിർത്തിയതെന്ന അദ്ദേഹത്തിന്റെ മൊഴി വസ്തുതാപരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ ആദ്യ വിലയിരുത്തൽ.

സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്കാളിത്തം പുറത്തുവരുന്നതുവരെ അവർക്കു ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കിയില്ലെന്നാണു ജലീലിന്റെ മൊഴി. കോൺസുലേറ്റിൽ നിന്നു കൈമാറിയ മതഗ്രന്ഥങ്ങൾ അടക്കം ചെയ്ത നയതന്ത്ര പാഴ്സലിനുള്ളിൽ മറ്റൊന്നുമില്ലെന്നാണ് ഉത്തമബോധ്യമെന്നും അതങ്ങനെ തന്നെയാകണമെന്നാണു പ്രാർഥനയെന്നും ജലീൽ അന്വേഷണ സംഘത്തോടു പറഞ്ഞു.

സ്വപ്നയെ കോൺസുലേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർ കേരളത്തിലെ ഒരു മന്ത്രിക്കു പരിചയപ്പെടുത്തി നേരിട്ട് ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതു മനഃപൂർവമാണോ എന്നതും എൻഐഎ പരിശോധിക്കുന്നുണ്ട്.മന്ത്രി നൽകിയ മൊഴിയും 22ന് എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന സ്വപ്നയുടെ മൊഴിയും പൊരുത്തപ്പെട്ടാൽ മന്ത്രിയെ ഇനി എൻഐഎ വിളിച്ചുവരുത്താൻ സാധ്യതയില്ല. കെ.ടി.ജലീലിന്റേതല്ലാത്ത ഒരു ഫോൺ ഐഡിയിൽ നിന്നും ജൂൺ ആദ്യം സ്വപ്നയുടെ ഫോണിലെത്തിയ ഒരു ശബ്ദസന്ദേശത്തിനു ജലീലിന്റെ ശബ്ദവുമായുള്ള സാമ്യം അന്വേഷണസംഘങ്ങളെ കുഴയ്ക്കുന്നുണ്ട്.ആവശ്യം വന്നാൽ മന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ശബ്ദസാംപിൾ ശേഖരിച്ചു കോടതി ഉത്തരവോടെ എൻഐഎ പരിശോധനയ്ക്ക് അയച്ചേക്കും.

കൊല്ലാൻ കഴിഞ്ഞാലും തോൽപിക്കാനാവില്ല: മന്ത്രി ജലീൽ

തിരുവനന്തപുരം∙ ഏത് അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നു മന്ത്രി കെ.ടി.ജലീൽ. എതിരാളികൾക്ക് കൊല്ലാൻ കഴിഞ്ഞാലും തന്നെ തോൽപിക്കാൻ കഴിയില്ലെന്നും ജലീൽ പറഞ്ഞു. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. തന്നെ അപായപ്പെടുത്താൻ കലാപകാരികൾക്കു യാത്രാവിവരങ്ങൾ തത്സമയം നൽകുന്ന മാധ്യമങ്ങളോടു സഹതാപമുണ്ട്.

എൻഐഎ സാക്ഷിയായി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിനു മുൻപു നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിക്കാനാണെന്ന മട്ടിലാണു ചിലർ പ്രചരിപ്പിച്ചത്. 

എൻഐഎ നോട്ടിസിന്റെ പകർപ്പ് വന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി. ആകെ 19.5 സെന്റ് സ്ഥലവും പണയത്തിലുള്ള വീടും തനിക്കും ഭാര്യയ്ക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെയും പേടിക്കാനില്ല. ഒരു വാഹനമോ ഒരു പവൻ സ്വർണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകനു പടച്ചതമ്പുരാനെയല്ലാതെ മറ്റാരെയും ഭയപ്പെടാനില്ല.

English summary: K.T. Jaleel and Swapna: NIA case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com