ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേസിലെ 16 പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടാനുള്ള അപേക്ഷയിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്.

രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നതരുടെയും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെയും പങ്ക് ഇനിയും വെളിപ്പെടാനുണ്ട്. അത്രയ്ക്ക് ആഴത്തിലുള്ള ഗൂഢാലോചന കുറ്റകൃത്യത്തിന്റെ പിന്നിലുണ്ട്. പ്രതികൾ സ്വർണക്കടത്തിലൂടെ നേടിയ സ്വത്തും പണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: സി.രാധാകൃഷ്ണപിള്ള സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനമാക്കി ഇവരെ വീണ്ടും ചോദ്യം ചെയ്യും.

ഇൗ സാഹചര്യത്തിൽ പ്രതികൾക്കു ജാമ്യം നൽകരുതെന്നും എൻഐഎ ആവശ്യപ്പെട്ടു. കേസിൽ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും രാജ്യത്തിനു പുറത്തും ഗൂഢാലോചന നടന്നിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതികൾ ലോക്ഡൗൺ കാലത്തു വൻതോതിൽ സ്വർണം കടത്തിയത്.

പി.എസ്.സരിത്ത്, സ്വപ്ന, കെ.ടി റമീസ്, എ.എം. ജലാൽ, സയീദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദീൻ, മുഹമ്മദ് ഷഫീഖ്, ഹംസത്ത് അബ്ദുസലാം, ടി.എൻ. സൻജു, ഹംജദ് അലി എന്നിവരുടെ റിമാൻഡ് ഒക്ടോബർ 10 വരെയും സി.വി. ജിഫ്സൽ, പി. അബൂബക്കർ, മുഹമ്മദ് അബ്ദു ഷമീം, പി.എം. അബ്ദുൽ ഹമീദ് എന്നിവരുടെ റിമാൻഡ് ഒക്ടോബർ എട്ടു വരെയും നീട്ടി. സ്വപ്ന ഒഴികെയുള്ള മുഴുവൻ പ്രതികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കി.

English summary: NIA to question consulate officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com