ADVERTISEMENT

തിരുവനന്തപുരം ∙ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന് സർക്കാർ കാലാവധി പൂർത്തിയാക്കാറായിട്ടും അനക്കമില്ല. പദ്ധതി നടപ്പാക്കുന്നതിനുള്ള പരിഷ്കാരങ്ങൾക്കായി ഏറ്റവുമൊടുവിൽ സർക്കാർ നിയോഗിച്ച സമിതി കോവിഡ് അടക്കമുള്ള രോഗങ്ങളെക്കൂടി ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുത്തണമെന്നു ശുപാർശ നൽകിയിട്ടു മാസം രണ്ടായി. കൂടുതൽ ആശുപത്രികളെ പദ്ധതിയിലേക്ക് ആകർഷിക്കുന്നതിനായി ആശുപത്രികൾക്കു നൽകുന്ന ചികിത്സച്ചെലവ് വർധിപ്പിക്കണമെന്നും സമിതി നിർ‌ദേശിച്ചു. എന്നാൽ സർക്കാർ നടപടി എടുത്തിട്ടില്ല. 

10–ാം ശമ്പള കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ് ഇൻഷുറൻസ് പദ്ധതിക്ക് ഇൗ സർക്കാർ തുടക്കമിട്ടത്. 2017-18 ബജറ്റിൽ പദ്ധതി പ്രഖ്യാപിക്കുകയും അടുത്ത വർഷം പദ്ധതിരേഖ തയാറാക്കി ടെൻഡർ ക്ഷണിക്കുകയും ചെയ്തു. ജീവനക്കാരിൽ നിന്നു 250 രൂപയും പെൻഷൻകാരിൽനിന്നു 300 രൂപയും പ്രതിമാസം പ്രീമിയമായി ഇൗടാക്കി പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ടെൻഡറിലൂടെ കരാർ ലഭിച്ച റിലയൻസിന് ആശുപത്രികളുടെ നിസ്സഹകരണവും സർക്കാർ നിശ്ചയിച്ച കുറഞ്ഞ ചികിത്സാ നിരക്കും കാരണം മുന്നോട്ടു പോകാനായില്ല. ഇതോടെ സർക്കാർ ടെൻഡർ റദ്ദാക്കി. തുടർന്നാണു പദ്ധതി പരിഷ്കരിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചത്. 

നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പദ്ധതിക്കായി പണം കണ്ടെത്തുന്നതും പ്രതിസന്ധിയിലാണ്. 11 ലക്ഷം പേർക്കു ഗുണകരമാകുന്ന മെഡിസെപ് നടപ്പാകാത്തതിനാൽ മെഡിക്കൽ റീഇംപേഴ്സ്മെന്റ് മാത്രമാണ് ഇപ്പോൾ ജീവനക്കാർക്ക് ആശ്രയം. ഇതാകട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെങ്കിൽ‌ ഒരു വർഷത്തോളം കാത്തിരിക്കണം പണം ലഭിക്കാൻ.

രണ്ടര വർഷം; മന്ത്രിമാരുടെ ചികിത്സയ്ക്ക് 38.28 ലക്ഷം

തിരുവനന്തപുരം ∙ കഴിഞ്ഞ രണ്ടര വർഷത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ചേർന്നു ചികിത്സാ ചെലവിനത്തിൽ സർക്കാരിൽനിന്ന് എഴുതിയെടുത്തത് 38.28 ലക്ഷം രൂപ.

വി.എസ്. സുനിൽകുമാർ - 4,19,148 രൂപ

കെ. കൃഷ്ണൻകുട്ടി - 3,88,250

ടി.എം. തോമസ് ഐസക് - 3,85,072

പിണറായി വിജയൻ - 3,60,756

ജെ. മേഴ്സിക്കുട്ടിയമ്മ - 3,04,416

കെ. രാജു - 2,94,430

രമേശ് ചെന്നിത്തല - 2,82,745

കെ.കെ. ശൈലജ - 2,48,806

രാമചന്ദ്രൻ കടന്നപ്പള്ളി - 2,24,619

ജി. സുധാകരൻ - 2,02,522

ടി.പി. രാമകൃഷ്ണൻ - 1,97,603

എ.കെ. ബാലൻ - 1,28,954

മാത്യു ടി. തോമസ് - 1,18,180

എം.എം. മണി - 67,579

കെ.ടി. ജലീൽ - 50,438

പി. തിലോത്തമൻ - 49,000

എ.കെ. ശശീന്ദ്രൻ - 42,236

ഇ. ചന്ദ്രശേഖരൻ - 40,895

കടകംപള്ളി സുരേന്ദ്രൻ - 22,373 രൂപ

English Summary: Government employees insurance project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com