ADVERTISEMENT

വടക്കാഞ്ചേരി ∙ അന്തരിച്ച പാരമ്പര്യ വിഷ ചികിത്സകനും ആന ചികിത്സകനുമായ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിന് നാടിന്റെ യാത്രാമൊഴി. കുമ്പളങ്ങാടുള്ള ഇല്ലത്തോടു ചേർന്ന പറമ്പിലായിരുന്നു സംസ്കാരം. മകൻ ഡോ.ശങ്കരൻ നമ്പൂതിരിപ്പാടും ജ്യേഷ്ഠ സഹോദര പുത്രൻ രവിശങ്കറും ചേർന്നു ചിതയ്ക്കു തീ കൊളുത്തി.

വ്യാഴം രാത്രി 11.50 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ അന്ത്യം. രണ്ട് മാസം മുൻപ് നവതി ആഘോഷിച്ച അദ്ദേഹം, വാർധക്യ സഹജമായ അസ്വസ്ഥതകളാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

യാത്രയായത് ആനകളെ അടിമുടി അറിഞ്ഞ ഒരാൾ. അവരുടെ കുടുംബ ഡോക്ടർ. വ്യാഴാഴ്ച രാത്രി 11.50 ന് അന്തരിച്ച പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ വടക്കാഞ്ചേരി കുളമ്പളങ്ങാട് അവണപ്പറമ്പു മനയിൽ മഹേശ്വരൻ നമ്പൂതിരിപ്പാട് കേരളത്തിലെ ആനകൾക്കുള്ള പാരമ്പര്യ ചികിത്സയുടെ ഗുരുവായിരുന്നു. അദ്ദേഹം യാത്രയായതോടെ ചികിത്സയുടെ പരമ്പരാഗത അറിവുകൂടിയാണു താൽക്കാലത്തേക്കെങ്കിലുമായി ഇല്ലാതാകുന്നത്. 

   കുമ്പളങ്ങാട് അവണപ്പറമ്പ് മനയിലെ സംസ്കാര ചടങ്ങുകൾക്കു കോവിഡ് നിയന്ത്രണം മൂലം  ഏറെപ്പേർക്കു പങ്കെടുക്കാനായില്ലെങ്കിലും ആയിരക്കണക്കിനാളുകളാണ് അനുശോചന സന്ദേശമറിയിച്ചത്. രണ്ടു മാസം മുൻപാണ് അദ്ദേഹം നവതി ആഘോഷിച്ചത്.

എൻജിനീയറിങ് പഠിച്ച് ഉദ്യോഗം നേടിയെങ്കിലും, പിന്നീട് അദ്ദേഹം പിതാവിന്റെ പാത പിൻപറ്റി പാരമ്പര്യ ചികിത്സയുടെ ലോകത്തേക്കു വന്നത്.  അവണപ്പറമ്പു മനയുടെ പ്രത്യേകത അവിടെ പണം വാങ്ങാതെയാണു ചികിത്സിക്കുക എന്നതാണ്. മരുന്നിനുപോലും പണം വാങ്ങാറില്ല. പാമ്പുകടിയേറ്റ നുറുകണക്കിനാളുകളാണ്  ചികിത്സ തേടിയെത്തിയിരുന്നത്. അവർക്കുവേണ്ട എല്ലാ സൗകര്യവും നൽകിയാണ് മനക്കാർ‌ ചികിത്സിച്ചിരുന്നത്. ആ പാരമ്പര്യം മഹേശ്വരൻ നമ്പൂതിരിപ്പാടും തുടർന്നു.

 കേരളത്തിൽ മയക്കുവെടിവച്ചു തളച്ച ആദ്യ ആനയായ കിഴക്കിവീട്ടിൽ ദാമോദരനു മയക്കുവെടിയുടെ ബാക്കിപത്രമെന്ന നിലയിൽ ദേഹത്തു സൂര്യാഘാതമേറ്റ പോലെ പൊള്ളി. ഒന്നര വർഷത്തോളം മനയിൽ നിർത്തി ചികിത്സിച്ചാണു മഹേശ്വരൻ നമ്പൂതിരിപ്പാട് ആ പ്രമുഖ കൊമ്പനെ പഴയ രൂപത്തിലാക്കിയത്.

എല്ലാ ചികിത്സാ രീതികളെയും സമന്വയിപ്പിച്ചുള്ള ആന ചികിത്സയുടെ ഉപജ്ഞാതാവും മഹേശ്വരൻ നമ്പൂതിരിപ്പാടായിരുന്നു. എന്തു ചെയ്തും മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കണമെന്നായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്.    വെറ്ററിനറി കോളജിലെ വിദ്യാർഥികൾ എപ്പോഴും ആന ചികിത്സയുടെ വഴികൾക്കായി ആശ്രയിച്ചിരുന്നത് മഹേശ്വരൻ നമ്പൂതിരിപ്പാടിനെയാണ്.

English summary: Avanapparambu Maheswaran Namboothiri funeral

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com