ADVERTISEMENT

തിരുവനന്തപുരം ∙ എറണാകുളത്ത് അൽഖായിദ ബന്ധമുള്ള 3 പേർ പിടിയിലായതു വിരൽ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജൻസിന്റെ വീഴ്ചയിലേക്ക്. കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എൻഐഎയുടെ ഡൽഹി ഓഫിസാണു കൊച്ചി, ബംഗാൾ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എൻഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവർ അൽഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം.

തീവ്രവാദ വിരുദ്ധ സ്ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങൾക്കു മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്ക്വാഡ്.

എന്നാൽ മാസങ്ങളായി തലവനില്ല. ഇതിനു പുറമേ ഇന്റലിജൻസ് എഡിജിപിയുടെ കീഴിൽ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ കസേരകളിലും ആളില്ല.മലയാളികൾ ഉൾപ്പെടുന്ന പ്രവർത്തനമാണെങ്കിൽ ഫോൺ, സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബർ ഡോം ബന്ധപ്പെട്ടവർക്കു വിവരം കൈമാറും. എന്നാൽ ബംഗാളിയിൽ നടത്തുന്ന ആശയ വിനിമയം സൈബർ ഡോമിനും കണ്ടെത്താൻ കഴിഞ്ഞില്ല.

പൊലീസിന് കിട്ടിയത് ഒരാളുടെ രേഖ മാത്രം

കൊച്ചി ∙ അറസ്റ്റിലായവരിൽ തിരിച്ചറിയൽ രേഖകൾ പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നത് ഒരാൾ മാത്രം. അതിഥിത്തൊഴിലാളികൾ നിർബന്ധമായി അടുത്തുള്ള സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യണമെന്നാണു നിയമം. പിടിയിലായവരിൽ വർഷങ്ങളായി പെരുമ്പാവൂരിൽ കഴിയുന്ന മുസാഫർ ഹുസൈന്റെ തൊഴിൽ കരാറുകാരൻ മാത്രമാണു പൊലീസ് സ്റ്റേഷനിൽ രേഖകൾ നൽകിയത്. മറ്റു 2 പേരുടെയും കരാറുകാർ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ലോക്ഡൗണിന്റെ തുടക്കത്തിൽ, ക്യാംപുകളിൽ പ്രശ്നങ്ങളുണ്ടായ സമയത്ത് പൊലീസും തൊഴിൽ വകുപ്പും അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങൾ േശഖരിച്ചിരുന്നു. എന്നാൽ, കോവിഡ് വ്യാപകമായതോടെ ഇതു നിലച്ചു.  നേരത്തേ പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ടതിനെ തുടർന്നും അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിച്ചുവെങ്കിലും തുടർച്ചയുണ്ടായില്ല. 

പൊലീസ് അറിഞ്ഞത് അർധരാത്രി

കൊച്ചി ∙ ഓപ്പറേഷനെപ്പറ്റി എൻഐഎ പൊലീസിനു വിവരം നൽകിയതു വെള്ളിയാഴ്ച രാത്രി 12ന്. നടപടിക്കു പൊലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് നടപടി എന്നു വ്യക്തമാക്കിയില്ല. സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ പൊലീസുകാർക്കു പുറമേ ജില്ലാ പൊലീസ് മേധാവിമാരുടെ സ്ട്രൈക്കിങ് ഫോഴ്സും കൺട്രോൾ റൂം അംഗങ്ങളും പങ്കെടുത്തു.

English summary: Al-Qaeda Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com