ADVERTISEMENT

പത്തനംതിട്ട∙ പോപ്പുലർ നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ റിയ ആൻ തോമസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച ഇവരെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പോപ്പുലറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ റിയയെ ചോദ്യം ചെയ്തു. സാമ്പത്തിക തട്ടിപ്പിൽ എന്തുമാത്രം പങ്കുണ്ടെന്ന കാര്യം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. ആദ്യം ഒളിവിലായിരുന്നെങ്കിലും പിന്നീട് നിലമ്പൂരിലെ വീട്ടിൽ തന്നെയാണ് റിയ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. 

ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. 3 ആഴ്ച സമയം അനുവദിച്ചപ്പോൾ അറസ്റ്റ് വൈകുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ, പുതിയതായി റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് നടന്നതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇന്നലെ രാവിലെയാണ് റിയയെ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിന്നീട് വൈദ്യപരിശോധനയ്ക്കു ശേഷം എസ്പി ഓഫിസിൽ എത്തിച്ച റിയയെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. 

നിക്ഷേപമുണ്ടെന്നോ തുക എത്രയെന്നോ പോലും വെളിപ്പെടുത്താൻ കഴിയാത്ത നിക്ഷേപകർ പോപ്പുലറിലുണ്ട്.  സാമ്പത്തിക തിരിമറി ആസൂത്രണം ചെയ്യുന്നതിന് പോപ്പുലർ ഉടമകളെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന് ഇതായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

ഈ പണം കടത്തിയാലും നിയമപരമായി ചോദ്യം ചെയ്യാനാവില്ലെന്ന ഉറപ്പ് ഉടമകൾക്ക് ഉണ്ടായിരുന്നു.  കോടിക്കണക്കിന് രൂപ നിക്ഷേപിച്ചവരെ സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചെങ്കിലും ഇവരിൽ പലരും പരാതി നൽകിയിട്ടില്ല.

riya

പോപ്പുലർ ഫിനാൻസ്; കുടുംബത്തിലെ 5പേരും റിമാൻഡിൽ

കോന്നി ∙ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് കൂടിപിടിയിലായതോടെ  കുടുംബത്തിലെ 5 പേരും റിമാൻഡിലായി. പോപ്പുലർ ഉടമ വകയാർ ഇണ്ടിക്കാട്ടിൽ റോയി ‍ഡാനിയേൽ(തോമസ് ഡാനിയേൽ), ഭാര്യ പ്രഭ തോമസ്, മക്കൾ ഡോ. റിനു മറിയം തോമസ്, ഡോ. റിയ ആൻ തോമസ്, റീബ തോമസ് എന്നിവരാണ് റിമാൻഡിലുള്ളത്.

കഴിഞ്ഞ ദിവസം കോന്നി പൊലീസ് ഇൻസ്പെക്ടർ പി. എസ്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂരിൽ നിന്നാണ് റിയയെ അറസ്റ്റ് ചെയ്തത്. പോപ്പുലറിന്റെ ഇരുനൂറ്റിയൻപതോളം ശാഖകളിൽ നിന്നായി 3,000 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതിയുള്ളത്. ഓസ്ട്രേലിയയിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ ഓഗസ്റ്റ് 28നാണ് ഡോ. റിനു മറിയം തോമസ്, ഇളയ മകൾ റീബ തോമസ് എന്നിവർ പിടിയിലായത്. തുടർന്ന് തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് 29ന് റോയി ഡാനിയേലും പ്രഭയും പൊലീസിനു കീഴടങ്ങുകയായിരുന്നു.

റോയി ഡാനിയേലിനെ കൊട്ടാരക്കര ജയിലിലേക്കും പ്രഭ, റിനു, റീബ എന്നിവരെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കും അയച്ചു. അവിടെ നിന്ന് ഇവരെ കഴിഞ്ഞ 8ന് വകയാറിലെ കുടുംബ വീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. പിന്നീട് തമിഴ്നാട്, ആന്ധ്രപ്രദേശ് കർണാടക തുടങ്ങിയ പ്രദേശങ്ങളിലും തെളിവെടുപ്പു നടത്തി.

English summary: Popular finance fraud 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com