ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരിനും മന്ത്രി കെ.ടി.ജലീലിനുമെതിരെ പ്രതിപക്ഷവും ബിജെപിയും നടത്തുന്നത് അട്ടിമറി സമരമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ജനങ്ങളെ അണിനിരത്തി ഇതിനെ നേരിടും. ഇതുകൊണ്ടൊന്നും ജലീൽ രാജിവച്ച് ഒഴിഞ്ഞുപോകുമെന്ന് ആരും കരുതേണ്ടെന്നു കോടിയേരി പറഞ്ഞു. കോൺഗ്രസ്–ബിജെപി അക്രമങ്ങളെ തുറന്നുകാട്ടാനായി അഴീക്കോടൻ ദിനമായ 23നു മുഴുവൻ ഏരിയാകേന്ദ്രങ്ങളിലും അക്രമവിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് യോഗം  തീരുമാനിച്ചു. 

മന്ത്രിമാരെ ആക്രമിക്കുക എന്ന തലത്തിലേക്കു സമരം വളർന്നിരിക്കുന്നു. മന്ത്രി കെ.ടി.ജലീലിനും മന്ത്രി എ.കെ.ബാലനുമെതിരെ ഇത്തരം നീക്കമുണ്ടായി. ഈ സമരത്തെ സിപിഎം ഭയപ്പെടുന്നില്ല. ഇതു ചെയ്യുന്നവർ നാളെ ഒറ്റപ്പെടും. സർക്കാർ വികസന–ക്ഷേമ നടപടികളുമായി മുന്നോട്ടുപോകും. ബിജെപിയല്ല, സിപിഎമ്മാണു ശത്രുവെന്ന മുസ്‌ലിംലീഗ് ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ അവരുടെ ഭയം വ്യക്തമാണ്. എൽഡിഎഫിന്റെ തുടർഭരണസാധ്യത ഏതുവിധേനയും ഇല്ലാതാക്കാനാണ് ശ്രമം. ആർഎസ്എസ് മുതൽ എസ്‍ഡിപിഐ വരെയുള്ളവർ സിപിഎം വിരുദ്ധ സഖ്യത്തിലുണ്ട്. 

മന്ത്രി കെ.ടി.ജലീലിനെ എൻഐഎ വിളിപ്പിച്ചതു സാക്ഷിയായിട്ടാണ്. സ്വന്തം വീട്ടിൽ ഒരു തരി സ്വർണമില്ലെന്ന് ആർജവത്തോടെ പറയുന്ന ജലീൽ സ്വർണക്കടത്തു നടത്തിയെന്നെ പറഞ്ഞാൽ ആരു വിശ്വസിക്കാനാണ്? ജുഡീഷ്യൽ കമ്മിഷൻ ചോദ്യം ചെയ്തതിന്റെ പേരിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞോ? മന്ത്രിമാർ‍ക്കെതിരെ വിമോചനസമരകാലത്തു പയറ്റിയത് ആവർത്തിക്കുകയാണ്.  എല്ലാം മതിയാക്കി പിന്നോട്ടു പോകാൻ ഈ മന്ത്രിസഭ തയാറാകില്ല–കോടിയേരി പറഞ്ഞു.

∙കേന്ദ്ര അന്വേഷണം:കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോടു പരാതിയുള്ള സന്ദർഭത്തിൽ സിപിഎം പ്രതികരിക്കും. സംസ്ഥാന സർക്കാരിനു സർക്കാരിന്റെ രീതിയിലെ പ്രവർത്തിക്കാൻ കഴിയൂ. പാർട്ടിയും സർക്കാരും ഒന്നല്ല. ജലീലിനെ ചോദ്യംചെയ്തതു വെളിപ്പെടുത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി അസാധാരണമാണെന്നു മാത്രമാണു സിപിഎം പറഞ്ഞത്.

∙ലൈഫ് മിഷൻ:അക്കാര്യത്തിൽ അന്വേഷിക്കേണ്ട എന്തെങ്കിലും വിഷയം വിജിലൻസിനു ലഭിച്ചാൽ അന്വേഷിക്കും. ഇതുവരെ അങ്ങനെയൊന്നു ലഭിച്ചിട്ടില്ല. ജോസ് കെ.മാണി: യുഡിഎഫ് വിട്ട കേരളകോ‍ൺഗ്രസ്(എം) നിലപാട് സ്വാഗതാർഹമാണ്. എൽഡിഎഫ് അക്കാര്യം ചർച്ച ചെയ്യുന്നതിനു മുൻപ്  തങ്ങളുടെ രാഷ്ട്രീയ നിലപാട് ആ പാർട്ടി പ്രഖ്യാപിക്കട്ടെ.

29ന് അക്രമവിരുദ്ധ ക്യാംപെയ്ൻ

തിരുവനന്തപുരം∙യുഡിഎഫിന്റെയും ബിജെപിയുടെയും അക്രമസമരങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ  തീരുമാനിച്ചതായി ഇടതുമുന്നണി  നേതൃയോഗത്തിനുശേഷം കൺവീനർ എ.വിജയരാഘവൻ. 29ന് ജില്ലകളിൽ എൽഡിഎഫ് നേതാക്കൾ പങ്കെടുക്കുന്ന അക്രമവിരുദ്ധ ക്യാംപെയ്ൻ സംഘടിപ്പിക്കും. സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ ശക്തമായ വികാരമാണു യോഗത്തിലുണ്ടായതെന്നു കൺവീനർ പറഞ്ഞു. 

തദ്ദേശതിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. കേരളകോൺഗ്രസ്(എം) രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയശേഷം അവരുടെ കാര്യം എൽഡിഎഫ്  ആലോചിക്കും. വിവാദ വിഷയങ്ങളൊന്നും ആരും പരാമർശിച്ചില്ല. 29നു വീണ്ടും എൽഡിഎഫ് യോഗം ചേരും. 

English summary: CPM protects K.T.Jaleel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com