ADVERTISEMENT

തിരുവനന്തപുരം ∙ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും.

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യൽ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് വിഭാഗത്തിൽനിന്ന് 2019 മേയിൽ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്ക്കെതിരെയും ചില തെളിവുകൾ ലഭിച്ചു. ഇവർ രാജിവച്ചതിനു പിന്നാലെയാണു കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്‌ത് പൗരൻ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

ഇരുവരെയും പിന്നീടു ജോലിക്കെടുക്കരുതെന്നും വിലക്കുപട്ടികയിൽപ്പെടുത്തണമെന്നും കോൺസുലേറ്റിനു യുഎഇയിൽനിന്നു നിർദേശം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥ കൊച്ചിയിലേക്കു താമസം മാറിയ ശേഷവും കോൺസുലേറ്റിലെത്തി പല കാര്യങ്ങളും ചെയ്തിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.  സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകൾ ഇവർക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.

അതു മോർഫിങ്: കോടിയേരി

തിരുവനന്തപുരം ∙ സ്വപ്ന സുരേഷും മന്ത്രിപുത്രനും എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം മോർഫ് ചെയ്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘എന്തൊക്കെയാണ് മോർഫിങ് നടത്തി ഇപ്പോൾ പ്രചരിക്കുന്നത് ? നിങ്ങൾക്കെതിരെയും ഇങ്ങനെ സംഭവിച്ചാലോ ?’’ കോടിയേരി മാധ്യമപ്രവർത്തകരോടു ചോദിച്ചു. ‘ എല്ലാവരും മനുഷ്യരാണല്ലോ. ഞങ്ങൾ ഇതൊക്കെ താങ്ങും, പക്ഷേ നിങ്ങൾ താങ്ങില്ല.’

English summary: NIA to question Sivasankar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com